മേപ്പാടി: രാജ്യം കണ്ട ഏറ്റവും വലിയ മഹാദുരന്തത്തിൽ അഞ്ഞൂറിലേറെ പേരുടെയെങ്കിലും ജീവൻ നഷ്ടപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. മൂന്നാം ദിവസമായ ഇന്ന് 290 മുതദേഹങ്ങൾ കണ്ടെടുത്തപ്പോൾ 240 ഓളം പേരെ കാണാനില്ലെന്നാണ് ഏകദേശ കണക്ക്. ഇനിയാരും ജീവനോടെ രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് സൈന്യം സർക്കാരിനെ അറിയിച്ചു കഴിഞ്ഞു. മരിച്ചവരെയും കാണാതായവരെയും കൂട്ടുമ്പോഴാണ് മരിച്ചവരുടെ എണ്ണം 500 മറികടക്കുന്നത്.
.പ്രധാന ഭാഗങ്ങളായ പുഞ്ചിരിമട്ടം, മുണ്ടക്കൈ ഭാഗങ്ങളിൽ നാളെ മുതൽ തിരച്ചിലുകൾ ശക്തമാക്കും ബെയ്ലി പാലത്തിൻ്റെ പണി പൂർത്തിയായതോടെ കൂടുതൽ സാങ്കേതിക സഹായങ്ങൾ തിരച്ചിലിന് ഉപയോഗിക്കാം. സൈന്യം രണ്ട് രാപ്പകലുകൾ കഠിനാദ്ധ്വാനം ചെയ്താണ് പാലം നിർമ്മിച്ചിരിക്കുന്നത്. 24 ടൺ ഭാരം വരെ കയറ്റി കൊണ്ടുപോകാവുന്ന പാലമാണ് നിർമ്മിച്ചിരിക്കുന്നത്. ഒട്ടെറെ കോൺഗ്രീറ്റ് കെട്ടിടങ്ങൾ നിലംപൊത്തി കിടക്കുന്നുണ്ട്. വില്ലേജ് റോഡ് പരിസരത്തു നിന്നു മാത്രം ഇന്ന് 39 മൃതദേഹങ്ങളാണ് കിട്ടിയത്. ഏറെയും കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നു എന്നതാണ് വേദനാജനകം ‘
കൂടപിറപ്പുകളടക്കം നഷ്ടപ്പെട്ടവരുടെ വിലാപങ്ങളടങ്ങുന്നില്ല. കുടുംബം ഒന്നാകെ നഷ്ടപ്പെട്ടവരാണേറെയും. എല്ലാം നഷ്ടപ്പെട്ട് ജീവൻ മാത്രം കൈയ്യിൽ പിടിച്ച് ഓടി പോന്നവർ പറയുന്നത് വേദനാജനകമാണ്. കൂടപിറപ്പുകളും കൂട്ടുകാരുമൊക്കെ കൺമുന്നിൽ മരണം തട്ടിയെടുത്തത് കണ്ടവരാണേറെയും. 25 കുട്ടികളുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി. മുണ്ടകൈയ്യിൽ നാളെ ആറിടങ്ങളിലായി തിരച്ചിൽ നടത്തും. ഇന്നും അവിശിഷ്ടങ്ങൾക്കിടയിൽ ജെസിബി ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പല ഭാഗങ്ങളിൽ നിന്നായി വീണ്ടും വീണ്ടും ശരീരങ്ങൾ കണ്ടെടുക്കുന്ന കാഴ്ചയാണ് കണ്ടത്. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പറയുമ്പോഴും അതിലേറെ അന്യ സംസ്ഥാന തൊഴിലാളികളെ പ്രദേശത്തുനിന്നും കാണാനില്ലെന്നും പരിസരവാസികൾ പറയുന്നു.