കോഴിക്കോട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് മുസ്ലിം ലീഗ് പ്രഖ്യാപിച്ച വൻ പാർപ്പിട പദ്ധതിക്ക് ശിലയിട്ടു. ശിലാസ്ഥാപനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
105 വീടുകളാണ് മുസ്ലിം ലീഗ് നിർമിച്ചുനല്കുന്നത്. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജിൽ വെള്ളിത്തോട് 10.5 1 ഏക്കർ സ്ഥലത്ത് ഓരോരുത്തർക്കും
1000 സ്‌ക്വയർഫീറ്റ് വീടുകളാണ് നിർമ്മിക്കുന്നത്. രണ്ടാം നിലയും പണിയാവുന്ന രീതിയിലാണ് അടിത്തറയിടുന്നത്.
ശുദ്ധജലവും റോഡും വൈദ്യുതിയും ഉറപ്പാക്കിയാണ് സ്ഥലം ഏറ്റെടുത്തത്. പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്ത് നൽകാമെന്ന സർക്കാർ വാഗ്ദാനം അനിശ്ചിതമായി നീണ്ടതിനെതുടർന്ന് മുസ്ലിം ലീഗ് സ്വന്തം നിലക്ക് സ്ഥലം വിലകൊടുത്ത് വാങ്ങുകയായിരുന്നു.
ദുരന്തബാധിത മേഖലയിൽ രക്ഷാ പ്രവർത്തനത്തോടൊപ്പം ആദ്യഘട്ടത്തിൽ 691 കുടുംബങ്ങൾക്ക് ആശ്വാസ ധനമായി 15000 രൂപയും, വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ട 56 കച്ചവടക്കാർക്ക് 50000 രൂപയും. ടാക്‌സി ജീപ്പ് നഷ്ടപ്പെട്ട നാലു പേർക്ക് ജിപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്നുപേർക്ക് ഓട്ടോയും, ഇരു ചക്ര വാഹനങ്ങളും മുസ്ലിം ലീഗ്്
നല്കിയിരുന്നു. തുടർന്നാണ് പാർപ്പിട പദ്ധതി പ്രഖ്യാപിച്ചത്. സർക്കാർ തയ്യാറാക്കിയ ലിസ്റ്റിൽനിന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. എട്ട് മാസംകൊണ്ട് ചരിത്ര ദൗത്യം പൂർത്തീകരിച്ച് താക്കോൽ കൈമാറാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാക്കൾ അറിയിച്ചു.
നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എംപി, പിവി അബ്ദുൽ വഹാബ് എംപി, ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി, അഡ്വ. പിഎംഎ സലാം, കെപിഎ മജീദ് എംഎൽഎ, ഡോ.എംകെ മുനീർ എംഎൽഎ, അഡ്വ ഹാരിസ് ബീരാൻ എംപി എന്നിവർ പരിവാടിയിൽ പങ്കെടുത്തു.