ചമ്പക്കുളം:സംസ്ഥാനത്ത് വള്ളംകളി സീസണിന് തുടക്കമിട്ടുള്ള ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവത്തില്‍ യുബിസി കൈനകരിയുടെ നടുഭാഗം ചുണ്ടനും ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ മാമ്മൂടനും ജേതാക്കളായി. രാജപ്രമുഖന്‍ ട്രോഫിയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിൽ തുഴഞ്ഞ ചെറുതന രണ്ടാം സ്ഥാനത്ത് എത്തി.രണ്ടാം ഹീറ്റ്‌സില്‍ ചെറുതന ചുണ്ടൻ നിരണം ചുണ്ടനെയാണ് പരാജയപെടുത്തിയത്.പ്രഗത്ഭരായ ടീമുകളെ പരാജയപ്പെടുത്തിയ തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ കന്നിയങ്കം ജനമനസ്സുകളെ ഒന്നടങ്കം കീഴടക്കി. മികച്ച പ്രകടനത്തിൽ തലവടി ഗ്രാമം ആഹ്ളാദത്തിലാണ്. ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനുള്ള സമ്മാനം മാമൂടൻ വള്ളത്തിൻ്റെ ക്യാപ്റ്റൻ മാസ്റ്റർ റയാൻ പാലത്തിങ്കൽ ഏബ്രഹാമിന് (5) നല്കി. തലവടി ടൗൺ ബോട്ട് ക്ലബ് ട്രഷറാറും പുണ്യാളൻ ഡെക്കറേഷൻ ഉടമയുമായ ഏബ്രഹാം പീറ്ററിൻ്റെയും സ്വപ്ന ഏബ്രഹാമിൻ്റെയും മകനാണ് റയാൻ
ജലോത്സവത്തിന് ആലപ്പുഴ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ പതാക ഉയര്‍ത്തി.കൃഷിമന്ത്രി പി. പ്രസാദ് വള്ളംകളി ഉദ്ഘാടനം ചെയ്തു. തോമസ് കെ. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കുട്ടനാട് തഹസിൽദാർ അൻവർ സ്വാഗതം ആശംസിച്ചു. മഠത്തില്‍ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും തിരുവിതാംകൂര്‍ ദേവസ്വം അധികൃതര്‍ ചടങ്ങുകള്‍ നടത്തി.തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ.അനന്തഗോപൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ജലോത്സവ സമിതി ഭാരവാഹികൾ എന്നിവർ ആശംസകൾ അറിയിച്ചു.കൊടികുന്നിൽ സുരേഷ് എംപി സമ്മാനദാനം നിർവഹിച്ചു.