പാരീസ്: ഒളിമ്പിക്സിൽ അയോഗ്യയാക്കപ്പെട്ടതിനു പിന്നാലെ ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. രാജ്യത്തെ കൂടുതൽ ദുഖത്തിലാക്കിയാണ് വിനേഷിന്റെ പ്രഖ്യാപനം.
‘എനിക്കെതിരായ മത്സരത്തിൽ ഗുസ്തി ജയിച്ചു, ഞാൻ പരാജയപ്പെട്ടു.. ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്നങ്ങളും എന്റെ ധൈര്യവും നശിച്ചു. ഇനിയെനിക്ക് ശക്തിയില്ല. ഗുഡ് ബൈ റസ്ലിങ് 2001-2024. എല്ലാവരോടും ഞാൻ എന്നും കടപ്പെട്ടിരിക്കും. ക്ഷമിക്കൂ’, തൻറെ വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് അവർ എക്‌സിൽ കുറിച്ചു.
ഒളിമ്പിക്‌സ് ഗുസ്തിയിൽ 50 കി.ഗ്രാം വിഭാഗം ഫൈനലിൽ പ്രവേശിച്ചെങ്കിലും ഭാരപരിശോധനയിൽ നൂറുഗ്രാം തൂക്കം കൂടുതൽ കണ്ടതോടെയാണ് രാജ്യത്തിന്റെ അഭിമാന താരം അയോഗ്യയാക്കപ്പെട്ടത്.
50 കിലോ ഗ്രാം ഫ്രീസ്റ്റൈൽ വിഭാഗം പ്രീ ക്വാർട്ടറിൽ നിലവിലെ ഒളിമ്പിക് ചാമ്പ്യനും നാലുവട്ടം ലോകചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാക്കിയെയും, ക്വാർട്ടറിൽ മുൻ യൂറോപ്യൻ ചാമ്പ്യനായ ഒക്സാന ലിവാച്ചിനെയും, സെമി ഫൈനലിൽ ക്യൂബയുടെ യുസ്‌നൈലിസ് ഗുസ്മാൻ ലോപ്പസിനെയും കീഴടക്കിയാണ് ഫൈനൽ പോരാട്ടത്തിന് അർഹത നേടിയ താരം ഫൈനലിൽ അമേരിക്കയുടെ സാറാ ഹിൽഡ്ബ്രാണ്ടുമായാണ് മത്സരിക്കേണ്ടിയിരുന്നത്.
ഒളിമ്പിക്സ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമായിരുന്നു.
ഹരിയാനയിൽ നിന്നുള്ള 29 കാരിയായ താരം പാരീസ് ഒഴിമ്പിക്‌സ കൂടാതെ രണ്ടു തവണ ഒളിമ്പിക്‌സിൽ മത്സരിച്ചിട്ടുണ്ട്. 2016 റിയോ ഒളിമ്പിക്‌സ, 2020 ൽ ടോക്കിയോ, ഗുസ്തിയിലുമാണ് മത്സരിച്ചത്.
2014, 2018, 2022 വർഷങ്ങളിൽ മൂന്ന് കോമൺവെൽത്ത് ഗെയിംസുകളിൽ മൂന്ന് വ്യത്യസ്ത ഭാര വിഭാഗങ്ങളിലായി മൂന്ന് സ്വർണ്ണ മെഡലുകൾ നേടി. 2018ൽ കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരവുമായിരുന്നു വിനേഷ് ഫോഗട്ട്. ഫോഗട്ടിന്റെ അയോഗ്യത ഗൂഡാലോചനയാണെന്ന ആരോപണവും ശക്്തമാണ്.