മാസപ്പടിയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന മാത്യുകുഴൽനാടൻ എംഎൽഎ യുടെ ഹർജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്.
സി.എം.ആർ.എലിനു മുഖ്യമന്ത്രി നൽകിയ വഴിവിട്ട സഹായമാണു മകൾ വീണാ വിജയനു സി..എം.ആർ.എലിൽ നിന്നു മാസപ്പടി ലഭിക്കാൻ കാരണമെന്നാണു ഹർജിയിൽ മാത്യു കുഴൽനാടൻ ഉന്നയിച്ചത്. കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണം എന്നായിരുന്നു ഹർജിയിലെ ആദ്യം ആവശ്യം. പിന്നീട് കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമന്നു നിലപാടും സ്വീകരിച്ചു.
ഹർജിയിലെ ആവശ്യം ബലപ്പെടുത്തുന്നതിന്കേന്ദ്ര സർക്കാർ സ്വകാര്യ മൈനിങ് പാട്ടക്കരാർ റദ്ദാക്കണമെന്ന് നിർദേശിച്ച ഉത്തരവ്, കെആർഇഎംഎല്ലിന് നൽകിയ പാട്ടക്കരാർ റദ്ദാക്കണം എന്ന മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ ഉത്തരവ്, സ്വകാര്യ കമ്പനികൾക്ക് നൽകിയ പാട്ട കരാറുകൾ റദ്ദാക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മൈനിങ് ജിയോളജി ഡയറക്ടർ നൽകിയ കത്ത്, അനുമതി നൽകണമെന്നാവശ്യപ്പെട്ട് എന്നു പറഞ്ഞ് കെആർഇഎംഎൽ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷ, ഭൂമിയിൽ ടൂറിസം പദ്ധതി നടപ്പിലാക്കാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് കമ്പനി നൽകിയ അപേക്ഷ എന്നിവയാണ് തെളിവായി ഹാജരാക്കിയത്.
എന്നാൽ ഇതൊന്നും വഴിവിട്ട സഹായം നൽകിയെന്നതിനു തെളിവല്ലെന്നാണ് വിജിലൻസ് പ്രോസിക്യൂട്ടർ വാദിച്ചത്.
തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും ഖനനത്തിനു സി.എം.ആർ.എൽ ഭൂമി വാങ്ങിയെങ്കിലും ഖനനാനുമതി ലഭിച്ചില്ല. പിന്നീടു മുഖ്യമന്ത്രി നേരിട്ടിടപെട്ടു റവന്യു വകുപ്പിനോട് എസ്.ശശിധരൻ കർത്തായുടെ അപേക്ഷയിൽ പുനഃപരിശോധന നടത്താൻ ആവശ്യപ്പെട്ടെന്നു വാദിച്ചു.
കോടതി വിധിക്കുപിന്നാലെ മാസപ്പടിയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ നിയമപോരാട്ടം തുടരുമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. കോടതി വിധി അപ്രതീക്ഷിതമെന്ന് അദ്ദേഹം പ്രതികരിച്ചു. ഉത്തരവിൻറെ പകർപ്പ് ലഭിച്ചശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.