തിരുവനന്തപുരം: ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കുമെന്ന് കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. ഏക സിവിൽ കോഡിൽ കോൺഗ്രസ് നിലപാട് സംബന്ധിച്ച് വ്യക്തത യില്ലാതെ വന്നത് യു.ഡി.എഫിൽ ആശയക്കുഴപ്പം രൂപപ്പെട്ടതോടെയാണ് കോൺഗ്രസ് ഉറച്ചനിലപാട് എടുത്തിരിക്കുന്നത്. ഘടകകക്ഷികളെയും സമരവുമായി സഹകരിക്കുന്ന സമാന ചിന്താഗതിയുള്ള സംഘടനകളെയും പങ്കെടുപ്പിക്കും. ബുധനാഴ്ച കെപിസിസി യോഗം ചേർന്ന് കാര്്യപരിപാടി തീരുമാനിക്കും.
എംപിമാർ, എംഎൽഎമാർ, ഡിസിസി പ്രസിഡന്റുമാർ, പോഷകസംഘടന അദ്ധ്യക്ഷന്മാർ തുടങ്ങിയവർ ബുധനാഴ്ച നടക്കാനിരിക്കുന്ന യോഗത്തിൽ പങ്കെടുക്കും. ഏക സിവിൽ കോഡിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വം നിലപാട് പരസ്യമാക്കാതിരുന്നതോടെയാണ് കേരളത്തിലും ഇക്കാര്യത്തൽ ആശയക്കുഴപ്പം ഉടലെടുത്തത്. പ്രതിപക്ഷ നേതാവ് അടക്കം സിവിൽ കോഡ് നടപ്പാക്കുന്നതിനെ വിമർശിച്ചെങ്കിലും അവ്യക്ത മാറിയിരുന്നില്ല. ഇതിനിടെ സിപിഎം സമര പ്രഖ്യാപനം നടത്തിയതും, മുസ്ലിം ലീഗിനെയും സമസ്തയെയും സമരത്തിലേക്ക് ക്ഷണിച്ചതും ചർച്ചയായി. ഹൈക്കമാൻഡ് നിലപാട് വരട്ടെയയെന്നായിരുന്നു നേതാക്കളുടെ അഭിപ്രായം. എന്നാൽ സാഹചര്യങ്ങളുടെ സമർദ്ദമാണ് പെട്ടെന്ന് നിലപാട് വ്യക്തമാക്കുന്നതിനു കാരണമായത്. ഇതിനിടെ കോൺഗ്രസ് കേന്ദ്ര നേതൃത്വവും ഏക സിവിൽകോഡ് നടപ്പിലാക്കുന്നതിനെതിരെ ഉറച്ച നിലപാടിലേക്കു നീങ്ങുന്നുവെന്നാണ് ് ഇന്ന് പാർലമെന്ററി സമിതി യോഗത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതിലൂടെ തെളിയുന്നത്.