തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ട് തള്ളി സർക്കാർ. വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ആവശ്യം. ഡിജിപി ഉന്നയിച്ച കാര്യങ്ങളിൽ അന്വേഷണം വേണമെന്നാണ് ശിപാർശ. ഇത് അംഗീകരിച്ചാൽ എഡിജിപിക്കെതിരെയും അന്വേഷണം നടക്കും. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ആഭ്യന്തര സെക്രട്ടറി ശുപാർശ നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
എഡിഡിപി സമർപ്പിച്ച പൂരംകലക്കൽ അന്വേഷണ റിപ്പോർട്ട് ഡിജിപി വിയോജന കുറിപ്പോടെയാണ് സർക്കാരിന് സമർപ്പിച്ചത്. ബുധനാഴ്ച മന്ത്രി സഭാ യോഗത്തിൽ മന്ത്രി കെ രാജൻ തൃശൂർ പൂരം വിവാദത്തിൽ പുനരന്വേണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ പാർട്ടി തീരുമാനമാണ് മന്ത്രി യോഗത്തിൽ ഉന്നയിച്ചത്.
ഇതിനിടെ പൂരം കലക്കൽ അടക്കം എ.ഡി.ജി.പിക്കെതിരെയും പോലീസിനെതിരെയും ഗുരുതരമായ ആരോപണം ഉന്നയിച്ച പി.വി.അൻവർ ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ചിനാണ് അദ്ദേഹം മാധ്യമങ്ങളെ കാണുന്നത്.
‘വിശ്വാസങ്ങൾക്കും, വിധേയത്വത്തിനും, താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. ‘നീതിയില്ലെങ്കിൽ നീ തീയാവുക’എന്നാണല്ലോ. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്’, എന്നാണ് അൻവർ ഫേസ്ബുക്കിൽ കുറിച്ചത്.