Home OPINION ARTICLES ഒരു കെ.എ.എസ്. കാരന്റെ ഡയറിയിൽ നിന്ന്

ഒരു കെ.എ.എസ്. കാരന്റെ ഡയറിയിൽ നിന്ന്

0
surjith .p


by കുന്നത്തൂർ രാധാകൃഷ്ണൻ

സുർജിത്ത് പി കെ.എ.എസ് (കേരള അഡ്മിനിസ്ട്റ്റീവ് സർവീസ്) മായി സംസാരിക്കുമ്പോൾ അനുഭവങ്ങളുടെ ബൃഹത്തായ കലവറയാണ് അനാവൃതമാകുന്നത്.

33-വയസ്സേ ആയിട്ടുള്ളൂ സുർജിത്തിന്. പക്ഷെ 50-കാരന്റെ പക്വതയും ജീവിതവീക്ഷണവും സ്വായത്തമാക്കിയിട്ടുണ്ട്. എടക്കാട്ടെ കൂട്ടുകാരുടെ സൗഹൃദങ്ങളിൽ ലയിച്ച് കളിച്ചുവളർന്ന ആ പഴയ കുട്ടി ഇപ്പോൾ കാസർകോട് ഡെപ്യൂട്ടി കളക്ടറാണ്. എടക്കാട്ടെ മുൻകാല കായിക കൂട്ടായ്മകളിൽ സുർജിത്തിന് സജീവപങ്കാളിത്തമുണ്ടായിരുന്നു. ‘സോക്കർമാനിയ’ പോലുള്ള കാൽപ്പന്തുകളി കൂട്ടായ്മകൾ ഗൃഹാതുരത്വമായി ഇപ്പോഴും ആശ്ലേഷിക്കുന്നുമുണ്ട്. സോക്കർമാനിയ പേര് സൂചിപ്പിക്കുന്നതുപോലെ ഫുട്‌ബോൾ ഭ്രാന്തന്മാരുടെ കൂട്ടായ്മയായിരുന്നു. കോഴിക്കോട് ഫുട്ബാൾ ഭ്രാന്തന്മാരുടെ നഗരമാണല്ലോ! എടക്കാടിനാണെങ്കിൽ കാൽപ്പന്തുകളിയുടെ സമ്പുഷ്ടമായ പൈതൃകവുമുണ്ട്. എത്രയെത്ര കായികക്കൂട്ടായ്മയുടെ ആവേശകരമായ കഥകൾ ഈ ഗ്രാമത്തിന് പങ്കുവെക്കാനുണ്ട്! അഖിലേന്ത്യാതലത്തിൽ അറിയപ്പെടുന്ന വല്ലത്തുകണ്ടി സുരേഷ്ബാബുവിനെ പോലുള്ളവർ എടക്കാടിന്റെ ഫുട്‌ബോൾ ഭ്രാന്തിന്റെ സംഭാവനകളാണ്. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ ഫുട്‌ബോൾ പട നയിച്ചവർ.

ആവേശകരമായ ആ ഫുട്‌ബോൾ പൈതൃകത്തിന്റെ ഇങ്ങേതലയ്ക്കലെ കണ്ണിയായിരുന്നു സുർജിത്ത്. വെയിലാറുമ്പോൾ പുല്ലാഞ്ഞിവയലും ഇപ്പോൾ മേയ്ത്ര ആശുപത്രി നിൽക്കുന്നിടവും ഗ്രാമത്തിലെ മറ്റ് ഗ്രൗണ്ടുകളും കളിക്കളമാക്കിയ ആ പുഷ്‌കലകാലം സുർജിത്തിന് ഇപ്പോഴും ആവേശം പകരുന്ന സ്മരണകളാണ്. വോളിബോളിലും അസാരം കമ്പമുണ്ട്.കളിക്കളത്തിലെ സ്പിരിറ്റ് ഔദ്യോഗിക ജീവിതത്തിലുമുണ്ട്.

പൊയിലിൽ സോമസുന്ദരന്റെയും വാഴയിൽ ബിന്ദുവിന്റെയും മകനായ സുർജിത്ത് ഈ ഗ്രാമത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ തലമുറയെ പ്രതിനിധീകരിക്കുന്നു. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയ, ഈസ്റ്റ്ഹിൽ കേന്ദ്രീയവിദ്യാലയ നമ്പർ വൺ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിൽ നിന്ന് ബിരുദമെടുത്തു. 2017-ൽ ഐഎഫ്എസ് (ഇന്ത്യൻ ഫോറസ്റ്റ് സർവീസ്) പരീക്ഷ പാസായെങ്കിലും അതിൽ തുടർന്നില്ല. 2021-ൽ കേരള അഡ്മിനിസ്ട്റ്റീവ് സർവീസിൽ( കെഎഎസ്) ചേർന്നു.ഐഎംജി തിരുവനന്തപുരം ( ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ കേരള) കേന്ദ്രീകരിച്ചായിരുന്നു പരിശീലനം. കെഎഎസ് പരിശീലനത്തിന്റെ ഭാഗമായി പശ്ചിമബംഗാൾ, സിക്കിം, മേഘാലയ, അസം, ത്രിപുര എന്നിവിടങ്ങൾ സന്ദർശിച്ചു. അവിടങ്ങളിലെ ജനസമൂഹങ്ങളുമായി ഇടപഴകി. വൈവിധ്യങ്ങളായ സംസ്‌കാരങ്ങളെ നേരിട്ടറിഞ്ഞ അനുഭവസമ്പത്തുമായിട്ടാണ് സുർജിത്ത് കേരളത്തിൽ തിരിച്ചെത്തിയത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ ഒരുമാസക്കാലം നീണ്ടുനിന്ന, 35-പേരടങ്ങുന്ന’കേരളദർശൻ’ പര്യടനവും അവിസ്മരണീയമായിരുന്നു.ഇക്കാലത്ത് അനേകം സ്ഥാപനങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞു.

വികസനരാഹിത്യമാണ് സമൂഹത്തിലെ അശാന്തിക്കും ചെറുത്തുനില്പിനും അടിത്തറ പാകുന്നതെന്ന് അദ്ദേഹം പറയുന്നു. വംശീയ സംഘർഷവും(Ethnic conflict) വിദ്വേഷവും അസഹിഷ്ണുതയും ഹിംസയുടെ പ്രത്യയശാസ്ത്രം മേധാശക്തിയാകാൻ കാരണമാകുന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല അതിനുദാഹരണമാണ്- സുർജിത്ത് ചൂണ്ടിക്കാണിക്കുന്നു . അനുഭവങ്ങളുടെയും പഠനത്തിന്റെയും വെളിച്ചത്തിലാണ് അദ്ദേഹം മേല്പറഞ്ഞ കാര്യങ്ങൾക്ക് അടിവരയിടുന്നത്.ലോകം കൂടുതൽ കൂടുതൽ ചൂഷണാധിഷ്ഠിതമാകുന്ന വർത്തമാനസന്ദർഭത്തിൽ സുജിത്തിനെ പോലുള്ള ഉന്നതഉദ്യോഗസ്ഥരുടെ വാക്കുകൾക്ക് ഏറെ പ്രാധാന്യമുണ്ട്.

2023-ലാണ് കാസർകോട് ഡെപ്യൂട്ടി കളക്ടറായി നിയമിതനായത്. പച്ചപ്പ് നിറഞ്ഞ ഗ്രാമീണാന്തരീക്ഷമാണ് കാസർകോട് ജില്ലയെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. വികസനത്തിൽ നന്നെ പിന്നാക്കമാണ് അഞ്ച് നിയമസഭാമണ്ഡലങ്ങളും മൂന്ന് മുനിസിപ്പാലിറ്റികളും മാത്രമുള്ള കാസർകോട് ജില്ല.

38- പഞ്ചായത്തുകളുള്ള ജില്ലയിൽ കോർപ്പറേഷനില്ല. ജില്ല വികസനത്തിൽ പിന്നാക്കമാണെങ്കിലും അധികം ദൂരെയല്ലാതെ എല്ലാ സൗകര്യങ്ങളുമുള്ള മംഗലാപുരം പട്ടണമുള്ളതിനാൽ കാസർകോടുകാർക്ക് നിത്യജീവിതത്തിൽ വലിയ ക്ലേശമില്ല. വേണ്ടത്ര ആരോഗ്യ/വിദ്യാഭ്യാസ സ്ഥാപനങ്ങൾ മംഗലാപുരത്തുണ്ട്.അതിനാൽ പിന്നാക്കജില്ല എന്ന ‘ടാഗ്’ എളുപ്പത്തിൽ അഴിഞ്ഞുവീഴുന്നു. എന്നാൽ അതിർത്തി ജില്ലയായതിനാൽ കാസർകോടിന് മറ്റുചില പ്രശ്‌നങ്ങളുണ്ട്.

ജില്ലയിലെ എൻഡോസൾഫാൻ ഇരകളെ പുനരധിവസിപ്പിക്കുന്ന വിഭാഗത്തിന്റെ (Rehabilitation of Endosulfan victims cell) ചുമതലയാണ് സുർജിത്തിന്. ഇരകൾക്കുവേണ്ടി പ്രവർത്തിക്കുക എന്നത് സമർപ്പിതസേവനമാണ്. ഇരകൾക്ക് ചികിൽസാസഹായം ലഭ്യമാക്കണം, നഴ്‌സുമാരെ എത്തിച്ചുകൊടുക്കണം, നഷ്ടപരിഹാരം ലഭ്യമാക്കണം… അങ്ങനെ ചുമതലകൾ വളരെയുണ്ട്. പ്രശ്‌നങ്ങൾ സങ്കീർണതയിലെത്തിക്കാതെ മുളയിലേ പരിഹരിക്കുകയാണ് ദൗത്യം. ഈ ദൗത്യം ജനങ്ങളുമായി കണ്ണിചേർക്കപ്പെടുന്നതാണ്. 1980-മുതൽ 2001-വരെയാണ് പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാവ്‌തോട്ടങ്ങളിൽ ഹെലികോപ്ടർ വഴി എന്റോസൾഫാൻ തളിച്ചത്. മൂലധനതാല്പര്യങ്ങളെ മുൻനിർത്തി വികസിപ്പിച്ച ആധുനികകൃഷിശാസ്ത്രത്തിന്റെ ദുരന്തമായിരുന്നു എൻഡോസൾഫാൻ സ്‌പ്രേ വഴി കാസർകോട് ഗ്രാമങ്ങൾ ഏറ്റുവാങ്ങിയത്. കൃഷി മൂലധന പ്രചോദിതമായ വ്യവസായമായി പരിണമിച്ചതിന്റെ ബാക്കിപത്രമാണത്. കളകളും കീടങ്ങളും നശിപ്പിക്കുകയായിരുന്നു എൻഡോസൾഫാൻ സ്‌പ്രേയുടെ ലക്ഷ്യം.

ഓർഗാനോ ക്ലോറൈഡ് വിഭാഗത്തിൽ പെടുന്ന മാരകമായ കീടനാശിനിയാണ് എൻഡോസൾഫാൻ. വായു, വെള്ളം, മണ്ണ് എന്നിവ വഴി ഈ വിഷം മനുഷ്യനടക്കമുള്ള ജീവജാലങ്ങളിൽ പരക്കുന്നു. സ്ത്രീപുരുഷന്മാരുടെ പ്രത്യുത്പാദന അവയവങ്ങളെ വിഷം ബാധിക്കുന്നു. കരൾ രോഗം, ബുദ്ധിമാന്ദ്യം, ഓർമ്മക്കുറവ്, പഠനവൈകല്യങ്ങൾ, അപസ്മാരം, ശ്വാസതടസ്സം, ചർമ്മരോഗങ്ങൾ തുടങ്ങിയവയെ വിഷം പരിപോഷിപ്പിക്കുന്നു. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ നിരാകരിക്കുന്ന എൻഡോസൾഫാൻ കോടതി ഇടപെടലിനെതുടർന്ന് സർക്കാറിന് നിരോധിക്കേണ്ടി വന്നു. പക്ഷെ അപ്പോഴേക്കും സമയം വല്ലാതെ വൈകിപ്പോയിരുന്നു. കാസർകോട് ജില്ലയിലെ പതിനൊന്ന് പഞ്ചായത്തുകളിലും എൻഡോസൾഫാൻ ഇരകളുണ്ട്. നൂറുകണക്കിന് ആളുകൾ വിഷം ബാധിച്ച് ജീവിതത്തോട് വിടപറഞ്ഞു. മരണത്തോട് മല്ലടിച്ചുകൊണ്ട് പലരും ജീവിക്കുന്നു. ഗ്രാമങ്ങളിൽ ജനിതകവൈകല്യം ബാധിച്ച കുഞ്ഞുങ്ങൾ പിറന്നുവീഴുന്നു.കാസർകോടൻ ഗ്രാമങ്ങളിൽ ഇപ്പോഴും ഉയരുന്ന അടക്കിപ്പിടിച്ച ഗദ്ഗദങ്ങൾക്ക് സാന്ത്വനം പകരുകയാണ് സുർജിത്തും സഹപ്രവർത്തകരും.
ഒരു ജനതയുടെ സ്വപ്നങ്ങൾ തല്ലിതകർത്ത എൻഡോസൾഫാൻ കീടനാശിനി നിരോധിച്ചത് സുമനസ്സുകളുടെ വ്യവഹാര ഇടപെടലിലൂടെയാണ്. എൻഡോസൾഫാൻ, ജീവിതം നരകമാക്കി മാറ്റിയ പുല്ലൂർ ഗ്രാമത്തിലെ കൃഷിഉദ്യോഗസ്ഥയായ ലീലാകുമാരിയമ്മയാണ് ആദ്യമായി കോടതിയെ സമീപിച്ചത്. പിന്നീട് ചിലസംഘടനകൾ അത് ഏറ്റെടുത്തു. മനുഷ്യരാശിക്കെതിരായ യുദ്ധമെന്ന നിലയിലാണ് എൻഡോസൾഫാൻ കീടനാശിനിയെ അവർ കണ്ടത്.

അംബികാസുതൻ മാങ്ങാടിന്റെ എൻമകജെ എന്ന നോവൽ എൻഡോസൾഫാൻ ഇരകളുടെ നേർചിത്രമാണ് അനുവാചകന് പകർന്നുനൽകുന്നത്. എൻഡോസൾഫാൻ നിരോധനത്തിൽ ഈ നോവൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എൻമകജെ ജെ. ദേവിക ‘swarga ‘എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നോവലിന് തമിഴ്, കന്നഡ പരിഭാഷകളുമുണ്ട്. എൻഡോസൾഫാൻ ഇരകളിലേക്ക് ശ്രദ്ധക്ഷണിക്കുന്ന
എംഎ. റഹ് മാന്റെ ‘അരജീവിതങ്ങൾക്കൊരു സ്വർഗം’
എന്ന ഡോക്യുമെന്ററിയും ജയരാജിന്റെ പകർന്നാട്ടം എന്ന സിനിമയും പൊള്ളുന്ന അനുഭവമാണ്.

വായന സുർജിത്തിന്റെ ജീവിതചര്യയുടെ അവിഭാജ്യഘടകമാണ്. ചരിത്രത്തോടും മറ്റു നോൺ ഫിക് ഷൻ പുസ്തകങ്ങളോടുമാണ് കൂടുതൽ താല്പര്യം. യാഥാർഥ്യത്തിന്റെ സാഹിത്യം ഔദ്യോഗികജീവിതത്തിന് കരുത്തേകുന്നതാണ്. വായനയും അനുഭവവും കൂടിച്ചേരുമ്പോൾ ആർജ്ജിതമാകുന്ന ജ്ഞാനം വെല്ലുവിളികളെ ലാഘവത്തോടെ നേരിടാൻ പര്യാപ്തമാക്കുന്നു.

ഐശ്വര്യയാണ് സുർജിത്തിന്റെ ജീവിതപങ്കാളി. ഒരു വയസ്സുള്ള വിരാജ്‌സൂര്യ മകനാണ്. സുർജിത്തിന് ഔദ്യോഗിക ജീവിതത്തിൽ ഇനിയും ഉയരങ്ങളിലെത്താനുണ്ട്. വെല്ലുവിളികളെ അവസരമാക്കി മുന്നേറാൻ ആ ചെറുപ്പക്കാരന് സാധ്യമാകട്ടെ എന്ന് ആശംസിക്കാം

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version