2004ലെ ഉത്തർപ്രദേശ് മദ്രസ എജ്യുക്കേഷൻ ആക്ടിന്റെ നിയമസാധുത ശരിവച്ച് സുപ്രിം കോടതി. നിയമത്തിനെതിരായ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണു ഉത്തരവ്.
മദ്രസ്സകൾ അടച്ചുപൂട്ടുന്നതിന്് നീക്കം നടത്തുന്ന യു.പി. സർക്കാരിനു തിരിച്ചടിയാണ്് സുപ്രിം കോടതി വിധി. മദ്രസ്സകൾ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നും പ്രവർത്തനം തുടരാമെന്നും കോടതി അറിയിച്ചു.
ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ജെ.ബി പാർദിവാല, മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്.
അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച എട്ട് ഹരജികളാണ് സുപ്രിംകോടതിക്കു മുന്നിലുണ്ടായിരുന്നത്. ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ മാർച്ചിൽ അലഹബാദ് ഹൈക്കോടതി യുപി മദ്രസാ നിയമം റദ്ദാക്കിയത്. ബാലാവകാശ നിയമത്തിനും മതേതരത്വ തത്വങ്ങൾക്കും വിരുദ്ധമാണെന്നും വിധിയിൽ സൂചിപ്പിച്ചിരുന്നു.
മുസ്ലിം മതവിഭാഗത്തിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുന്ന ഇടമാണ് മദ്രസകളെന്നത് ഹൈക്കോടതി പരിഗണിച്ചില്ലെന്നു ഹരജിക്കാർ സുപ്രിം കോടതിയിൽ വാദിച്ചു. മദ്രസ്സകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിലപാടിനും കോടതി വിധി തിരിച്ചടിയാണ്.