ന്യൂഡൽഹി: കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന ആരോപണം ഒരു സ്വത്ത് പൊളിക്കുന്നതിന് നീതികരണമല്ലെന്ന് സുപ്രിംകോടതി. നിയമം പരമോന്നതമായ ഒരു രാജ്യത്ത് ഇത്തരം പൊളിക്കൽ ഭീഷണികളെ അവഗണിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. കുടുംബാംഗങ്ങളിലൊരാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന്, മുനിസിപ്പൽ അധികൃതർ തന്റെ വീട് ബുൾഡോസർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഗുജറാത്ത് സ്വദേശിയുടെ ഹർജിയിലാണ്
കോടതിയുടെ നീരീക്ഷണം. ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, എസ്.വി.എൻ ഭാട്ടി എന്നിവർ ഉൾപ്പെട്ട ബഞ്ച് എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു.
‘ഒരു കുടുംബാംഗത്തിന്റെ തെറ്റിന് കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കോ അവരുടെ നിയമപരമായി നിർമിച്ച വസതിക്കോ എതിരെ നടപടി സ്വീകരിക്കാൻ സാധിക്കില്ല. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന ആരോപണം ഒരു വസ്തു പൊളിക്കുന്നതിനുള്ള അടിസ്ഥാനമല്ല. ആരോപിക്കപ്പെടുന്ന കുറ്റകൃത്യം കോടതിയിൽ ഉചിതമായ നിയമനടപടികളിലൂടെ തെളിയിക്കേണ്ടതുമുണ്ട്. നിയമം പരമോന്നതമായ ഒരു രാജ്യത്ത് ഇത്തരം പൊളിക്കൽ ഭീഷണികളെ അവഗണിക്കാൻ കഴിയില്ല. ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തെ നിയമങ്ങൾക്ക് മേൽ ബുൾഡോസർ ഓടിക്കുന്നതായി കണക്കാക്കും.’