Home OPINION ARTICLES നൃത്താമൃതം നുകർന്ന കലാസന്ധ്യകൾ

നൃത്താമൃതം നുകർന്ന കലാസന്ധ്യകൾ


by കുന്നത്തൂർ രാധാകൃഷ്ണൻ

എടക്കാട് ഡയറി 18

പോയകാലത്തിന്റെ ഗ്രാമീണകലാരാവുകൾക്ക് അവിസ്മരണീയമായ ചന്തം പകർന്നവർ അനവധിയാണ്.അവരുടെ ജ്വലിക്കുന്ന സ്മരണകൾ ഈ ഗ്രാമത്തിന്റെ വായുവിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. നർത്തകികൾ,അഭിനേതാക്കൾ,സംവിധായകർ,പാട്ടുകാർ,സംഗീതജ്ഞർ,ചമയക്കാർ…ഈ ഘോഷയാത്ര അനന്തമായി നീളുന്നതാണ്. ടെലിവിഷനോ ഇന്റർനെറ്റോ സ്മാർട്ട്‌ഫോണോ സ്വപ്നം കാണാൻ പോലും സാധ്യമല്ലാതിരുന്ന, വിനോദോപാധികൾ തീരേ കുറഞ്ഞ കാലത്ത് എടക്കാട് ഗ്രാമത്തെ കലാവിസ്മയത്തിന്റെ ഉത്തുംഗശൃംഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയവരാണവർ. അവരിൽ അഗ്രിമസ്ഥാനത്ത് നിൽക്കുന്ന നർത്തകിയും നൃത്താധ്യാപികയുമാണ് നാലുപുരയ്ക്കൽ സുമതിടീച്ചർ.

കരുവിശ്ശേരി നാലുപുരയ്ക്കൽ ചെല്ലത്തുകാവിൽ ശങ്കരൻകുട്ടിയുടെയും മാധവിയമ്മയുടെയും ഒമ്പതുമക്കളിൽ നാലാമത്തെ സന്തതിയായിട്ടാണ് 1949ൽ ടീച്ചറുടെ ജനനം. ചിത്രകാരനും നടനും ചിത്രകലാ അധ്യാപകനും ചമയക്കാരനുമായ നാലുപുരയ്ക്കൽ വിശ്വൻമാസ്റ്ററുടെ സഹോദരിയാണ് സുമതിടീച്ചർ. വിശ്വൻമാസ്റ്ററും സുമതിടീച്ചറും ഈ ലോകം വിട്ടു പോയെങ്കിലും അവർ സൃഷ്ടിച്ച മാസ്മരിക കലാപ്രപഞ്ചം അനുവാചകരിൽ, പ്രത്യേകിച്ച് പഴയ തലമുറക്കാരിൽ ഇപ്പോഴും ജ്വലിച്ചുനിൽപ്പുണ്ട്.
വിശ്വൻമാസ്റ്ററുടെ കുടുംബം അറുപതുകളുടെ രണ്ടാം പകുതിയിലാണ് കരുവിശ്ശേരിയിൽ നിന്ന് എടക്കാട്ടേക്ക് താമസം മാറ്റിയത്. അധികം വൈകാതെ കുടുംബം മുഴുവൻ കലാസപര്യയിൽ ആണ്ടുമുഴുകി.കലയോടുള്ള അടങ്ങാത്ത അഭിനിവേശം ആ കുടുംബത്തിന്റെ സവിശേഷതയായിരുന്നു. കലയെ ഇത്രമാത്രം ഹൃദയത്തോട് ചേർത്തുവെച്ച മറ്റൊരു കുടുംബം എടക്കാട്ടില്ല. സഹോദരിമാരായ ഭാർഗവി, സുനീതി, അജിത എന്നിവർക്കൊപ്പം സുമതിടീച്ചറുടെയും നൃത്തച്ചുവടുകളുടെ പ്രതിധ്വനികൾ ഗ്രാമത്തിന്റെ ആത്മാവിൽ പുതുചൈതന്യം പരത്തി.

സുമതിടീച്ചറുടെ വിദേശശിഷ്യ ഫ്രാൻസിസ്ക

ടീച്ചറുടെ നൃത്തയാത്ര വളരെക്കാലം നീണ്ടുനിന്നു. എവിടെ നിന്നായിരുന്നു അതിന്റെ തുടക്കം? കരുവിശ്ശേരിയിൽ കുട്ടാമൻ സ്മാരക എൽപി. സ്‌കൂളിലും നടക്കാവ് ഗേൾസ് ഹൈസ്‌കൂളിലുമായിരുന്നു സുമതിടീച്ചറുടെ വിദ്യാഭ്യാസം.പഠനം കഴിഞ്ഞ് വീട്ടിലിരിക്കെ, വിദ്യാഭിവർധിനി വായനശാലയുടെ വാർഷികം ആഘോഷിക്കാൻ ആലോചന നടക്കുന്നു. അന്ന് വിദ്യാഭിവർധിനിക്ക് സ്വന്തമായി കെട്ടിടമില്ല.ഇരുനിലകെട്ടിടത്തിന്റെ വാടകയ്‌ക്കെടുത്ത കുടുസ്സുമുറിയിലായിരുന്നു ലൈബ്രറി പ്രവർത്തിച്ചിരുന്നത്.മുറിയോട് ചേർന്ന വരാന്തയിലെ നീണ്ടമേശയിൽ ആനുകാലികങ്ങൾ നിരന്നു കിടക്കും. ഉള്ളാമ്പത്ത് പ്രഭാകരൻമേനോക്കിയാണ് ലൈബ്രേറിയൻ. വാർഷികാഘോഷത്തിന് നൃത്തനൃത്യങ്ങൾ വേണമെന്ന് പൊതുപ്രവർത്തകൻ കൂടിയായ മേനോക്കിക്ക് നിർബന്ധം.അദ്ദേഹം വിഷയം വിശ്വൻമാസ്റ്ററുടെ ശ്രദ്ധയിൽ പെടുത്തി. നൃത്തം അവതരിപ്പിക്കാൻ സ്വന്തം സഹോദരിമാരെ ചുമതലപ്പെടുത്തിക്കൊണ്ട് വിശ്വൻമാസ്റ്റർ ആ പ്രശ്‌നം പരിഹരിച്ചു. അങ്ങനെ സുമതി ടീച്ചറും സഹോദരിമാരും വായനശാലാവാർഷികം അവിസ്മരണീയമാക്കാൻ നൃത്തനൃത്യങ്ങളുടെ പരിശീലനം തുടങ്ങി.വിദ്യാഭിവർധിനി വാർഷികാഘോഷത്തിലെ നാലുപുരയ്ക്കൽ സഹോദരിമാരുടെ നൃത്തച്ചുവടുകൾ ഗ്രാമീണരുടെ കണ്ണും കരളും കവർന്നു എന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. .പിന്നെ ജ്വാല കലാമന്ദിറിന്റെ വാർഷികമായി. സുമതിടീച്ചർക്ക് ഇത്തവണ നൃത്താധ്യാപികയുടെ വേഷമായിരുന്നു. പെൺകുട്ടികളെ നൃത്തം പരിശീലിപ്പിച്ചുകൊണ്ട് ടീച്ചർ അവരെ ജ്വാല വാർഷികാഘോഷങ്ങൾക്കു സജ്ജരാക്കി. ആ നൃത്തപരിപാടികളോടെ സുമതിടീച്ചർ എടക്കാട്ടെ കലാസന്ധ്യകളിൽ നിറ സാന്നിധ്യമായി. ഗ്രാമത്തിൽ യുക്തിവാദികൾ പ്രവർത്തനം സജീവമാക്കിയ നാളുകളായിരുന്നു അത്. എടക്കാട് യൂണിയൻ എൽപി. സ്‌ക്കൂളിൽ ടീച്ചറുടെ നേതൃത്വത്തിൽ അരങ്ങേറിയ നൃത്തസന്ധ്യ യുക്തിവാദികളുടെ വാർഷികാഘോഷം അവിസ്മരണീയമാക്കി. അക്കാലത്ത് കലാസമിതികളുടെ വാർഷികാഘോഷങ്ങൾക്ക് നൃത്തങ്ങൾ അവിഭാജ്യഘടകമായിരുന്നു.പല കലാസംഘടനയുടെയും വാർഷികാഘോഷങ്ങൾ സുമതിടീച്ചറുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു.വിദ്യാലയങ്ങളുടെ വാർഷികാഘോഷങ്ങൾക്കും ടീച്ചർ കുട്ടികളെ അരങ്ങിലെത്തിച്ചിട്ടുണ്ട്.

സുമതിടീച്ചറുടെ മറ്റൊരു ശിഷ്യ ഗംഗ മക്കാഡ

വിദ്യാർഥിനിയായിരിക്കുമ്പോൾ സ്‌കൂൾ അധ്യാപകർ പകർന്നു നൽകിയ അറിവിൽ നിന്നാണ് സുമതിടീച്ചർ സ്വന്തമായ ‘നൃത്തവിദ്യ’ യുടെ സൂത്രവാക്യങ്ങൾ വികസിപ്പിച്ചെടുത്തത്. മേൽപ്പറഞ്ഞ നൃത്താനുഭവങ്ങൾ അതിന് സഹായകമായി. ആയിടെയാണ് വിശ്വൻമാസ്റ്ററുടെ നേതൃത്വത്തിൽ രൂപകല നാട്യാലയം എന്ന കലാസംഘടന രൂപീകൃതമായത്. രൂപകലയുടെ ഭക്തിസാന്ദ്രമായ നൃത്തനാടകങ്ങളിൽ സുമതിടീച്ചർക്ക് പങ്കാളിത്തമുണ്ടായിരുന്നു. ശ്രീധരൻ മുണ്ടങ്ങാടിന്റ പരിശീലനത്തിൽ ടീച്ചർ വികസിപ്പിച്ചെടുത്ത ശിവപാർവതിനൃത്തം കലാസ്വാദകർക്ക് പുത്തൻ അനുഭൂതി പകർന്നു. ശ്രീധരൻ മുണ്ടങ്ങാടിന്റ ശിഷ്യത്വം സ്വീകരിക്കാൻ ആ പരിശീലനം കാരണമായി.
പിന്നീട് കലാമണ്ഡലം ചന്ദ്രികയുടെ ശിഷ്യത്വം സ്വീകരിച്ചതോടെ സുമതിടീച്ചർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നൃത്തവേദിയിൽ നിന്ന് നൃത്തവേദിയിലേക്കുള്ള കുതിപ്പ് അവിരാമം തുടർന്നു. ഭരതനാട്യം, കുച്ചുപുടി, നാടോടിനൃത്തം തുടങ്ങിയ നൃത്തരൂപങ്ങളിൽ ആണ്ടുമുഴുകിയ നാളുകൾ.എടക്കാട്ടെ ഗണപതികാവും പിഷാരിക്കാവും അടക്കമുള്ള ക്ഷേത്രങ്ങളിലും ഗുരുവായൂരമ്പലത്തിലും
അനേകം കുട്ടികളുടെ നൃത്ത അരങ്ങേറ്റത്തിന് കാർമ്മികത്വം വഹിച്ചു.അയൽക്കൂട്ട വാർഷികാഘോഷങ്ങളിലും ടീച്ചറുടെ കൈയൊപ്പ് പതിഞ്ഞുകിടപ്പുണ്ട്. നൂറുകണക്കിന് കുട്ടികൾക്ക് നൃത്താമൃതം പകർന്നു കൊടുത്തുകൊണ്ട് ടീച്ചർ ഗ്രാമത്തിന്റെ കലാമണ്ഡലത്തിൽ പതിറ്റാണ്ടുകൾ നിറഞ്ഞുനിന്നു. ഒപ്പനയിലും ടീച്ചർ വൈദഗ്ധ്യം പ്രകടിപ്പിച്ചിട്ടുണ്ട്. സഹോദരന്മാരായ ധർമ്മരാജിനെയും മധുവിനെയും മറ്റുചിലരെയും ഒപ്പന പഠിപ്പിച്ച് സ്റ്റേജിൽ കയറ്റി.

സുമതിടീച്ചറുടെ പ്രിയ ശിഷ്യയാണ് ഗംഗ മക്കട. ടീച്ചറുടെ എണ്ണമറ്റ ശിഷ്യരിൽ വിദേശികളുമുണ്ട്. ഏതാണ്ട് പതിനഞ്ച് വർഷം മുൻപ് ഫ്രാൻസിസ്‌ക എന്ന ചിലിയൻ പെൺകുട്ടിയെ ടീച്ചർ ഭരതനാട്യം പഠിപ്പിച്ചത് എനിക്കോർമ്മയുണ്ട്. എടക്കാട് സിവിഎൻ കളരിയിൽ പയറ്റുമുറകൾ പഠിക്കാൻ കൂടി എത്തിയതായിരുന്നു വിശ്വമഹാകവി പാബ്ലോനെരൂദയുടെ നാട്ടുകാരിയായ ഫ്രാൻസിസ്‌ക.എനിക്ക് അന്ന് തേജസ് പത്രത്തിലായിരുന്നു ജോലി. തേജസിന്റെ ഞായറാഴ്ചപ്പതിപ്പിനുവേണ്ടി ഒരു ലേഖനം തയ്യാറാക്കാനായിരുന്നു ഫ്രാൻസിസ്‌കയെ ഞാൻ സമീപിച്ചത്.പയറ്റും നൃത്തവും ഒന്നിച്ചു പഠിക്കാൻ ലാറ്റിനമേരിക്കയിൽ നിന്ന് ഒരു പെൺകുട്ടി കേരളത്തിലെത്തുന്നത് ആദ്യമായിട്ടായിരുന്നു. അതായിരുന്നു ലേഖനത്തിന്റെ ഹൈലൈറ്റ്. അന്ന് വാചാലമായിട്ടാണ് സുമതിടീച്ചറെക്കുറിച്ച് അവർ സംസാരിച്ചത്. ഭരതനാട്യപഠനം തന്റെ ജീവിതത്തിലെ അവിസ്മരണീയ അനുഭവമാണെന്നാണ് ഫ്രാൻസിസ്‌ക പറഞ്ഞത്.ഫ്രാൻസിസ്‌കയുടെ വർത്തമാനമടങ്ങിയ ലേഖനം സുമതിടീച്ചർക്ക് നൽകിയതും ഇപ്പോൾ ഓർമ്മിക്കുന്നു.
ഈ ഗ്രാമത്തെ നൃത്താനുഭൂതിയുടെ മാസ്മരികതയിലേക്ക് ആനയിച്ച സുമതിടീച്ചർ അർബുദത്തിന്റെ പിടിയിലമർന്നത് അവരുടെ ശിഷ്യരെ വേദനിപ്പിച്ചു.പക്ഷേ ഒരു വിസ്മയം പോലെ അർബുദത്തെ പരാജയപ്പെടുത്തി അവർ ജീവിതം തിരിച്ചുപിടിച്ചു. എന്നാൽ വർഷങ്ങൾക്കുശേഷം മഹാരോഗത്തിന്റെ രണ്ടാംവരവിനെ പ്രതിരോധിക്കാനായില്ല. എടക്കാട് കലാഗ്രാമത്തെ ദു:ഖത്തിലാഴ്ത്തി 2021 ഒക്ടോബർ മൂന്നിനായിരുന്നു ആ പ്രതിഭ ഈ ലോകം വിട്ടുപോയത്. സുമതിടീച്ചർ സൃഷ്ടിച്ച നൃത്തസന്ധ്യകൾക്ക് ചാരുത പകർന്നവരിൽ ആ വിയോഗം തീർത്ത മുറിവ് ഇപ്പോഴും നീറിക്കൊണ്ടിരിക്കുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version