പത്തനംതിട്ട മുൻ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തു, പി.വി.അൻവർ എംഎൽഎയുമായുള്ള വിവാദ ഫോൺകോളിനും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്കും പിന്നാലെയാണു സുജിത് ദാസിനെതിരായ നടപടി.
സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്നു ഡിജിപി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. വിവാദത്തെ തുടർന്നു സുജിത് ദാസിനെ സ്ഥലം മാറ്റിയിരുന്നു.
മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയിൽനിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം, സ്വർണക്കടത്ത്, തുടങ്ങി നിരവധി ആരോപണങ്ങൾ ശക്തമായതോടെയാണ് നടപടിക്ക് സർക്കാർ നിർബന്ധിതമായത്. സസ്‌പെൻഷനു പിന്നാലെ വിക്കറ്റ് നമ്പർ 1, ഒരു പുഴുക്കുത്ത് പുറത്തേക്ക് എന്ന് കാണിച്ച് അൻവർ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടു.
സുജിത് ദാസിനെതിരെ പ്രധാന ആരോപണം ഇതായിരുന്നു.
കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ കള്ളക്കടത്ത് സ്വർണം മലപ്പുറം എസ്പിയായിരിക്കെ സുജിത് ദാസ് അടിച്ചുമാറ്റി. നേരത്തേ കസ്റ്റംസിൽ ജോലി ചെയ്തിരുന്ന സുജിത് ദാസ് ആ ബന്ധം ഇതിനായി ഉപയോഗപ്പെടുത്തി. സിസിടിവിയുള്ളതിനാൽ കസ്റ്റംസ് പിടിക്കുന്ന സ്വർണത്തിൽ തിരിമറി നടത്താനാവില്ല. അതിനാൽ, സ്വർണം ശ്രദ്ധയിൽപ്പെട്ടാലും പിടികൂടാതെ കസ്റ്റംസ് സുജിത് ദാസിന് വിവരം കൈമാറും. എസ്പിക്കു കീഴിലുള്ള അന്വേഷണ സംഘമായ ഡാൻസാഫ് കാരിയർമാരെ പിന്തൂടർന്ന് പിടികൂടുകയായിരുന്നു. ഇവരെ രഹസ്യകേന്ദ്രത്തിലെത്തിച്ചു സ്വർണത്തിന്റെ നല്ലൊരു പങ്ക് എടുത്ത ശേഷം ബാക്കിയുള്ളതു കസ്റ്റംസിനു കൈമാറിയാണ് ത്ട്ടിപ്പ് നടത്തിയതെന്നാണ് പി.വി.അൻവർ ആരോപിച്ചത്.