മലയാളത്തിന് നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ സമ്മാനിട്ട സംവിധായകന്‍ സിദ്ദിഖ് (62) നിര്യാതനായി. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലരിക്കെ ചൊവ്വ രാത്രി ഒമ്പതുമണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ച് ആരോഗ്യനില മോശമായിരുന്നു. തിങ്കളാഴച ഉച്ചയോടെ ഹൃദയാഘാതംകൂടി ഉണ്ടായതോടെ ജീവന്‍ ര്കഷിക്കാനായില്ല. കൊച്ചിന്‍ കലാഭവന്റെ മിമിക്രി വേദിയിലൂടെയാണ് സിനിമാ രംഗത്തേക്കു കടന്നുവന്നത്. കലാഭവന്റെ ആദ്യ മിമിക്രി പ്രോഗ്രാമില്‍ അംഗമായിരുന്നു.
ബുധനാഴ്ച രാവിലെ 9 മണി മുതല്‍ 11.30 മണി വരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും തുടര്‍ന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദര്‍ശനമുണ്ടാകും. എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ വൈകീട്ട് 6 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടക്കും.
കൊച്ചി പുല്ലേപ്പടി കറുപ്പിനുമൂപ്പില്‍ വീട്ടില്‍ ഇസ്മയില്‍ ഹാജി- സൈനബ ദമ്പതികളുടെ മകനായി 1960 ആഗസ്ത് ഒന്നിന് ജനനം. ഭാര്യ: സജിത. മക്കള്‍: സുമയ്യ, സാറ, സുക്കൂന്‍. മരുമക്കള്‍: നബീല്‍ മെഹര്‍, ഷെഫ്സിന്‍.
സുഹൃത്ത് ലാലിനൊപ്പം സംവിധായകന്‍ ഫാസിലിന്റെ സഹസംവിധായകരായി ഇരുവരും ചേര്‍ന്ന് സത്യന്‍ അന്തിക്കാടിന്റെ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ (1986) എന്ന ചിത്രത്തിന് തിരക്കഥയും നാടോടിക്കാറ്റ് (1987) സിനിമക്ക് കഥയുമെഴുതി. ആദ്യസിനിമ റാംജി റാവു സ്പീക്കിങ് (1989) വമ്പന്‍ വിജയമായി. പിന്നീട്, ഇന്‍ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല എന്നിവ സിദ്ദീഖ് ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്നു.
ലാലുമായി വഴിപിരിഞ്ഞശേഷം ഹിറ്റ്ലര്‍ (1996) സിനിമയിലൂടെ സിദ്ദിഖ് സ്വതന്ത്ര സംവിധായകനായി. തുടര്‍ന്ന് ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലര്‍, ബോഡി ഗാര്‍ഡ്, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍, ഭാസ്‌കര്‍ ദി റാസ്‌കല്‍, ഫുക്രി എന്നീ ചിത്രങ്ങള്‍. മോഹന്‍ലാല്‍ നായകനായ ബിഗ് ബ്രദറാണ് സിദ്ദിഖ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. സിദ്ദിഖിന്റെ സംവിധാനത്തില്‍ ബോഡി ഗാര്‍ഡ് ഹിന്ദിയിലും തമിഴിലും റീമേക്ക് ചെയ്തു. ഫ്രണ്ട്സിനും ക്രോണിക് ബാച്ചിലറിനും തമിഴ് പതിപ്പുകളുണ്ടായി. മക്കള്‍ മാഹാത്മ്യം, മാന്നാര്‍ മത്തായി സ്പീക്കിങ്, കിങ് ലയര്‍ എന്നീ സിനിമകള്‍ക്ക് കഥയും തിരക്കഥയും ഫിംഗര്‍പ്രിന്റ് എന്ന ചിത്രത്തിന് തിരക്കഥയും അയാള്‍ കഥയെഴുതുകയാണ് ചിത്രത്തിന് കഥയുമെഴുതി.
പത്തോളം ചിത്രങ്ങളില്‍ ചെറിയ വേഷവും അഭിനയിച്ചു. രണ്ടു ചിത്രങ്ങള്‍ നിര്‍മിച്ചു. വിവിധ ടെലിവിഷന്‍ പരിപാടികളുടെ അവതാരകനും വിധികര്‍ത്താവുമായിരുന്നിട്ടുണ്ട്. ഗോഡ്ഫാദര്‍ സിനിമക്ക് ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പുറമെ ക്രിട്ടിക്സ് അവാര്‍ഡ്, ഫിലിംഫെയര്‍ അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്്്്.