Home PRAVASI NEWS GULF കൽബ വികസനപദ്ധതികൾ വിലയിരുത്തി ഷാർജ ഭരണാധികാരി

കൽബ വികസനപദ്ധതികൾ വിലയിരുത്തി ഷാർജ ഭരണാധികാരി

ഷാർജ: കൽബ സിറ്റിയിൽ നടപ്പിലാക്കുന്ന വിവിധ വികസനപദ്ധതികൾ സന്ദർശിച്ച് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. നഗരത്തിലെ വിനോദസഞ്ചാരം, പരിസ്ഥിതി, വിനോദ വികസനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പദ്ധതികൾ.

വംശനാശ ഭീഷണി നേരിടുന്ന അറേബ്യൻ കടുവകളെ പാർപ്പിക്കാൻ കഴിയുന്ന വിശാലമായ പ്രകൃതിദത്ത പ്രദേശങ്ങൾ ഉൾപ്പെടുന്ന അറബ് ടൈഗർ റിസർവ് പദ്ധതിയും അദ്ദേഹം സന്ദർശിച്ചു. സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്നുതന്നെ അറേബ്യൻ കടുവകളെ കാണാനും ആസ്വദിക്കാനും സന്ദർശകർക്ക് അവസരം നൽകുന്നതാണ് അറബ് ടൈഗർ റിസർവ്.

കൽബ ഹഫ്യ പർവതങ്ങൾ: കൽബയിലെ ഹഫ്യ പർവതങ്ങളിൽ 40 ഹെക്ടറിലായി പൂർത്തീകരിക്കുന്ന പദ്ധതിയിലൂടെ കൽബ സിറ്റി, ഗൾഫ് ഓഫ് ഒമാൻ എന്നിവയുടെ മനോഹരമായ കാഴ്‌ചകളും ആസ്വദിക്കാം. കടുവകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി സന്ദർശകർക്ക് റിസർവിന്റെ ചുറ്റളവിൽ ചുറ്റിനടക്കാൻ അവസരം ലഭിക്കും. അതോടൊപ്പം പക്ഷികളെയും മറ്റ് വന്യജീവികളെയും നിരീക്ഷിക്കുന്നതിനായി പ്രകൃതിദത്തമായ ജലാശയത്തിലേക്ക് നീളുന്ന തണൽ പാതകളും ഒരുക്കുന്നു.

അൽ ഹിയാർ വിശ്രമസ്ഥലം: ഷാർജ-കൽബ റോഡ് ഉപയോക്താക്കൾക്കായി രൂപകല്പന ചെയ്ത അൽ ഹിയാർ വിശ്രമസ്ഥലം ഒരുക്കുന്ന പദ്ധതിയും സുൽത്താൻ സന്ദർശിച്ച് വിലയിരുത്തി. വൈവിധ്യമാർന്ന 130 ഓളം ചെറുകിട ഷോപ്പുകൾ, ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള ഔട്ട്‌ഡോർ സ്ഥലങ്ങൾ, നടപ്പാതകൾ, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് അൽ ഹിയാർ റെസ്റ്റിംഗ് ഏരിയ പദ്ധതി.

കുട്ടികൾക്കായുള്ള കളിസ്ഥലം, ഔട്ട്‌ഡോർ തിയേറ്റർ, വളർത്തുമൃഗങ്ങൾക്ക് ഫാം, നഴ്‌സറികൾ, കുതിര റൈഡിംഗിനായുള്ള സൗകര്യങ്ങൾ, 400 വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്ന പാർക്കിംഗ് സ്ഥലങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version