കലാപബാധിതമായ മണിപ്പുർ സന്ദർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ജിരിബാമിലെയും ചുരാചന്ദ്പൂരിലെയും ദുരിതാശ്വാസ കാംപുകൾ സന്ദർശിച്ച രാഹുൽ ഗാന്ധി കാംപിൽ താമസിക്കുന്നവരുമായി സംസാരിച്ചു. മണിപ്പുരിലേക്ക് മൂന്നാംതവണയാണ് അദ്ദേഹം എത്തുന്നത്. ആദ്യം കലാപനാളിൽ ഇവിടെ എത്തിയിരുന്നു. പിന്നീട് ഭാരത് ജോഡോ ന്യായ്്് യാത്രയുടെ തുടക്കവും മണിപ്പൂരിൽനിന്നാണ്. ലോക്സഭാ പ്രതിപക്ഷനേതാവായ ശേഷം ആദ്യസന്ദർശനമാണ്.
വെല്ലുവിളി നിറഞ്ഞ ഈ കാലത്ത് മണിപ്പുരിലെ ജനങ്ങൾ പിന്തുണയേകുമെന്ന് രാഹുൽഗാന്ധി വ്യക്തമാക്കി. പ്രതീക്ഷയ്‌ക്കൊരു മുഖമുണ്ടായിരുന്നു എന്ന് രാഹുലിന്റെ സന്ദർശനത്തെ കോൺഗ്രസ് വിശേഷിപ്പിച്ചു. ‘നിങ്ങളുടെ ശോഭനമായ ഭാവി ഞങ്ങളുടെ പ്രതിബദ്ധത’ എന്ന തലക്കെട്ടോടെ രാഹുൽ ഒരു കുട്ടിയോടൊപ്പം നിൽക്കുന്ന ചിത്രവും കോൺഗ്രസ് എക്‌സിൽ പങ്കുവെച്ചു.
പ്രളയക്കെടുതി നേരിടുന്ന അസമിലെ ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിച്ചതിന് പിന്നാലെയാണ് അദ്ദേഹം മണിപ്പുരിലേക്ക് തിരിച്ചത്. മണിപ്പൂരിലെത്തിയ രാഹുൽ ഗാന്ധി ഗവർണറെയും കണ്ടൂ കാര്യങ്ങൾ ചര്ച്ച ചെയ്തു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിലെത്തുകയും, സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ ശ്രമിക്കേണ്ടതും പ്രധാനമാണെന്ന്’ രാഹുൽ ഗാന്ധി പറഞ്ഞു. ഇംഫാലിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
പ്രധാന മന്ത്രി മണിപ്പൂർ സന്ദർശിക്കണം
വലിയ ദുരന്തത്തിൽ, ഒന്നോ രണ്ടോ ദിവസമെടുത്ത് മണിപ്പൂരിലെ ജനങ്ങളുടെ വാക്കുകൾ കേൾക്കാൻ പ്രധാനമന്ത്രിയോട് ഞാൻ അഭ്യർത്ഥിക്കുന്നു, അത് അവർക്ക് ആശ്വാസമാകും’.
ഇവിടത്തെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് കോൺഗ്രസ് പാർട്ടി സർവ പിന്തുണയും നല്്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തെക്കുറിച്ചും മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം അവിടെ സന്ദർശനം നടത്താത്തതിനെക്കുറിച്ചും കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം ബിജെപിയെ ചൊടിപ്പിച്ചു.
‘ഇന്ന് ലോകസഭയിലെ പ്രതിപക്ഷ നേതാവ് അസമിലേക്കും മണിപ്പൂരിലേക്കും പോകുമ്പോൾ നോൺ-ബയോളജിക്കൽ പ്രധാനമന്ത്രി മോസ്‌കോയിലേക്ക് പോകുന്നു. തീർച്ചയായും ചിലർക്ക് റഷ്യ-ഉക്രെയ്ൻ യുദ്ധം അദ്ദേഹം നിർത്തിയതായി നോൺ-ബയോളജിക്കൽ പ്രധാനമന്ത്രിയുടെ ഡ്രംബേറ്റുകൾ അവകാശപ്പെട്ടു. ഈ മോസ്‌കോ യാത്ര കൂടുതൽ വിചിത്രമായ അവകാശവാദങ്ങളിലേക്ക് നയിക്കും.’ അദ്ദേഹം ട്വീറ്റ് ചെയ്തു.
പതിനാല് മാസം മുമ്പ് മണിപ്പൂരിൽ കലാപമുണ്ടായതിന് ശേഷം ഇത് മൂന്നാം തവണയാണ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശനം നടത്തുന്നത്. 2023 മെയ് 3 ന് ഗുരുതരമായ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിന് ശേഷവും മണിപ്പൂർ സന്ദർശിക്കാൻ ജൈവികേതര പ്രധാനമന്ത്രി സമയം കണ്ടെത്തിയില്ല. സംസ്ഥാന മുഖ്യമന്ത്രിയെയും സ്വന്തം പാർട്ടിയിൽ നിന്നുള്ളയാളെയും സംസ്ഥാനത്തെ മറ്റ് രാഷ്ട്രീയ നേതാക്കളെയും, എം എൽ എമാരും എംപിമാരും ഉൾപ്പെടെ അദ്ദേഹം കണ്ടിട്ടില്ല.’ ജയറാം രമേശ് വിമർശിച്ചു.