രാഹുൽ ഗാന്ധിയ്ക്കു എതിരെയുള്ള അപകീർത്തി കേസിൽ കുറ്റക്കാരനെന്ന് വിധിച്ച സൂറത്ത് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. പരമാവധി ശിക്ഷ എന്തിനെന്ന് സൂറത്ത് കോടതികൾ വ്യക്്തമാക്കിയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങുകയും ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും. കേസിൽ മാപ്പ് പറയില്ലെന്ന് രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
വെറുപ്പിനെതിരെയുള്ള സ്‌നേഹത്തിന്റെ വിജയം എന്നാണ് വിധി സംബന്ധിച്ച് കോൺഗ്രസ് പ്രതികരിച്ചത്. ‘വെറുപ്പിനെതിരെയുള്ള സ്‌നേഹത്തിന്റെ വിജയം, സത്യമേവ ജയതേ – ജയ് ഹിന്ദ്’ കോൺഗ്രസ് ട്വീറ്റ് ചെയ്തു.
ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുൽഗാന്ധിയുടെ അപ്പീലിൽ വിശദമായ വാദം കേട്ട ശേഷമായിരുന്നു സ്റ്റേ. രാഹുൽ ഗുരുതരകുറ്റം ചെയ്തതുപോലെയായിരുന്നു വിചാരണക്കോടതിയുടെ സമീപനമെന്ന് അഭിഭാഷകൻ അഭിഷേക് സിങ്വി വാദിച്ചു. രാഹുലിനെതിരെ തെളിവില്ല, പത്ര കട്ടിങ്ങുകൾ മാത്രമേ ഉള്ളൂ. ശിക്ഷ സ്റ്റേ ചെയ്യാൻ അസാധാരണ സാഹചര്യമുണ്ടാകണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
രാഹുലിനെതിരെ തെളിവുണ്ടെന്നു മഹേഷ് ജഠ്മലാനിയുടെ വാദം കോടതി അംഗീകരിച്ചില്ല. എല്ലാവരെയും അപകീർത്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കാവൽക്കാരൻ കള്ളൻ എന്ന കേസിൽ സുപ്രീംകോടതി ഉപദേശിച്ചിട്ടും രീതി മാറ്റിയില്ല. എന്തിനാണ് എല്ലാ മോദിമാരെയും കള്ളൻമാർ എന്ന് വിളിക്കുന്നത്? എന്നായിരുന്നു ഹർജിക്കാരനുവേണ്ടി ഹാജരായ ജഠ്മലാനിയുടെ വാദം.
2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നാണ് പേര്, ഇത് എന്തുകൊണ്ടാണ്’ എന്ന് രാഹുൽ ചോദിച്ചത്. ഇത് മോദിയെന്ന പേരുള്ള എല്ലാവരെയും അപമാനിക്കുന്നുവെന്ന് കാണിച്ച് ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. ഹർജിയിൽ സൂററ്റ് മജിസ്‌ട്രേറ്റ് കോടതി രാഹുലിന് രണ്ടു വർഷം തടവും പിഴയും വിധിച്ചു. ഈ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ജില്ലാ കോടതിയും ഹൈകോടതി തള്ളി. വിധിയിൽ രാജ്യത്താകെ കോൺഗ്രസ് പ്രവർത്തകർ ആഹ്‌ളാദത്തിലാണ്. രാഹുൽ ഗാന്ധിയുട മണ്ഡലമായ വയനാട്ടിലെ ആശങ്കയും ഒഴിവായി