പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ,്ഥാനിൽ നടത്തിയ മുസ്ലിം വിദ്വേഷ പ്രസംഗത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആദ്യഘട്ട വോട്ടെടുപ്പിലെ നിരാശയിലുണ്ടായ ഭയം കാരണം മോദിയുടെ നുണകളുടെ നിലവാരം വല്ലാതെ താഴ്ന്നതായും പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
കോൺഗ്രസിൻറെ ‘വിപ്ലവകരമായ പ്രകടനപത്രിക’ക്ക് ലഭിക്കുന്ന വൻ പിന്തുണ ഒരു ട്രെൻഡ് ആയി മാറിയിട്ടുണ്ട്. രാജ്യം ഇപ്പോൾ വിഷയങ്ങൾ അടിസ്ഥാനമാക്കി വോട്ട് ചെയ്യും. തൊഴിലിനും കുടുംബത്തിനും ഭാവിക്കും വേണ്ടി വോട്ട് ചെയ്യും. ഇന്ത്യക്ക് വഴിതെറ്റില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
മോദി നുണ പറയുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വിദ്വേഷ പ്രസംഗത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും ഖാർഗെ പറഞ്ഞു.
ഇൻഡ്യ സഖ്യം വിജയിക്കുമെന്ന ആദ്യഘട്ട വോട്ടെടുപ്പിൻറെ ഫലം മോദിയെ ഭയപ്പെടുത്തിയെന്ന് ഖാർഗെ എക്‌സിൽ ചൂണ്ടിക്കാട്ടി. മോദിയുടേത് വിദ്വേഷ പ്രസംഗം മാത്രമല്ല, ശ്രദ്ധ തിരിക്കാനുള്ള തന്ത്രം കൂടിയാണ്. സംഘ്പരിവാറിൻറെ മൂല്യങ്ങളിൽ നിന്ന് പഠിച്ചതാണ് മോദി ചെയ്തത്. അധികാരത്തിന് വേണ്ടി കള്ളം പറയുക, അടിസ്ഥാനരഹിതമായ പരാമർശങ്ങൾ നടത്തുക, എതിരാളികൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുക എന്നിവ ആർ.എസ്.എസ്- ബി.ജെ.പി പരിശീലനത്തിൻറെ പ്രത്യേകതയാണ്. ഖാർഗെ വിശദീകരിച്ചു.
ഗീബൽസിൻറെ രൂപത്തിലുള്ള ഏകാധിപതിയുടെ സിംഹാസനം ഇപ്പോൾ കുലുങ്ങി തുടങ്ങി. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും തൻറെ പദവിയുടെ അന്തസ് മോദിയോളം താഴ്ത്തിയിട്ടില്ലെന്നും ഖാർഗെ എക്‌സിൽ കുറിച്ചു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്തുക്കൾ മുഴുവൻ നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകുമെന്നു മോദി. രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികൾ മുസ്ലിംകളാണെന്നാണ് മൻമോഹൻ സിങ് സർക്കാർ വ്യക്തമാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ വിവാദ പരാമർശങ്ങൾ.
”രാജ്യത്തിലെ സമ്പത്തിന്റെ ആദ്യ അവകാശികൾ മുസ്‌ലിംകളാണെന്ന് കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ട്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ചുകൂട്ടി കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നാണ് അതിനർഥം. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്കു നൽകണോ? ഇത് നിങ്ങൾക്ക് അംഗീകരിക്കാനാകുമോ?”-മോദി ചോദിച്ചു. സ്ത്രീകളുടെ താലിയും സ്വർണവും തട്ടിയെടുത്ത് കൂടുതൽ കുട്ടികളുള്ളവർക്ക് വിതരണം ചെയ്യാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.