Home LOCAL NEWS KANNUR പോലീസ് വെടിയേറ്റ് മൂന്നു പതിറ്റാണ്ടായി കിടപ്പിലായിരുന്ന പുഷ്പൻ നിര്യാതനായി

പോലീസ് വെടിയേറ്റ് മൂന്നു പതിറ്റാണ്ടായി കിടപ്പിലായിരുന്ന പുഷ്പൻ നിര്യാതനായി

0

കൂത്തുപറമ്പിൽ ഡിവൈഎഫ്‌ഐ സമരത്തിനുനേരെയുണ്ടായ പോലീസ് വെടിവെപ്പിൽ പരിക്കേറ്റ് മൂന്നുപതിറ്റാണ്ടായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ (54) മരിച്ചു. ശനിയാഴ്ച ് ഉച്ചകഴിഞ്ഞ് 3.30ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.

ആഗസ്റ്റ് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാളെ രാവിലെ കോഴിക്കോടുനിന്ന് വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോവും. സംസ്‌കാരം നാളെ വൈകീട്ട് അഞ്ചിന് ചൊക്ലിയിൽ നടക്കും.

കൂത്തുപറമ്പിൽ 1994 നവംബർ 25ന് നടന്ന ഡിവൈഎഫ്ഐ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പിലാണ് സുഷുമ്‌നനാഡി തകർന്ന് പുഷ്പൻ കിടപ്പിലായത്. അന്ന് 24 വയസ്സായിരുന്നു. യുഡിഎഫ് സർക്കാരിന്റെ സ്വാശശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ സമരത്തിന്റെ ഭാഗമായി മന്ത്രിയായിരുന്ന എം.വി.രാഘവനെ തടയാനെത്തിയതോടെ ഉണ്ടായ സംഘർഷത്തിനിടെയാണ് പോലീസ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ കെ.കെ രാജീവൻ, കെ. ബാബു, മധു, കെ.വി റോഷൻ, ഷിബുലാൽ എന്നീ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ബംഗളൂരുവിൽ കടയിൽ ജോലിനോക്കവെ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സമരത്തിൽ പങ്കെടുത്തത്. ജീവിക്കുന്ന രക്തസാക്ഷിയെന്ന നിലയിൽ പുഷ്പൻ തളർന്ന ശരീരവുമായി ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും മറ്റും സമ്മേളനങ്ങളിൽ എത്തുന്നത് പ്രവർത്തകരിൽ ആവേശം സൃഷ്ടിച്ചിരുന്നു. ചെഗുവേരയുടെ മകൾ അലിഡ ഗുവേര മേനപ്രത്തെ വീട്ടിലെത്തി പുഷ്പനെ സന്ദർശിച്ചതും ശ്രദ്ധിക്കപ്പെട്ടു.

സിപിഎം നോർത്ത് മേനപ്രം ബ്രാഞ്ചംഗം കൂടിയായിരുന്ന പുഷ്പനെ കാണാൻ നേരത്തെ ചെഗുവേരയുടെ മകൾ അലിഡ ഗുവേര മേനപ്രത്തെ വീട്ടിലെത്തിയിരുന്നു. കർഷകത്തൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറു മക്കളിൽ അഞ്ചാമനാണ് പുഷ്പൻ. സഹോദരങ്ങൾ: ശശി, രാജൻ, അജിത, ജാനു, പ്രകാശൻ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version