കാസർകോട് മുള്ളേരിയ ജീസസ് പള്ളി വികാരി ഫാ.മാത്യു കുടിൽ(30) ആണ് മരിച്ചത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയർത്തിയ ദേശീയ പതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുതി ലൈനിൽ തട്ടി യുവ വൈദികൻ ഷോക്കേറ്റ് മരിച്ചു. കാസർകോട് മുള്ളേരിയ ജീസസ് പള്ളി വികാരി ഫാ.മാത്യു കുടിൽ (30) ആണ് മരിച്ചത്. വൈകിട്ട് ആറുമണിയോടെയാണ് സംഭവം. അസി.വികാരി സെബിൻ ജോസഫിനും ഷോക്കേറ്റെങ്കിലും ദൂരേക്ക് തെറിച്ചു വീണതിനാൽ രക്ഷപ്പെട്ടു. തലശ്ശേരി അതിരൂപതാംഗമായ മാതൃൂ കുടിൽ കണ്ണൂർ ഇരിട്ടി എടൂർ കുടിലിൽ പരേതനായ ബാബുവിന്റെയും അന്നമ്മയുടെയും മകനാണ്.
ദേശീയ പതാക താഴ്ത്തവേ കെട്ടിയ കയറിൽ കുരുങ്ങി. ഇതോടെ ഇരുമ്പ് കൊടിമരം പൊക്കി എടുക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനിലേക്ക് മറിയുകയായിരുന്നു.
ഷോക്കേറ്റയുടൻ അദ്ദേഹത്തെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഒന്നര വർഷം മുൻപാണ് ഇവിടെ വികാരിയായി ചുമതലയേറ്റത്. കുടിയാന്മല, നെല്ലിക്കാംപൊയിൽ, ചെമ്പത്തൊട്ടി എന്നിവിടങ്ങളിൽ അസി.വികാരിയായി പ്രവർത്തിച്ചിരുന്നു. കർണാടക പുത്തൂർ സെന്റ് ഫിലോമിന കോളജിൽ എംഎസ്ഡബ്ല്യു വിദ്യാർഥി കൂടിയാണ്. സഹോദരങ്ങൾ: ലിന്റോ അഗസ്റ്റിൻ, ബിന്റോ അഗസ്റ്റിൻ