Home LOCAL NEWS മൂവാറ്റുപുഴയിൽ 9 പേരെ കടിച്ച വളർത്തുനായക്ക് പേവിഷബാധ ;നാളെ വാക്‌സിനേഷൻ ഡ്രൈവുമായി നഗരസഭ

മൂവാറ്റുപുഴയിൽ 9 പേരെ കടിച്ച വളർത്തുനായക്ക് പേവിഷബാധ ;നാളെ വാക്‌സിനേഷൻ ഡ്രൈവുമായി നഗരസഭ

നായയുടെ കടിയേറ്റവർ സുരക്ഷിതരാണെന്നും ആശങ്ക വേണ്ടെന്നും നഗരസഭാ അധികൃതർ അറിയിച്ചു.

മൂവാറ്റുപുഴയിൽ നിരവധി പേരെ കടിച്ച വളർത്തുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മുവാറ്റുപുഴ നഗരസഭയുടെ സംരക്ഷണ കേന്ദ്രത്തിൽ നിരീക്ഷിച്ചുവന്ന നായ ഞായറാഴ്ചയാണ് ചത്തത്. തുടർന്ന് തിങ്കളാഴ്ച ് തൃശൂർ മണ്ണുത്തിയിലെ വെറ്റിനറി കേളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.

എന്നാൽ നായയുടെ കടിയേറ്റവർ സുരക്ഷിതരാണെന്നും ആശങ്ക വേണ്ടെന്നും നഗരസഭാ അധികൃതർ അറിയിച്ചു. കടിയേറ്റവർക്ക് ഇതിനോടകം രണ്ടു തവണ വാക്‌സിനേഷൻ നൽകിയിട്ടുണ്ട്. പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂവാറ്റുപുഴ നഗരസഭയിലെ മുഴുവൻ തെരുവ് നായകൾക്കും ചൊവ്വ, ബുധൻ ദിവസങ്ങളിൽ വാക്‌സിനേഷൻ നൽകും. നാളെ രാവിലെ 6 മണിയോടെ വാക്‌സിനേഷൻ ആരംഭിക്കും. ഇതിനായി കോട്ടയത്ത് നിന്നും പ്രത്യേകസംഘം രാവിലെ എത്തുമെന്ന് ചെയർമാൻ പി.പി.എൽദോസ് അറിയിച്ചു. പേ വിഷബാധ ഏറ്റവും നായയുടെ സാന്നിധ്യം ഉണ്ടായ നാലു വാർഡുകളിലെ തെരുവ് നായകളെ പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃക്ക, വാഴപ്പിള്ളി, വെള്ളൂർക്കുന്നം,കാവുംകര പ്രദേശങ്ങളിലെ തെരുവുനായകളെ തിങ്കളാഴ്ചതന്നെ പിടികൂടി പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും. നഗരസഭ പരിധിയിലെ എല്ലാ വളർത്തുനായകൾക്കും ലൈസൻസ് നിർബന്ധമാക്കുന്നതിനും നഗരസഭ തീരുമാനിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ നഗരസഭയിലെ ഏഴു വാർഡുകളിലായി കുട്ടികൾ ഉൾപ്പെടെ 9 പേരെയെണ് നായ ആക്രമിച്ചത്. മദ്രസയിൽ പോയി മടങ്ങിയ കുട്ടികൾക്കും, അന്യസംസ്ഥാന തൊഴിലാളിക്കും, ഇരുചക്രവാഹനയാത്രക്കാരനും നായയുടെ കടിയേറ്റു. രണ്ട് വളർത്തുമൃഗങ്ങളെയും കടിച്ചിരുന്നു. സ്വകാര്യ വ്യക്തിയുടെ നായ തുടൽപൊട്ടിച്ച്്് പുറത്തിറങ്ങുകയായിരുന്നുവെന്നാണ് വിവരം. നായക്ക് പേവിഷബാധ പ്രതിരോധ കുത്തിവെപ്പെടുക്കാത്തതിനെ തുടർന്ന് ഉടമയ്‌ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
ആസാദ് റോഡ്, ഉറവക്കുഴി, തൃക്ക, പുളിഞ്ചുവട് കവല എന്നിവടങ്ങളിൽ ഭീതി പരത്തിയ നായയെ ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ പ്രത്യേക സംഘം പിടികൂടുകയായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version