ഫലസ്തീൻ രാഷ്ട്രത്തിന് സമ്പൂർണ പദവി കരട്് പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. അൾജീരിയ അവതരിപ്പിച്ച പ്രമേയത്തിന് . 15 അംഗ കൗൺസിലിൽ 12 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. അൾജീരിയ, മൊസാബിക്, സിയറ ലിയോൺ, ഗയാന, ഇക്വഡോർ, റഷ്യ, ചൈന, ഫ്രാൻസ്, സ്‌ളോവേനിയ, മാൾട്ട, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ എന്നീ രാജ്യങ്ങളാണ് അനുകൂലമായി വോട്ട് ചെയ്തത്. ബ്രിട്ടനും സ്വിറ്റ്‌സർലാൻഡും വിട്ടുനിന്നു. യു.എൻ അംഗത്വം എന്ന ഫലസ്തീന്റെ എക്കാലത്തെയും സ്വപ്‌നമാണ് ഇസ്രേയേലിനുവേണ്ടി അമേരിക്ക തകർത്തത്.
രാഷ്ട്രങ്ങളുടെ സമൂഹത്തിൽ ഫലസ്തീൻ അതിന്റെ ശരിയായ സ്ഥാനം നേടേണ്ട സമയമാണിതെന്ന് വോട്ടെടുപ്പിന് മുമ്പ് യു.എന്നിലെ അൾജീരിയയുടെ പ്രതിനിധി അമർ ബെൻഡ്ജാമ പറഞ്ഞു.
2012 മുതൽ യു.എൻ ജനറൽ അസംബ്ലിയിൽ നിരീക്ഷക രാഷ്ട്രത്തിന്റെ സ്ഥാനമാണ് ഫലസ്തീന്. ഇതുപ്രകാരം ചർച്ചകളിലും യു.എൻ ഓർഗനൈസേഷനുകളിലും പ്രതിനിധിക്ക് പങ്കെടുക്കാമെങ്കിലും വോട്ടവകാശം ഉണ്ടായിരുന്നില്ല.
യു.എൻ ചാർട്ടർ അനുസരിച്ച് സെക്യൂരിറ്റി കൗൺസിലിന്റെ ശുപാർശ പ്രകാരം ജനറൽ അസംബ്ലിയുടെ തീരുമാനത്തിലൂടെയാണ് രാജ്യങ്ങൾക്ക് യു.എൻ അംഗത്വം നൽകുന്നത്. ഒരു കൗൺസിൽ പ്രമേയത്തിന് അനുകൂലമായി കുറഞ്ഞത് ഒമ്പത് വോട്ടുകളെങ്കിലും ലഭിക്കണം. കൂടാതെ സ്ഥിരാംഗങ്ങളായ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന എന്നിവയിൽ ഏതെങ്കിലും ഒരു രാജ്യം വീറ്റോ ചെയ്യാനും പാടില്ല. ഇവിടെ 12 രാഷ്ട്രങ്ങളാണ് ഫലസ്തീനുവേണ്ടി നിലകൊണ്ടത്. വ്യാഴാഴ്ച ് വോട്ടെടുപ്പിന് മുമ്പ്, യുഎൻ ഫലസ്തീൻ പ്രത്യേക പ്രതിനിധി സിയാദ് അബു അംർ പ്രമേയത്തിനു പിന്തുണ തേടിയിരുന്നു.
”ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളെപ്പോലെ ഒരു സ്വതന്ത്ര രാജ്യത്ത് സ്വാതന്ത്ര്യത്തിലും സുരക്ഷിതത്വത്തിലും സമാധാനത്തിലും ജീവിക്കാനുള്ള ഞങ്ങളുടെ സ്വയം നിർണ്ണയാവകാശം പ്രാവർത്തികമാക്കാൻ ഞങ്ങൾ ഇപ്പോഴും ആഗ്രഹിക്കുന്നു,” അബു അംർ കൗൺസിലിൽ പറഞ്ഞു.
ഫലസ്തീനികൾ, ‘ഈ ലക്ഷ്യം നേടുന്നതിനായി വലിയ ത്യാഗങ്ങൾ ചെയ്തു, തുടരുന്നു. രാഷ്ട്ര പദവി രാഷ്ട്രീയ ചർച്ചകളെയും സമാധാന സാധ്യതകളെയും തടസ്സപ്പെടുത്തുമെന്ന വാദങ്ങളും അബു അംർ തള്ളിക്കളഞ്ഞു.
കരട് പ്രമേയത്തെ വീറ്റോ ചെയ്ത അമേരിക്കയുടെ നടപടിയെ ഫലസ്തീൻ അതോറിറ്റി അപലപിച്ചു. വീറ്റോ അധികാരം അന്യായവും അധാർമികവുമായി ഉപയോഗിക്കുകയാണെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹമ്മൂദ് അബ്ബാസ് കുറ്റപ്പെടുത്തി.