കേരളത്തിന്റെ പ്രിയപ്പെട്ട നേതാവിനു അനന്തപുരിയില്‍ കണ്ണീരില്‍കുതിര്‍ന്ന അന്ത്യാഞ്ജലി.
ദര്‍ബാര്‍ ഹാളില്‍, സെന്റ് ജോര്‍ജ് കത്തിഡ്രലില്‍, ഇന്ദിരാഭവനില്‍ അവസാനമായി ഉമ്മന്‍ ചാണ്ടിയെ ഒരു നോക്ക ്കാണാന്‍ ആയിരങ്ങളാണ് എത്തിയത്. രാഷ്ട്രീയ -സാമൂഹ്യ രംഗത്തെ പ്രമുഖരും, സാധാരണക്കാരും ഉള്‍പ്പെടെ ജനസഞ്ചയം അന്തിമോപചാരം അര്‍പ്പിച്ചു. എംഎല്‍എയും, മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും എന്നിങ്ങനെ അരനൂറ്റാണ്ടിലേറെ കാലം തന്റെ കര്‍മഭൂമിയായിരുന്ന തലസ്ഥാന നഗരിയില്‍ കുട്ടികള്‍മുതല്‍ വൃദ്ധര്‍വരെ കാണാനെത്തുന്നവരുടെ നീണ്ടനിര ജനം എത്രമാത്രം നെഞ്ചിലേറ്റിയ നേതാവായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു. ഉമ്മന്‍ ചാണ്ടിയെന്ന ജനകീയ നേതാവിന്റെ കാരുണ്യം കൊണ്ടുമാത്രം ജീവിതം തിരിച്ചുപിടിച്ചവര്‍ ഉള്‍പ്പെടെയുള്ളവരുടെ കണ്ണീര്‍ക്കാഴ്ചകള്‍ എവിടെയും കാണാമായിരുന്നു.
ഇന്നു രാവിലെ ഏഴിന് തിരുവന്തപുരം ജഗതിയിലെ പുതുപ്പള്ളി വീട്ടില്‍ നിന്നു മൃതദേഹം കോട്ടയത്തേക്കു കൊണ്ടുവരുന്നു. പ്രത്യേകം തയ്യാറാക്കിയ കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ലോര്‍ ബസ്സിലാണ് മൃതദേഹം കൊണ്ടുവരുന്നത്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാ യാത്ര കടന്നുപോകുന്ന എം.സി. റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴിയുളള വലിയ വാഹനങ്ങള്‍ വഴിതിരിച്ചുവിടും. വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനമുണ്ടായിരിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പുതുപ്പള്ളി പള്ളി സെമിത്തേരിയിലാകും സംസ്‌കാരം. പ്രത്യേക കല്ലറയൊരുക്കിയാണ് സംസ്കാരം.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഉമ്മന്‍ ചാണ്ടി ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായത്. കേരളത്തിലെത്തിക്കുന്നതിന് മുമ്പ് ബംഗളൂരുവില്‍ മുന്‍മന്ത്രി ടി. ജോണിന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവര്‍ അവിടെ അന്തിമോപചാരം അര്‍പ്പിച്ചു.