Home NEWS KERALA കേരള രാഷ്ട്രീയത്തിലെ ചാണക്യനാണ് ഓർമയാകുന്നത്

കേരള രാഷ്ട്രീയത്തിലെ ചാണക്യനാണ് ഓർമയാകുന്നത്

നയ ചാതുര്യം, തന്ത്രജ്ഞത, ചാണക്യബുദ്ധി, ജനകീയ സ്വഭാവം, ആർദ്രത, എന്നിങ്ങനെ വിശേഷിപ്പീക്കാവുന്ന നിരവധി ഗുണങ്ങൾ സമന്വയിച്ച നേതാവായിരുന്നു കുഞ്ഞൂഞ്ഞ് എന്ന അപരനാമത്തിൽ സ്‌നേഹിച്ച ഉമ്മൻ ചാണ്ടി. അരനൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിൽ അതുല്യമായ സ്ഥാനം കൈവരിക്കുന്നതിനു ഉമ്മൻ ചാണ്ടിയെ സഹായിച്ചത് മേൽ സൂചിപ്പിച്ച സ്വഭാവ വൈഭവമാണ്. കോൺഗ്രസ്സിന്റെ അധികാര കടിഞ്ഞാൺ കൈവിടാതെ നിയന്ത്രിക്കുന്നതിനും രാഷ്ട്രീയ ചതുരംഗക്കളിയിൽ എതിരാളികൾക്കുമേൽ വിജയം നേടുന്നതിനും പ്രാപ്തിയും ഭാഗ്യവും ഉമ്മൻ ചാണ്ടിക്ക് ഉണ്ടായിരുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ 53 വർഷം നിയമസഭാ സാമാജികനായ്ി ചരിത്രം സൃഷ്ടിച്ച ഉമ്മൻ ചാണ്ടി, അതും പുതുപ്പള്ളി എന്ന ഒരു മണ്ഡലത്തിൽനിന്നു 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണ ഇരട്ട നേട്ടമാണ് കൈവരിച്ചത്. 2004-2006, 2011-2016 കാലങ്ങളിലായി രണ്ട് തവണയായി ഏഴ് വർഷക്കാലം മുഖ്യമന്ത്രിയായിരുന്നു. തൊഴിൽവകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991-1994), പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവർത്തിച്ചു.

1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്. മുത്തച്ഛൻ വി.ജെ.ഉമ്മൻ തിരുവിതാംകൂറിലെ ആദ്യ നിയമസഭയായ ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായിരുന്നു. പുതുപ്പള്ളി എംഡി സ്‌കൂൾ, സെന്റ് ജോർജ് ഹൈസ്‌കൂൾ, കോട്ടയം സിഎംഎസ്. കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

സ്‌കൂൾകാലത്ത് അഖിലകേരള ബാലജനസഖ്യത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. അക്കാലത്തു തന്നെ കെഎസ്യുവിലൂടെ സംഘടനാ പ്രവർത്തനമാരംഭിച്ചു. കെഎസ്യുവിന്റെ പ്രസിദ്ധമായ ഒരണ സമരകാലത്ത് സമരങ്ങൾക്കു നേതൃത്വം നൽകി. 1962 ൽ കെഎസ്യു കോട്ടയം ജില്ലാ സെക്രട്ടറിയായി. 65 ൽ സംസ്ഥാന ജനറൽ സെക്രട്ടറിയും 67 ൽ സംസ്ഥാന പ്രസിഡന്റുമായി. 69 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരിക്കെ 1970 ൽ, 27 ാം വയസ്സിൽ പുതുപ്പള്ളിയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തിയത്്്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന പുതുപ്പള്ളിയിൽ അന്നത്തെ എംഎൽഎ ഇ.എം. ജോർജിനെയാണ് പരാജയപ്പെടുത്തിയത്. പിന്നീട് മരണം വരെ പുതുപ്പള്ളി ഉമമൻ ചാണ്ടിയെ കൈവിട്ടില്ല.

ഗ്രൂപ്പ് രാഷ്ട്രീയത്തിൽ എ.ഗ്രൂപ്പ് എ.കെ.ആന്റണിയുടെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും ഗ്രൂപ്പിന്റെ സംഘാടകനും നേതാവും അവസാന വാക്കും ഉമ്മൻ ചാണ്ടിയുടേതായിരുന്നു. മറുവശത്ത് ലീഡർ കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താഴെയിറക്കിയ രാഷ്ട്രീയ നീക്കങ്ങളിൽ ഉൾപ്പെടെ ന്യായവും അന്യായവും എല്ലാം ഉമമൻ ചാണ്ടിക്ക് അവകാശപ്പെട്ടതാണ്.
മുഖ്യമന്ത്രി എന്ന നിലയിൽ കേരളം ഉമ്മൻ ചാണ്ടിയെ സ്മരിക്കുക ജനസമ്പർക്ക പരിപാടിയിലൂടെയാണ്. 11 ലക്ഷത്തിൽപ്പരം പേർ പങ്കെടുത്ത ആ മാമാങ്കം ലോകത്ത് തന്നെ അപൂർവമായി മഹാ അദാലത്തായിരുന്നു. 2011 മുതൽ 3 വർഷം 3 ഘട്ടമായി ജില്ലകളിൽ നടത്തിയ ജനസമ്പർക്ക പരിപാടികളിൽ ദിവസങ്ങളോളം 12 മുതൽ 19 മണിക്കൂർ വരെ ഉമ്മൻ ചാണ്ടി നേരിട്ട് നേതൃത്വം ഫയൽ തീർപ്പാക്കൽ ചരിത്രമാണ്. ഇതിനാണ് ഐക്യരാഷ്ട്രസംഘടനയുടെ പൊതുജനസേവനത്തിനുള്ള അവാർഡ് 2013ൽ ഉമ്മൻ ചാണ്ടിയെ തേടിയെത്തിയത്്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version