പുതുപ്പള്ളി : കേരള രാഷ്ട്രീയ ചരിത്രത്തില്‍ അവിസ്മരണീയമായ സ്ഥാനം നേടിയ ഉമ്മന്‍ ചാണ്ടി ഓര്‍മയായി. ദുഖക്കടലായി ഒഴികിയെത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി വ്യാഴാഴ്ച രാത്രി 12 ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേക കല്ലറയില്‍ കബറടക്കി.
ശവസംസ്‌കാര ശുശ്രൂഷകള്‍ക്ക്്് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ നേതൃത്വം നല്കി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സഭാ പുരോഹിതരും, രാഹുല്‍ ഗാന്ധിയടക്കം രാഷ്ട്രീയ സാമൂഹ്യരംഗത്തെ നൂറുകണക്കിനു നേതാക്കളും സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ചു. സോണിയാ ഗാന്ധിയുടെ അനുശോചന സന്ദേശം ചടങ്ങില്‍ വായിച്ചു.
ഔദ്യോഗിക ബഹുമതി ഒഴിവാക്കിയെങ്കിലും സംസ്ഥാന സര്‍ക്കാരിനു വേണ്ടി അഞ്ച് മന്ത്രിമാര്‍ ചേര്‍ന്ന് റീത്ത് സമര്‍പ്പിച്ചു. ബുധന്‍ രാവിലെ 7.15 ന് തിരുവനന്തപരത്ത് ജഗതിയിലെ പുതുപ്പളളി വീട്ടില്‍ നിന്നു ആരംഭിച്ച വിലാപ യാത്ര 35 മണിക്കൂര്‍ പിന്നിട്ടാണ് വ്യാഴാഴ്ച വൈകിട്ട് ആറേകാലോടെയാണ് കുടുംബവീടായ കരോട്ട് വള്ളക്കാലില്‍ വീട്ടിലെത്തിയത്.
തറവാട് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം പുതുപ്പള്ളി കവലയ്ക്കു സമീപമുളള പുതിയ വീട്ടിലേക്ക് കൊണ്ടുപോയി പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്നാണ് ഇടവക പളളിയിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോയത്. ബുധനാഴ്ച രാത്രി വീട്ടിലെത്തിക്കുമെന്ന് പ്രതീക്ഷിച്ച മൃതദേഹം ഒരു ദിനം വൈകി വ്യാഴാഴ്ച വൈകിട്ടാണ് വീട്ടിലെത്തിക്കാനായത്.
തിരുനക്കര മൈതാനിയിലെ പൊതു ദര്‍ശനവും വൈകിയതോടെ ഉമ്മന്‍ ചാണ്ടിയെ അവസാനമായി ഒരു നോക്കു കാണുന്നതിനെത്തിയ ജനം കോട്ടയത്തും പുതുപ്പള്ളിയിലും തലേ ദിവസം മുതല്‍ കാത്തിരിക്കുകയായിരുന്നു. ആറ് പതിറ്റാണ്ടുകാലം ജനങ്ങള്‍ ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവിനുവേണ്ടി പുതുപ്പള്ളിക്കാര്‍ കുടുംബ സമേതം സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്ന കാഴ്ച ഹൃദയസ്പൃക്കായിരുന്നു. മൂന്നു ദിനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല, ലക്ഷകണക്കായ ആളുകള്‍ ഉറങ്ങിയില്ല. ലോകമെങ്ങുമുള്ള മലയാളികള്‍ ചാനലുകളിലൂടെ ലൈവായി ഉറക്കൊഴിഞ്ഞ് സംസ്‌കാര ചടങ്ങുകളും വിലാപയാത്രയും ദര്‍ശിച്ചു. കേരളത്തിലെ ഒരു കോണ്‍ഗ്രസ് നേതാവിനും ഇത്രയും ദീര്‍ഘിച്ച വിലാപ യാത്രയും ഉണ്ടായിട്ടില്ല. സങ്കടം സഹിക്കാനാവാതെ അലമുറയിടുന്ന നാനാ ജാതി വിഭാഗങ്ങളെ കണ്ടിട്ടില്ല.
വിലാപ യാത്ര കടന്നുപോയ രണ്ടു ദിനം എം.സി.റോഡിലെ കാഴ്ചകള്‍, സാമൂഹ്യ മാധ്യമങ്ങളില്‍ ഉമമന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട സാധാരണക്കാരുടെ അനുഭവക്കുറിപ്പുകള്‍, ഉമ്മന്‍ ചാണ്ടിയെ നേരിട്ടു കാണാത്തവരെപോലും കണ്ണീരണിയിക്കുന്നതായിരുന്നു. ഏറ്റുമാനൂരില്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തിനു മുന്നില്‍പോയി തൊഴുത് കരയുന്ന അമ്മയും മകനും, മൃതദേഹം കാണുന്നതിനു വേണ്ടി ഭൗതിക ശരീരവുമായി പോകുന്ന കെ.എസ്.ആര്‍.ടി. സി ബസ്സിനു പിന്നാലെ മകനുമായി ഓടുന്ന പിതാവിന്റെ ചിത്രം, മൂന്നു ദിവസമായി ഉറങ്ങാതെ ഉമ്മന്‍ ചാണ്ടിയുടെ വസത്ിക്കുമുന്നില്‍വന്നു കാത്തിരിക്കുന്ന ഭിന്നശേഷിക്കാരനായ കുടുംബനാഥന്‍ എന്നിങ്ങനെ ഉ്മ്മന്‍ ചാണ്ടിയുടെ ജീവിതത്തെ സാക്ഷ്യപ്പെടുത്തുന്ന നൂറുനൂറ് അനുഭവങ്ങള്‍ മലയാളികള്‍ കണ്ടു. ‘ഇല്ല, ഇല്ല മരിക്കുന്നില്ല, ഉമ്മന്‍ ചാണ്ടി മരിക്കുന്നില്ല.. കണ്ണേ കരളേ കുഞ്ഞൂഞ്ഞേ… ആര്‍ത്തുവിളിച്ച ജനം, അവര്‍ക്കായി ജീവിച്ച നേതാവിനു അര്‍ഹിച്ച അംഗീകാരം നല്‍കിയാണ് അന്ത്യ വിട നല്‍കിയത്.
‘സ്‌നേഹം കൊണ്ട് ലോകം കീഴടക്കിയ രാജാവിന്റെ കഥ അവസാനിക്കുന്നില്ല, അദ്ദേഹത്തിന്റെ ഓര്‍മകളും പ്രവൃത്തിയും നമുക്ക് വഴികാട്ടിയാവട്ടെ…’- ഉമ്മന്‍ ചാണ്ടിയുടെ വീടിനു മുന്നിലെ മതിലില്‍ സ്ഥാപിച്ച ആദരാഞ്ജലി ബോര്‍ഡിലെ വരികളാണിത്.