നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിലും പുനഃപരീക്ഷ സംബന്ധിച്ചും നിലപാടറിയിക്കാൻ കേന്ദ്ര സർക്കാറിന് ഒരു ദിവസത്തെ സമയം അനുവദിച്ചു നൽകി സുപ്രീംകോടതി. ഹർജി വ്യാഴാഴ്്ച വീണ്ടും പരിഗണിക്കും.
ചോദ്യപേപ്പർ ചോർച്ച വ്യക്തമായിരിക്കെ ചോർച്ചയുടെ വ്യാപ്തിയെത്രയെന്ന് കേന്ദ്രത്തോട് ചോദിച്ചു. ബൂധനാഴ്ചക്കുള്ളിൽ കേന്ദ്രവും എൻ.ടി.എയും സി.ബി.ഐയും റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. നീറ്റ് യു.ജി പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ളതടക്കം 38 ഹർജികളാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ചത്. ക്രമക്കേട് മുഴുവൻ പരീക്ഷാ പ്രക്രിയയുടെയും പവിത്രതയെ ബാധിക്കുകയോ, തട്ടിപ്പിന്റെ ഗുണഭോക്താക്കളെ കണ്ടെത്താനാവാതിരിക്കുകയോ വന്നാൽ പുനഃപരീക്ഷ നടത്താമെന്നാണ് കോടതിയുടെ നിലപാട്.
പരീക്ഷ റദ്ദാക്കലും പുനഃപരീക്ഷയും 23 ലക്ഷത്തിലേറെ വിദ്യാർഥികളെ ബാധിക്കുന്ന അങ്ങേയറ്റത്തെ തീരുമാനമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടികാണിച്ചഉ. പാട്‌നയിൽ ചോദ്യപേപ്പർ ചോർന്നെന്നും മറ്റിടങ്ങളിൽ ചെറിയ ക്രമക്കേടുകളുണ്ടായെന്നും കേന്ദ്രം കോടതിയിൽ സമ്മതിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് ചോർന്നതെങ്കിൽ അത് കാട്ടൂതീ പോലെ പടർന്നിരിക്കില്ലേയെന്ന് കോടതിയുടെ ചോദ്യം. ചോർച്ചയുടെ വ്യാപ്തി എത്രത്തോളം എന്നറിയണം. പരീക്ഷയ്ക്ക് എത്ര സമയം മുൻപാണ് ചോർന്നത് ? തെറ്റുചെയ്ത് വിദ്യാർഥികളെ കണ്ടെത്താൻ സർക്കാർ എന്തൊക്കെ നടപടികളെടുത്തുവെന്നും കോടതി ചോദിച്ചു. എങ്ങനെയാണ് ചോദ്യപ്പേപ്പർ വിവിധ നഗരങ്ങളിലേക്ക് അയച്ചതെന്നും രണ്ട് സെറ്റ് ചോദ്യപ്പേപ്പറും ഒരിടത്തുതന്നെയാണോ തന്നെയാണോ തയാറാക്കിയതെന്നും കോടതി ചോദിച്ചു.
ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടിയെടുക്കണം. അതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുകയോ നിലവിലുള്ള സമിതിയിൽ കുടുതൽ വിദഗ്ധരെ ഉൾപ്പെടുത്തുകയോ ചെയ്യാമെന്നും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ കൂടാതെ ജസ്റ്റിസുമാരായ പി.ബി പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബഞ്ചാണ് ഹരജികൾ പരിഗണിച്ചത്.