നരേന്ദ്ര മോദിയെയും രാഹുൽ ഗാന്ധിയെയും സംവാദത്തിനു ക്ഷണിച്ച് സുപ്രിം കോടതി മുൻ ജസ്റ്റിസ് മദൻ ബി ലോകൂർ, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജിത് പി ഷാ, ദ ഹിന്ദു മുൻ പത്രാധിപർ എൻ റാം എന്നിവർ കത്ത് എഴുതി
ലോക്സഭ തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും പരസ്യ സംവാദത്തിന് ക്ഷണിച്ച് മുൻ ജഡ്ജിമാരും മാധ്യമപ്രവർത്തകനും. സുപ്രീംകോടതി മുൻ ജസ്റ്റിസ് മദൻ ബി ലോകൂർ, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജിത് പി ഷാ, ദ ഹിന്ദു മുൻ പത്രാധിപരും മുതിർന്ന മാധ്യമപ്രവർത്തകനുമായ എൻ റാം എന്നിവരാണ് നരേന്ദ്ര മോദിയേയും രാഹുൽ ഗാന്ധിയേയും സംവാദത്തിന് ക്ഷണിച്ചിരിക്കുന്നത്.
കക്ഷിരഹിതവും വാണിജ്യേതരവുമായ ഒരു വേദിയിൽ പൊതു സംവാദത്തിലൂടെ നമ്മുടെ രാഷ്ട്രീയ നേതാക്കളിൽ നിന്ന് നേരിട്ട് കാര്യങ്ങൾ കേൾക്കുന്നത് പൗരന്മാർക്ക് വളരെയധികം പ്രയോജനം ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഓരോ കക്ഷിയുടെയും ചോദ്യങ്ങൾ മാത്രമല്ല, പ്രതികരണങ്ങളും പൊതുജനങ്ങൾ അറിയുകാണെങ്കിൽ അത് മികച്ച നീക്കമാണ്. ഇത് നമ്മുടെ ജനാധിപത്യ പ്രക്രിയയെ വളരെയധികം ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് സംവാദത്തിനു ക്ഷണിച്ചുകൊണ്ടുള്ള കത്തിൽ ചൂണ്ടികാണിക്കുന്നു
”പല തലങ്ങളിൽ രാജ്യത്തിന് വേണ്ടി പ്രവർത്തിച്ച പൗരൻമാർ എന്ന നിലയിലാണ് ഞങ്ങൾ നിങ്ങൾക്ക് ഈ കത്തെഴുതുന്നത്. പക്ഷാപാതരഹിതവും ഓരോ പൗരന്റേയും താത്പര്യവും മുൻനിർത്തിയാണ് ഞങ്ങൾ ഈ നിർദേശവുമായി നിങ്ങളെ സമീപിക്കുന്നത്. പതിനെട്ടാം ലോക്സഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് പ്രക്രിയ ഇതിനോടകം തന്നെ പകുതിയെത്തിക്കഴിഞ്ഞു. റാലികളിലും പൊതു യോഗങ്ങളിലും അധികാരത്തിലിരിക്കുന്ന പാർട്ടിയായ ബിജെപിയുടേയും പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന്റേയും അംഗങ്ങൾ നമ്മുടെ ഭരണഘടനാ ജനാധിപത്യത്തിന്റെ കാതലുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സംവരണം, അനുച്ഛേദം 370, സമ്പത്തിന്റെ പുനർവിതരണം തുടങ്ങിയവയിൽ കോൺഗ്രസിനെ പ്രധാനമന്ത്രി പരസ്യമായി വെല്ലുവിളിച്ചു.
ഭരണഘടന വികലമാക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചോദ്യം ചെയ്തു. ഇലക്ടറൽ ബോണ്ട് പദ്ധതി, ചൈനയോടുള്ള സർക്കാരിന്റെ പ്രതികരണം തുടങ്ങിയവയിലും മല്ലികാർജുൻ ഖാർഗെ ചോദ്യമുയർത്തി. പ്രധാനമന്ത്രിയെ പൊതുസംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രകടനപത്രികകളെ കുറിച്ചും ഭരണഘടനാപരമായി സംരക്ഷിക്കേണ്ട സാമൂഹിക നീതിയെപ്പറ്റിയുള്ള നിലപാടുകളെ കുറിച്ചും ഇരുപക്ഷവും പരസ്പരം ചോദ്യങ്ങൾ ഉന്നയിച്ചു.
പൊതുജനങ്ങൾ എന്ന നിലയിൽ, ഞങ്ങൾ ഇരുവശത്തുനിന്നും ആരോപണങ്ങളും വെല്ലുവിളികളും മാത്രം കേട്ടതിൽ ആശങ്കയുണ്ട്. അർത്ഥവത്തായ പ്രതികരണങ്ങളൊന്നും കേട്ടതുമില്ല. നമുക്കറിയാവുന്നതുപോലെ, ഇന്നത്തെ ഡിജിറ്റൽ ലോകത്തിൽ തെറ്റായ വിവരങ്ങളും കൃത്രിമത്വവും നിറഞ്ഞ പ്രവണതയുണ്ട്. ഈ സാഹചര്യത്തിൽ, ചർച്ചയുടെ എല്ലാ വശങ്ങളെക്കുറിച്ചും പൊതുജനങ്ങൾ നന്നായി ബോധമുള്ളവരാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. അങ്ങനെയവർക്ക് ബാലറ്റുകളിൽ ശരിയായ തീരുമാനമെടുക്കാനും ഇതിലൂടെ സമ്മതിദാനാവകാശം ഫലപ്രദമായി വിനിയോഗിക്കാനും സാധിക്കും.
കക്ഷിരഹിതവും വാണിജ്യേതരവുമായ ഒരു വേദിയിൽ പൊതു സംവാദത്തിലൂടെ നമ്മുടെ രാഷ്ട്രീയ നേതാക്കളിൽ നിന്ന് നേരിട്ട് കാര്യങ്ങൾ കേൾക്കുന്നത് പൗരന്മാർക്ക് വളരെയധികം പ്രയോജനം ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഓരോ കക്ഷിയുടെയും ചോദ്യങ്ങൾ മാത്രമല്ല, പ്രതികരണങ്ങളും പൊതുജനങ്ങൾ അറിയുകാണെങ്കിൽ അത് മികച്ച നീക്കമാണ്. ഇത് നമ്മുടെ ജനാധിപത്യ പ്രക്രിയയെ വളരെയധികം ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് ഞങ്ങൾ കരുതുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായതിനാൽ ഇതിന് കൂടുതൽ പ്രസക്തിയുണ്ട്. ലോകം മുഴുവൻ നമ്മുടെ തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുകയാണ്. ഇതുപോലൊരു പൊതു സംവാദം, പൊതുജനങ്ങളെ ബോധവത്ക്കരിക്കുക മാത്രമല്ല, ആരോഗ്യകരവും ഊർജ്ജസ്വലവുമായ ജനാധിപത്യത്തിന്റെ യഥാർത്ഥ ചിത്രം ഉയർത്തിക്കാട്ടുന്നതിലും ഒരു വലിയ മാതൃക സൃഷ്ടിക്കും.
ജനവിധി തേടുന്ന ഇരുപക്ഷത്തുനിന്നുമുള്ള പ്രമുഖ ശബ്ദങ്ങൾ എന്ന നിലയിൽ, ഈ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിൽ പരസ്പരം ഒരു പൊതു സംവാദത്തിന് ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. സംവാദത്തിന്റെ വേദി, ദൈർഘ്യം, മോഡറേറ്റർമാർ, ഫോർമാറ്റ് എന്നിവ ഇരുപക്ഷത്തിനും യോജിച്ച വ്യവസ്ഥകളിലായിരിക്കും. അഭ്യർത്ഥന നിങ്ങൾ ക്രിയാത്മകമായി പരിഗണിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ സംവാദത്തെ അഭിസംബോധന ചെയ്യാൻ നിങ്ങളിൽ ആർക്കെങ്കിലും അസൗകര്യമുണ്ടെങ്കിൽ, ഒരു പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യാം”, സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ള കത്തിൽ പറയുന്നു.