Home LOCAL NEWS മൂവാറ്റുപുഴയിലെ ഗതാഗതക്കുരുക്കിനെതിരെ പ്രതിഷേധം ഉയരുന്നു ; സർവകക്ഷി യോഗം വിളിക്കണമെന്ന് പൗരപ്രമുഖർ

മൂവാറ്റുപുഴയിലെ ഗതാഗതക്കുരുക്കിനെതിരെ പ്രതിഷേധം ഉയരുന്നു ; സർവകക്ഷി യോഗം വിളിക്കണമെന്ന് പൗരപ്രമുഖർ

മൂവാറ്റുപുഴ : നഗരത്തിലെ നാനാദിക്കും ഗതാഗതം കുരുക്കിലാണ്. കച്ചവടമേഖല മരവിച്ചുനില്ക്കുന്നു. ഹോട്ടലുകളും, പെട്ടിക്കടകളും, ബേക്കറികളും അടക്കം പ്രതിസന്ധിയിലാണ്. ഓണാഘോഷത്തോടനുബന്ധിച്ച കച്ചവടവും പൂർണമായും നഷ്ടപ്പെടും. ഓട്ടോറിക്ഷ, ടാക്‌സി ഓട്ടം നിലച്ചു.
നഗരം മറികടക്കുന്നതിനു മണിക്കൂറുകൾ വേണ്ടിവരുന്ന ദുരസ്ഥയാണ് ഉള്ളത്. രാജ്യത്ത് എമ്പാടും മഹാ നഗരങ്ങളിൽ അടക്കം റോഡ് വികസനം നടക്കാറുണ്ട്. പക്ഷേ, ഇതുപോലെ ദീർഘ വീക്ഷണവും, ആസൂത്രണവുമില്ലാതെ നഗരത്തെയാകെ ബന്തവസ്സിലാക്കുന്ന നടപടിയാണ് മൂവാറ്റുപുഴയിൽ നടക്കുന്നത്.

എം.സി.റോഡും, ദേശീയ പാതയും, തൊടുപുഴ റോഡും സന്ധിക്കുന്ന നഗരത്തിലൂടെ കേരളത്തിലൂട നീളമുള്ള നൂറുകണക്കിനു വാഹനങ്ങളാണ് കടന്നുപോകുന്നത്. ജനങ്ങളുടെ യാത്രയാകെ മൂവാറ്റുപുഴയിൽവച്ച് താളം തെറ്റുകയാണ്. ആംബുലൻസ് കടത്തിവിടുന്നതിനുവരെ സാധിക്കുന്നില്ല. ടൗൺ റോഡ് വികസനത്തോടൊപ്പം, ചാലിക്കടവ് പാലം അപ്രോച്ച് റോഡ് പണിയും ആരംഭിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 13 മീറ്റർ വീതിയിൽ തകരാറില്ലാതെ കിടന്ന ദേശീയ നിലവാരത്തിലുള്ള ചാലിക്കടവ് റോഡ് രണ്ടുമാസം മുമ്പ് പൊളിച്ചിട്ടു. തുടർന്ന്്് പകുതി വീതിയിൽ (ഏഴ് മീറ്റർ വീതിയിൽ) കോൺക്രീറ്റ് ചെയ്യുന്നതിനു നീക്കം ജനം എതിർത്തതോടെ പണി വൈകി.

തുടർന്ന് 10 മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യുന്നതിനു തീരുമാനമനുസരിച്ചാണ് ഇപ്പോൾ ചാലിക്കടവ് പാലം രണ്ടുമാസത്തേക്ക് അടച്ചത്. തേനി സ്റ്റേറ്റ് ഹൈവേയുടെ മൂവാറ്റുപുഴ കോട്ട റോഡിന്റെ നവീകരണത്തിന്റെ ഭാഗമായാണ് ചാലിക്കടവ് പാലം അപ്രോച്ച് റോഡ് പണിയും ഏറ്റെടുത്തിരിക്കുന്നത്. കോട്ട റോഡിന്റെ പണി പൂർത്തിയാക്കിയശേഷം ഒടുവിൽ അപ്രോച്ച് റോഡ്് പണി തീർക്കാമായിരുന്നു. അല്ലെങ്കിൽ കോൺക്രീറ്റ് ഒഴിവാക്കി ദേശീയ നിലവാരത്തിൽ ടാറിങ്ങ്് ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ ഒരു വരി ഗതാഗതം നടത്തുന്നതിനു തടസ്സം ഉണ്ടാകില്ലായിരുന്നു.

ഇതേ സമയം ടൗൺ റോഡ് പണിയും ആരംഭിച്ചതോടെ ആഴ്ചകളായി നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. നഗരത്തിലെ ഗതാഗത ക്രമീകരണവും പാളി. ഇതിനിടെ ഒരു നഗരത്തിന്റെ പ്രാധാന്യവും ജനങ്ങളുടെ ദുരിതവും പരിഗണിച്ച് അടിയന്തിരമായി തീർക്കേണ്ട പണി നഗരത്തിലും ഇഴഞ്ഞാണ് നീങ്ങുന്നത്. ഇത്തരം സന്ദർഭങ്ങളിൽ പാളിച്ച മനസ്സിലാക്കി പുനക്രമീകരണം നടത്തുന്നതിൽ അധികൃതരുടെ വീഴ്ചയും ചർച്ചയായിരിക്കുകയാണ്. ശനിയാഴ്ച രാവിലെ എട്ടിന് തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രിവരെ ഒരേ നിലയിലായിരുന്നു. ട്രാഫിക്ക് പോലീസുകാർക്ക് പ്രത്യേകിച്ച് നോക്കിനില്ക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ല. സാമൂഹ്യമാധ്യമങ്ങളിൽ നരത്തിലെ ട്രാഫിക്ക് ബ്ലോക്കിന്റെ ചിത്രവും വിമർശനവും ട്രോളുകളും നിറയുന്നു. ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനു ബദൽ നിർദ്ദേശം പലരും മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവർ മൗനം പാലിക്കുകയാണ്.

നഗരസഭ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, ട്രാഫിക് അഡൈ്വസറി കമ്മിറ്റി അടിയന്തിര യോഗം ചേർ്ന്ന്് പ്രശ്‌നം പരിഹരിക്കണമെന്നാണ് ജന ആവശ്യപ്പെടുന്നത്. പ്രശ്‌നം ചർച്ച ചെയ്യുന്നതിനു സർവ കക്ഷിയോഗം വിളിക്കണമെന്നാണ് പൗരപ്രമുഖർ അഭിപ്രായപ്പെടുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version