കോതമംഗലം : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരത്തിനായി ന്യൂഡൽഹിയിൽ ഉയരുന്ന ഖാഇദേമില്ലത്ത് സൗധത്തിന്റെ നിർമ്മാണത്തിന് ചരിത്ര പ്രസിദ്ധമായ കോതമംഗലം മാർതോമ്മാ ചെറിയ പള്ളിയുടെ വിഹിതം വികാരി ഫാ ജേ ജോസ് പരത്തുവയലിൽ കൈമാറി.
ചെറിയ പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡണ്ട് പി എം മൈതീനാണ് ഫാദറിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങിയത്. രാജ്യത്ത് മത സൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിനും, വിവിധ മത സാമുദായിക വിഭാഗങ്ങൾക്കിടയിൽ ഐക്യം നിലനിർത്തുന്നതിനും മുസ്ലിം ലീഗ് വഹിച്ച പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം സ്മരിച്ചു. കാലങ്ങളായി മുസ്ലിം ലീഗ് പ്രസ്ഥാനവുമായും അതിന്റെ നേതാക്കളുമായും ഊഷ്‌മളമായ ബന്ധമാണ് മാർ തോമ്മാ ചെറിയ പള്ളിക്കുള്ളത്. മുസ്ലിം ലീഗിന് ഡൽഹിയിൽ ഒരു ദേശീയ ആസ്ഥാനം ഉയരുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ഇടവകാംഗങ്ങളെയും ഫണ്ട് സമാഹരണത്തിൽ പങ്കാളികളാക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത കന്നി 20
പെരുന്നാളിന് സയ്യിദ് സാദിഖലി തങ്ങളെ പങ്കെടുപ്പിക്കണമെന്നതാണ് തന്റെ വ്യക്തിപരമായ ആഗ്രഹം എന്നും ഫാദർ പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി കെ മൊയ്തു, മറ്റ് നേതാക്കളായ പി എം സക്കരിയ, വി കെ അലിയാർ ഹാജി, പി എം ഹസൻ, യു കെ കാസിം, വി എ അബ്ദുൾ ഖരീം, പി എ ഷിഹാബ്, പി പി മുഹമ്മദ്, കെ എം ആസാദ്, അഡ്വ എം എം അൻസാർ, അബു കൊട്ടാരം, പി എം അലി, ടി കെ മുഹമ്മദ്, ജമാൽ വാലി, പി എം ഷമീർ, ഇ എ മീരാൻ കുഞ്ഞ്, മുസ്തഫാ കമാൽ, ബാവ പഴമ്പിള്ളിൽ, ജാബിർ കെ എ തുടങ്ങിയവർ സംബന്ധിച്ചു.