110 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
കല്‍പ്പറ്റ: സംസ്ഥാനത്തെ ചരിത്രത്തില്‍ അടുത്തെങ്ങും സംഭവിക്കാത്ത തുല്യതയില്ലാത്ത ദുരന്തമാണ് മുണ്ടക്കൈയിലും, ചൂരല്‍മലയിലും സംഭവിച്ചത്. ഒരു പ്രദേശമാകെ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ചില കുടുംബങ്ങള്‍ പൂര്‍ണമായും വീടോടെ അപ്രത്യക്ഷമായി. കുട്ടികള്‍, പ്രായമായവര്‍, മാതാപിതാക്കള്‍, എന്നിങ്ങനെ നഷ്ടപ്പെട്ടവരും ഏറെയാണ്. 110 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.നൂറോളം പേരെ കുറിച്ച് ഒരു വിവരവുമില്ല. 128 പേരെ ചികിത്സക്കായി വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടങ്ങളില്‍ ജോലി ചെയ്തിരുന്ന നൂറുകണക്കിന് അന്യ സംസ്ഥാന തൊഴിലാളികള്‍ ഉണ്ട്. ഇവരില്‍ എത്രപേര്‍ ദുരന്തത്തില്‍പ്പെട്ടുവെന്ന് വിവരമില്ല.
ഒരുമിച്ച് കിടന്നുറങ്ങിയവരാണ് നേരംപുലരുംമുമ്പ് പ്രകൃതിയുടെ സംഹാര താണ്ഡവത്തില്‍ കുത്തിയൊലിച്ചു മരണത്തിലേക്ക് യാത്രയായത്. മുണ്ടക്കൈപുഴ സന്ധിക്കുന്ന ചാലിയാര്‍ പുഴയില്‍നിന്നു മാത്രം 40 ഓളം മൃതദേഹം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. 34 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 18 മൃതദേഹങ്ങള്‍ വിട്ടുനല്‍കി.
ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തി തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുണ്ടക്കൈയില്‍ നിന്നും ചാലിയാര്‍ പുഴയിലൂടെ ഒഴുകിയെത്തിയ 40 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവ: ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കൂടപിറപ്പുകള്‍ നഷ്ടപ്പെട്ടവര്‍, മക്കളെ നഷ്ടപ്പെട്ട രക്ഷിതാക്കള്‍, മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍ തുടങ്ങി വിലാപങ്ങളടങ്ങാത്തവരുടെ ദുരന്തഭൂമിയായി മാറുകയാണ് ചൂരല്‍മല. മണ്ണിനടിയില്‍ കുരുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ കഴിവിന്റെ പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
മേപ്പാടിയിലും പരിസര പ്രദേശങ്ങളിലുമുള്ള ഖബര്‍സ്ഥാനുകളില്‍ ഒട്ടേറെ ഖബറുകള്‍ കുഴിച്ച് മൃതദേഹങ്ങള്‍ അടക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്.
ഇന്നും നാളെയും സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ദുഃഖാചരണ ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്ക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.