മരണം സംഖ്യ 282
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 282 പേരുടെ മരണം സ്ഥിരീകരിച്ചു.
ഇനിയും 200 ലേറെ പേരെ കാണാനില്ലെന്നാണ് വിവരം. 82 ക്യാമ്പുകളിലായി 8000 ഓളം പേരെ മാറ്റി പാര്‍പ്പിച്ചു.
ദുരന്തത്തിന്റ മൂന്നാം ദിവസമായ ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിച്ചു. ദുരന്തം കൂടുതല്‍ ആള്‍ അപായവും നാശവും വിതച്ച മുണ്ടക്കൈ കേന്ദ്രീകരിച്ചാണ് പ്രധാനമായും തിരച്ചില്‍ നടക്കുന്നത്. ഇന്നലെ ഇവിടെ നിന്നു വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയിലും മറ്റും കുടുങ്ങിക്കിടന്ന നിരവധി മൃതദേഹങ്ങള്‍ രക്ഷാ പ്രവര്‍ത്തര്‍ കണ്ടെടുത്തിരുന്നു. മുണ്ടക്കൈയിലെ റിസോര്‍ട്ടിലും, കുന്നിന്‍മുകളിലും കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് സാധിച്ചിരുന്നില്ല.
15 മണ്ണുമാന്തിയന്ത്രങ്ങള്‍ രാത്രി മുണ്ടക്കൈയിലെത്തിച്ചെന്ന് റവന്യുമന്ത്രി കെ. രാജന്‍ പറഞ്ഞു. കൂടുതല്‍ കട്ടിങ് മെഷീനുകളും,ആംബുലന്‍സുകളും എത്തിക്കും. സൈന്യം നിര്‍മിക്കുന്ന ബെയ്‌ലി പാലം ഇന്ന് പ്രവര്‍ത്തന സജ്ജമാകും. ഇന്നലെ രാ്ര്രതിയും വിശ്രമമില്ലാതെ പാലം നിര്‍മാണം പുരോഗമിക്കുകയായിരുന്നു.
190 അടി നീളം 24 ടണ്‍ശേഷിയുമുളള പാലമാണ് സജ്ജമാകുന്നത്. പതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവത് ആണ് നിര്‍മ്മാണ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. 17 ട്രക്കുകളിലായാണ് പാലം നിര്‍മ്മാണത്തിന്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിച്ചത്. സമാന്തരമായി മറ്റൊരു ചെറിയ താല്കാലിക നടപ്പാലം നിര്‍മിച്ചിരുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തില്‍ സംസ്ഥാനവും, രാജ്യവും ഒറ്റക്കെട്ടായി വയനാട്ടില്‍ കര്‍മരംഗത്തുണ്ട്. സൈന്യം, എന്‍ഡിആര്‍എഫ് കേരള പൊലീസ്, ഫയര്‍ ഫോഴ്സ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി നൂറികണക്കിനു സംവിധാനങ്ങളാണ് മൂന്നുദിനമായി രാപകല്‍ പ്രവര്‍ത്തിക്കുന്നത്.