കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് സസ്പെൻഷൻ. അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ ബിജോൺ ജോൺസനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നാല് വയസ്സുകാരിക്ക് കൈയിൽ വിരലിന് ശസ്ത്രക്രിയക്കണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൈയിൽ അധികമായി ആറാം വിരൽ രൂപപ്പെട്ടിരുന്നു. ഇത് നീക്കം ചെയ്യുന്നതിന് പകരം കുട്ടിയുടെ നാവിനാണ് ശസ്ത്രക്രിയ നടത്തിയത്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡിയാട്രിക്‌സ് സർജറി വിഭാഗത്തിൽ കുട്ടിയെ ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തിറക്കിയപ്പോൾ കൈയിൽ ശസ്ത്രക്രിയയുടെ ലക്ഷണം കാണാതെയിരുന്നതോടെ ബന്ധുക്കൾ ചോദിച്ചപ്പോഴാണ് നാവിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് അറിയിച്ചത്. നാവിനടിയിൽ് ശസ്ത്രക്രിയ നടത്തി വായിൽ പഞ്ഞിവച്ച നിലയിലായിരുന്നു കുട്ടിയെ പുറത്തേക്ക് കൊണ്ടുവന്നത്. എന്നാൽ നാവിന് താഴെ ഒരു തടിപ്പ്് ഉണ്ടായിരുന്നെന്നും ഇത് കണ്ടെത്തി ശസ്ത്രക്രിയ നടത്തുകയായിരുന്നെന്നുമായിരുന്നു ഡോക്ടമാരുടെ മറുപടി.
അബന്ധം ചോദ്യം ചെയ്യപ്പെട്ടതോടെ തുടർന്ന് തിയേറ്ററിൽ പ്രവേശിപ്പിച്ച് വിരലിനും ശസ്ത്രക്രിയ നടത്തി. കുട്ടിക്ക് സംസാരിക്കാൻ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും നാവിന് കുഴപ്പമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെയാണ്്് ഡോക്ടറെ സസ്‌പെൻഡ് ചെയ്തത്
ശസ്ത്രക്രിയ കുടുംബത്തിന്റെ അറിവോടെയല്ലെന്നും ഭാവിയിൽ പ്രശ്നങ്ങളുണ്ടാകില്ലെന്നും ഡോക്ടർ എഴുതി നൽകുകയും ചെയ്തു. സംഭവത്തിൽ മെഡിക്കൽ കോളജിന് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.