ഒരു പ്രധാനമന്ത്രിയും ഇതുപോലെ വിദ്വേഷപ്രസംഗങ്ങൾ നടത്തിയിട്ടില്ലെന്ന് മുൻ പ്രധാന മന്ത്രി മൻമോഹൻ സിങ് വിമർശിച്ചു. ഒരു പ്രത്യേക സമുദായത്തെയോ പ്രതിപക്ഷത്തെയോ ലക്ഷ്യം വച്ചുള്ള വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങൾ നടത്തി, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ്സ് താഴ്ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിന് മുന്നോടിയായി പൗരന്മാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിലായിരുന്നു മൻമോഹൻ സിങ്ങിന്റെ വിമർശനം.
”ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ രാഷ്ട്രീയ ചർച്ചകൾ ഞാൻ വളരെ ശ്രദ്ധയോടെ വീക്ഷിക്കുകയായിരുന്നു. മോദി നികൃഷ്ടമായ വിദ്വേഷ പ്രസംഗങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്, അവ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ്. പ്രധാനമന്ത്രി ഓഫീസിന്റെ അന്തസ്സും ഗൗരവവും താഴ്ത്തിക്കെട്ടുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.ഒരു പ്രത്യേക വിഭാഗത്തെയോ പ്രതിപക്ഷത്തെയോ ലക്ഷ്യം വയ്ക്കാൻ മുൻ പ്രധാനമന്ത്രികളാരും ഇത്രയും നികൃഷ്ടവും താഴ്ന്ന നിലവാരത്തിലുള്ളതുമായ ഭാഷയും ഉപയോഗിച്ചിട്ടില്ല. ചില തെറ്റായ പ്രസ്താവനകൾ എന്റെ പേരിലും നടത്തിയിട്ടുണ്ട്. എന്റെ ജീവിതത്തിൽ ഒരിക്കലും ഒരു സമുദായത്തെ മറ്റൊരു സമൂഹത്തിൽ നിന്ന് വേർതിരിച്ചിട്ടില്ല.” അദ്ദേഹം കത്തിൽ പറയുന്നു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തെ സമ്പത്ത് മുഴുവൻ നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുണ്ടാക്കുന്നവർക്കും നൽകുമെന്നായിരുന്നെന്ന് രാജസ്ഥാനിൽ ഏപ്രിലിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികൾ മുസ്‌ലിംകളാണെന്നാണ് മൻമോഹൻ സിങ് മുൻപ് വ്യക്തമാക്കിയിട്ടുള്ളതെന്നു പറഞ്ഞായിരുന്നു ഇത്തരമൊരു പരാമർശം.