മണിപ്പൂരിലെ നിലവിളികൾക്കു നേരേ പുലർത്തുന്ന ക്രൂരമായ നിശ്ശബ്ദ്ധതയ്ക്കും നിഷ്‌ക്രിയത്വത്തിനും ഭാവിയിലെങ്കിലും കേരള സഭ മാപ്പു പറയേണ്ടി വരും.
മണിപ്പൂർ കലാപത്തിൽ കത്തോലിക്ക സഭയുടെ മൗനത്തെ ഫേസ്ബുക്കിലൂടെ വിമർശിച്ച താമരശ്ശേരി രൂപതയിലെ ഫാദർ അജി പുതിയാപറമ്പിലിനെ സസ്‌പെൻഡ് ചെയ്തു. അച്ചടക്കം ലംഘിച്ചതായി ആരോപിച്ച്് താമരശ്ശേരി ബിഷപ്പാണ് നടപടി എടുത്തിരിക്കുന്നത്.
മണിപ്പൂരിലെ നിലവിളികൾക്കു നേരേ പുലർത്തുന്ന ക്രൂരമായ നിശ്ശബ്ദ്ധതയ്ക്കും നിഷ്‌ക്രിയത്വത്തിനും ഭാവിയിലെങ്കിലും കേരള സഭ മാപ്പു പറയേണ്ടി വരും തീർച്ച ഇതായിരുന്നു കുറിപ്പിലെ പ്രസക്ത ഭാഗം തുടർന്ന് വൈദികനെ നൂറാംതോട് പളളി വികാരിയായി സ്ഥലം മാറ്റി. എന്നാൽ ഇവിടെ വൈദികൻ വികാരി സ്ഥാനം ഏറ്റെടുത്തിരുന്നില്ല. അച്ചടക്ക നടപടിയുടെ ഭാഗമായാണ് സ്ഥലംമാറ്റമെന്ന് പറയുന്നു. ഫേസ്ബുക്ക് കുറിപ്പ് സഭയ്ക്ക് അവമതിപ്പ ഉണ്ടാക്കിയെന്നും പരാമർശമുണ്ട്്്.
ഫാദർ തോമസ് അജി പുതിയാംപറമ്പിലിന്റെ കുറിപ്പ് വായിക്കാം
ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ*???
‘തിന്മയ്‌ക്കെതിരേ നിശ്ശബ്ദത പാലിക്കുന്നത് പാപമാണ്’ ജോൺ പോൾ രണ്ടാമൻ.
ഹിറ്റ്‌ലറുടെ നാസി ഭീകരതയെ, നിശ്ശബ്ദ്ധത കൊണ്ടും നിഷ്‌ക്രിയത്വം കൊണ്ടും സഹായിച്ച, കത്തോലിക്ക സഭയുടെ പാപത്തിന്, അദ്ദേഹം പരസ്യമായി മാപ്പു പറഞ്ഞു.
മഹാജൂബിലി വർഷത്തിലെ നോമ്പുകാലത്ത് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ക്രൂശിത രൂപത്തിൽ കെട്ടിപ്പിടിച്ചു കൊണ്ട് അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞു: ‘ ഞങ്ങൾ മനസ്തപിക്കുന്നു …. ദയവായി മാപ്പുതരിക’
യൂറോപ്യൻ സഭ വിശേഷിച്ചും ജർമ്മൻ സഭ ഹിറ്റ്‌ലറെ പിന്തുണയ്ക്കാനുണ്ടായ പല കാരണങ്ങളിൽ മുന്നെണ്ണം ഇവയാണ്.
- താൻ ക്രൈസ്തവരുടെ സംരക്ഷകനാണെന്നും സഭയുടെ ശത്രുക്കൾ തന്റെയും ശത്രുക്കളാണെന്നും ജർമ്മനിയുടെ അടിസ്ഥാനം തന്നെ ക്രൈസ്തവികമാണെന്നുമുള്ള ഹിറ്റ്‌ലറിന്റെ കപട നിലപാട്. (ജർമ്മനിയിലെ ഭൂരിപക്ഷമായ ക്രൈസ്തവരുടെ പിന്തുണ നേടാനുള്ള അടവുനയം മാത്രമായിരുന്നു ഇത്. പിന്നീട് നുറു കണക്കിന് വൈദികരും ആയിരക്കണക്കിന് ക്രിസ്ത്യാനികളും നാസി ക്രൂരതകൾക്ക് ഇരയായി വധിക്കപ്പെട്ടു)
- തങ്ങളുടെ സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സുഗമമായ നടത്തിപ്പിന് ഭരണകൂടവുമായി സഹകരിക്കുന്നതാണ് നല്ലതെന്ന പ്രയോഗിക ചിന്ത.
- ക്രൂരനും സ്വേച്ഛാധിപതിയുമാണ് ഹിറ്റ്‌ലർ എന്നു തിരിച്ചറിഞ്ഞപ്പോൾ തങ്ങളുടെയും വിശ്വാസികളുടെയും സുരക്ഷയെ ഓർത്തുള്ള ഭയം
പ്രധാനമായും ഈ മൂന്ന് കാരണങ്ങൾ കൊണ്ടാണ് സഭാ നേതൃത്വം ഹിറ്റ്‌ലറോട് സഹകരിച്ചത്. എന്നാൽ പിന്നീട് സഭയുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത എടായി ഇത് മാറി
പഠിച്ചാൽ തീരാത്ത പാഠപുസ്തകമാണ് ചരിത്രം. എന്നാൽ അതിലെ ദുരന്തം നിറഞ്ഞ താളുകൾ വീണ്ടും ആവർത്തിക്കാറുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇന്നത്തെ കേരള സഭ അതിന് ഉത്തമ ഉദാഹരണമാണ്. മണിപ്പൂരിലെ നിലവിളികൾക്കു നേരേ പുലർത്തുന്ന ക്രൂരമായ നിശ്ശബ്ദ്ധതയ്ക്കും നിഷ്‌ക്രിയത്വത്തിനും ഭാവിയിലെങ്കിലും കേരള സഭ മാപ്പു പറയേണ്ടി വരും. തീർച്ച …
ഒരു കുരിശുപള്ളിയുടെ നേരേ ആക്രമണമുണ്ടായാലോ ഏതെങ്കിലും ഒരു ക്രൈസ്തവ സ്ഥാപനത്തിന് മുമ്പിൽ സമരമുണ്ടായാലോ കത്തിജ്വലിക്കാറുള്ള സഭാസ്‌നേഹവും സമുദായ ബോധവും ഉണ്ടല്ലോ. അതൊന്നും
മണിപ്പൂരിലെ സങ്കടങ്ങളുടെ കണ്ണീർപ്പാടങ്ങളുടെ പേരിൽ കണ്ടില്ല. പേരിനൊരു പ്രസ്താവനയും പിന്നെ ഒരു മെഴുകുതിരി പ്രാർത്ഥനനയും. അത്രമാത്രം
മെത്രാൻമാരുടെ ചുവന്ന അരക്കെട്ട് അലങ്കാരത്തിന് വേണ്ടിയല്ലെന്നും അതിന്റെ നിറം സൂചിപ്പിക്കുന്നതു പോലെ രക്തസാക്ഷിത്വം വരിക്കാനുള്ള സന്നദ്ധതയാണെന്നുമൊക്കെ മെത്രാഭിഷേക ചടങ്ങിലെ പ്രസംഗത്തിൽ കേട്ടിട്ടുണ്ട്. ആദർശം പ്രസംഗത്തിനപ്പുറം പ്രവൃത്തി കൊണ്ട് കാണിക്കാൻ പറ്റിയ സമയമാണിത്. ‘ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ’ ക്രിസ്തു അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം അത് പറഞ്ഞിട്ടുണ്ട്.
‘ നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു. ഇടയനല്ലാത്തവനും ആടുകൾ സ്വന്തമല്ലാത്തവനുമായ കൂലിക്കാരൻ, ചെന്നായ് വരുന്നതു കാണുമ്പോൾ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു’.
(യോഹന്നാൻ 10: 11-12)
ഫാ. അജി പുതിയാപറമ്പിൽ