കൊച്ചി: എം.വി. നികേഷ്് കുമാർ മാധ്യമ പ്രവർത്തനത്തിൽനിന്നു വിടവാങ്ങുന്നു. രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാകാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. നിലവിൽ റിപ്പോർട്ടർ ടി.വി.എഡിറ്റർ ഇൻ ചീഫ് ആയ നികേഷ് കുമാർ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിവായി.
ഏഷ്യാനെറ്റിലൂടെ മാധ്യമ പ്രവർത്തന രംഗത്ത് എത്തിയ നികേഷ് കുമാർ, 2003 ൽ ഇന്ത്യാവിഷൻ ആരംഭിച്ചപ്പോൾ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവർത്തിച്ചു. 2011ൽ സ്വന്തമായി റിപ്പോർട്ടർ ടിവിക്ക് രൂപം നൽകി. 28 വർഷത്തെ സജീവ മാധ്യമ പ്രവർത്തനമാണ് അവസാനിപ്പിക്കുന്നത്.
എല്ലാ കാലത്തും തന്റെ ജീവിതത്തിൽ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് എം വി നികേഷ് കുമാർ പറഞ്ഞു. ‘ഒരു പൗരനെന്ന നിലയിൽ പൊതുപ്രവർത്തനത്തിന്റെ ഭാഗമായി വിവിധ രീതിയിൽ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഐഎം അംഗമായി പ്രവർത്തിക്കും. റിപ്പോർട്ടർ ടിവി ഞാൻ ജന്മം നൽകിയ സ്ഥാപനമാണ്. എന്റെ കരുതലും സ്നേഹവുമെല്ലാം എല്ലാ കാലത്തും റിപ്പോർട്ടറിനൊപ്പം ഉണ്ടാകും. ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവർത്തനത്തിൽ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം,’ എം വി നികേഷ് കുമാർ വിശദീകരിച്ചു.
കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന അന്തരിച്ച എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനായി 1973 മെയ് 28 നാണ് എം വി നികേഷ് കുമാറിന്റെ ജനനം. രാംനാഥ് ഗോയങ്ക അവാർഡുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2016 ൽ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് അഴീക്കോട് മത്സരിച്ചെങ്കിലും മുസ്ലിം ലീഗിലെ കെ.എം. ഷാജിയോട് തോറ്റതോടെയാണ് വീ്ണ്ടും മാധ്യമ പ്രവർത്തനത്തിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ ഇക്കുറി പൂർണമായും രാഷ്്ട്രീയത്തിലേക്ക് മടങ്ങുകയാണെന്നാണ് പ്രഖ്യാപനം സൂചിപ്പിക്കുന്നത്. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്നാണ് അറിയുന്നത്.