നെടുങ്കണ്ടം: കപട വാഗ്ദാനങ്ങള്‍ നല്‍കിയ ബി ജെ പി സര്‍ക്കാരിനെതിരെയും പാര്‍ലമെന്‍റില്‍ നിശബ്ദരായ വര്‍ക്കെതിരെയും വോട്ടര്‍മാര്‍ നിലപാട് സ്വീകരിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. അധികാരത്തിലെത്തിയാല്‍ കള്ളപ്പണം പിടിച്ച് 15 ലക്ഷം ഓരോരുത്തരുടയും അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും കാര്‍ഷിക ഉല്‍പന്ന വില ഉയര്‍ത്തുമെന്നും കപട വാഗ്ദാനങ്ങള്‍ നല്‍കി.
ജനങ്ങളുടേയും നാടിന്‍റെയും ജീവത്തായ പ്രശ്നങ്ങളില്‍ പാര്‍ലമെന്‍റില്‍ ശബ്ദിക്കാത്തവരാണ് 18 യു ഡി എഫ് എംപിമാര്‍ ഇതിനെതിരെ വിധിയെഴുതണം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്സ് ജോര്‍ജിന്‍റെ പ്രചാരണാര്‍ഥം ആനച്ചാല്‍, നെടുങ്കണ്ടം, കുമളി എന്നിവിടങ്ങളിലെ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിയേറ്റ കര്‍ഷകരുടെ ഭാവി ഇരുളടയുന്ന ഘട്ടങ്ങളില്‍ ഓടിയെത്തി ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നവരാണ് ഇടതു പക്ഷം. പാവങ്ങളുടെ പടത്തലവന്‍ എ കെ ജി മുതല്‍ ജോയ്സ് ജോര്‍ജുവരെ പാവങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവരുടെ ശ്രേണിയില്‍ പെടും. പ്രശ്നങ്ങളില്‍ ഒന്നും ഇടപെടാതെ വഞ്ചന കാട്ടിയ ജനപ്രതിനിധിയെയും വികസന നായകനെയും തിരിച്ചറിയണം. ജോയ്സ് ജോര്‍ജിന്‍റെ മികവാര്‍ന്ന പ്രവര്‍ത്തനം തുടര്‍ന്നും ഉണ്ടാവാനുള്ള സാഹചര്യം നാട് ആഗ്രഹിക്കുന്നതായും ബേബി പറഞ്ഞു.
ആനച്ചാലില്‍ കെ.എം. ഷാജി അധ്യക്ഷനായി. കെ.വി. ശശി സ്വാഗതവും മനു നന്ദിയും പറഞ്ഞു. സി പി ഐ ജില്ലാ സെക്രട്ടറി കെ. സലിം കുമാര്‍ സംസാരിച്ചു. നേതാക്കളായ സി.വി. വര്‍ഗീസ്, ചാണ്ടി പി. അലക്സാണ്ടര്‍, ടി.പി. വര്‍ഗീസ്, കോയ അമ്പാട്ട്, ആമ്പല്‍ ജോര്‍ജ്, കെ.എന്‍. റോയി, സി.എം. അസീസ്, ബിജോ കല്ലാര്‍, ടി.കെ. ഷാജി എന്നിവര്‍ പങ്കെടുത്തു.
ചിത്രം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജിന്‍റെ ആനച്ചാലില്‍ നടന്ന തെരഞ്ഞെടുപ്പ് പരിപാടിയില്‍ സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യുന്നു.