വടകര പാർലമെന്റ് തിര്‌ഞ്ഞെടുപ്പിൽ എൽഡിഎഫ് സ്്ഥാനാർഥിക്കെതിരെ പ്രചരിച്ച വ്യാജ കാഫിൽ പ്രയോഗത്തിൽ യഥാർഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട്്് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം റൂറൽ എസ്പിക്ക് വീണ്ടും പരാതി നൽകി. കുറ്റ്യാടി മുൻ എംഎൽഎ പാറയ്ക്കൽ അബ്ദുള്ളയോടൊപ്പം എത്തിയാണ് കാസിം പരാതി നൽകിയത്.
സക്രീൻ ഷോട്ട് പുറത്തുവന്ന് മണിക്കൂറുകൾക്കകം ഖാസിം പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും ഇതുവരെ എഫ്.ഐ.ആർ ഇടാൻ പോലും പൊലീസ് തയ്യാറാവാത്ത സാഹചര്യത്തിലാണ് വീണ്ടും പരാതി നൽകിയതെന്ന് പാറയ്ക്കൽ അബ്ദുള്ള ഫേസ്ബുക്കിലൂടെ അറിയിച്ചത്. പരാതി നൽകാനായി റൂറൽ എസ്പി ഓഫീസിൽ നില്ക്കുന്ന ചിത്രവും അദ്ദേഹം പങ്കിട്ടു.
‘അമ്പാടിമുക്ക് സഖാക്കൾ, കണ്ണൂർ’ എന്ന സിപിഎം പേജിലൂടെയാണ് ഈ വ്യാജ സ്ക്രീൻഷോട്ട് പുറത്ത് വന്നത്. അപ്ലോഡ് ചെയ്ത് പതിനഞ്ച് മിനുട്ടുകൾക്കകം പ്രസ്തുത പോസ്റ്റ് പേജിൽ നിന്ന് നീക്കം ചെയ്തെങ്കിലും അപ്പോഴേക്കും വ്യാജ സ്ക്രീൻഷോട്ട് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. പ്രസ്തുത ഫെയ്സ്ബുക്ക് പേജിന്റെ അഡ്മിൻമാരെ കണ്ടെത്തി അവരെ ചോദ്യം ചെയ്താൽ വ്യാജ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താൻ കഴിയുമെന്നിരിക്കെ അത്തരത്തിലുള്ള ഒരു നീക്കവും പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്നാണ് ഇന്ന് എസ്.പി.യെ സന്ദർശിച്ചപ്പോൾ മനസ്സിലായതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഇതിനിടെ വടകരയിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായവും, മുസ്ലിം ലീഗുമായി ആശയവിനിമയം നടത്തിയെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനന്റെ പ്രസ്താവനയും പുറത്തുവന്നതോടെ പ്രശ്‌നത്തിൽ മുസ്ലിം ലിഗിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രവർത്തകരുടെ രോഷം ശകതമാണ്. കാഫിൽ പ്രയോഗത്തിന്റെ ഉറവിടമാണ് ആദ്യം കണ്ടെത്തേണ്ടതെന്നും ഒത്തു തീർപ്പല്ലെന്നുമാണ് പ്രവർത്തകർ പറയുന്നത്. പാർട്ടിയുടെ ആത്മാഭിമാനം പണയം വച്ച് കളിക്കരുതെന്നാണ് മുന്നറിയിപ്പ്.
പാറയ്ക്കൽ അബ്ദുള്ളയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ഇന്ന് വീണ്ടും വടകര റൂറൽ എസ്.പി ഓഫീസിൽ ഖാസിമിനോടൊപ്പം പോയി.
പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ തലേന്ന് വൈകുന്നേരം പ്രചരിച്ച വ്യാജ ‘കാഫിർ’ സ്ക്രീൻഷോട്ടിന് പിന്നിലുള്ള യഥാർത്ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകാനാണ് വടകര എസ്.പി.യെ കണ്ടത്.
വ്യാജ സ്ക്രീൻഷോട്ട് പുറത്ത് വന്നു മണിക്കൂറുകൾക്കകം ഖാസിം പോലീസിൽ നൽകിയ പരാതിയിൽ ഇത് വരെ എഫ്.ഐ.ആർ ഇടാൻ പോലും പോലീസ് തയ്യാറായിട്ടില്ല. അത് കൊണ്ടാണ് ഇന്ന് വീണ്ടും എസ്.പി ക്ക് പരാതി നൽകേണ്ടി വന്നത്.
‘അമ്പാടിമുക്ക് സഖാക്കൾ, കണ്ണൂർ’ എന്ന സിപിഎം പേജിലൂടെയാണ് ഈ വ്യാജ സ്ക്രീൻഷോട്ട് പുറത്ത് വന്നത്. അപ്ലോഡ് ചെയ്ത് പതിനഞ്ച് മിനുട്ടുകൾക്കകം പ്രസ്തുത പോസ്റ്റ് പേജിൽ നിന്ന് നീക്കം ചെയ്തെങ്കിലും അപ്പോഴേക്കും വ്യാജ സ്ക്രീൻഷോട്ട് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. പ്രസ്തുത ഫെയ്സ്ബുക്ക് പേജിന്റെ അഡ്മിൻമാരെ കണ്ടെത്തി അവരെ ചോദ്യം ചെയ്താൽ വ്യാജ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താൻ കഴിയുമെന്നിരിക്കെ അത്തരത്തിലുള്ള ഒരു നീക്കവും പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്നാണ് ഇന്ന് എസ്.പി.യെ സന്ദർശിച്ചപ്പോൾ മനസ്സിലായത്.
ഈ കേസിൽ ആരോപണവിധേയനായ ഖാസിം തന്നെ പലതവണ പോലീസ് സ്റ്റേഷൻ കയറിയിറങ്ങിയിട്ടും തന്റെ ഫോൺ വിദഗ്ദ പരിശോധനക്ക് സമർപ്പിച്ചിട്ടും പോലീസ് അന്വേഷണം വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്. ഇനി ഖാസിമാണ് ഇതിനു പിന്നിലെന്ന സി.പി.എം ആരോപണം ശരിയായിരുന്നെങ്കിൽ ഇതിനകം ഖാസിം അഴിക്കുള്ളിലാകുമായിരുന്നു എന്നതിൽ ഒരു സംശയവുമില്ല. ഇത് തന്നെയാണ് എസ്.പി.യുമായി സംസാരിച്ചപ്പോൾ അദ്ദേഹം പങ്ക് വെച്ചതും.
ശൂന്യതയിൽ നിന്നും നുണ ബോംബ് പൊട്ടിച്ച് നാട്ടിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികൾക്കെതിരെയുള്ള നിയമ പോരാട്ടം തുടരുക തന്നെ ചെയ്യും.