കൊച്ചി : മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, പള്ളുരുത്തി പൊലീസും കൊച്ചി സിറ്റി ഡാൻസാഫും നഗരത്തിൽ വിവിധ ഇടങ്ങളിൽ സംയുക്തമായി നടത്തിയ ലഹരി വേട്ടയിൽ എംഡിഎംഎ അടക്കം ലക്ഷങ്ങളുടെ മയക്കുമരുന്ന്് പിടിച്ചെടുത്തു.
മഹാരാഷ്ട്ര സ്വദേശിയായ യുവതി അടക്കം ആറുപേർ അറസ്റ്റിലായി.
മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക് (27), മഹാരാഷ്ട്ര പുണെ സ്വദേശിനി അയിഷ ഗഫാർ സെയ്ത് (39) എന്നിവരെ സ്വകാര്യ ഹോട്ടൽ മുറിയിൽനിന്നാണ് പിടികൂടിയത്. ഇവരിൽ നിന്ന് 15 ലക്ഷത്തോളം വിലവരുന്ന 300 ഗ്രാമിനടുത്ത് എംഡിഎംഎയും 6.8 ഗ്രാം കഞ്ചാവും 3 ലക്ഷത്തോളം രൂപയും കണ്ടെടുത്തു.
മറ്റൊരു പരിശോധനയിൽ അയ്യൻ മാസ്റ്റർ ലൈനിലുള്ള വീട്ടിൽനിന്നു 29.16 ഗ്രാം എംഡിഎംഎയും 9.41 ഗ്രാം ഹാഷിഷ് ഓയിലും 4.64 ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. ഇവിടെനിന്ന് മട്ടാഞ്ചേരി സ്വദേശികളായ സജീർ (28), അദിനാൻ സവാദ് (22) എന്നിവരെയാണ് പിടികൂടിയത്. മട്ടാഞ്ചേരി ദ്രോണാചാര്യയ്ക്ക് സമീപമുള്ള വീട്ടിൽനിന്നും മട്ടാഞ്ചേരി സ്വദേശി ഷഞ്ജൽ (34), ഇയാൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന മുഹമ്മദ് അജ്മൽ (28) എന്നിവരെയും പിടികൂടി. ഇവരിൽനിന്ന് 13.91 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പള്ളുരുത്തിയിലെ വെളി ഭാഗത്ത് ബാദുഷ എന്നയാളുടെ വീട്ടിൽനിന്നും 100.89 ഗ്രാം എംഡിഎംഎയും പിടികൂടി.