Home NEWS INDIA കന്നഡികർക്ക് തൊഴിൽ സംവരണം നിർബന്ധമാക്കുന്ന ബിൽ തത്ക്കാലം മരവിപ്പിച്ചു

കന്നഡികർക്ക് തൊഴിൽ സംവരണം നിർബന്ധമാക്കുന്ന ബിൽ തത്ക്കാലം മരവിപ്പിച്ചു

സ്വകാര്യമേഖലയിൽ കന്നഡികർക്ക് തൊഴിൽ സംവരണം നിർബന്ധമാക്കുന്ന ബിൽ നടപ്പാക്കുന്നത് വ്യവസായ മേഖലയിൽ നിന്നും മറ്റും എതിർപ്പ് ശക്തമായതോടെ കർണാടക സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. മന്ത്രി സഭ അംഗീകരിച്ച ബിൽ നിയമസഭയിൽ അവതരിപ്പിക്കും മുമ്പ് വ്യവസായികൾ അടക്കം ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യും

വ്യവസായ സ്ഥാപനങ്ങൾ, ഫാക്ടറികൾ, ഐടി കമ്പനികൾ അടക്കം തൊഴിൽ സ്ഥാപനങ്ങളിൽ 50 ശതമാനം മാനേജ്‌മെന്റ് തസ്തികകളിലേക്കും 75 ശതമാനം മാനേജ്‌മെന്റേതിര തസ്തികകളിലും താഴ്ന്ന തസ്തികകളിൽ നൂറുശതമാനവും തദ്ദേശീയർക്ക് നിയമനം ഉറപ്പാക്കുന്ന ബില്ല് രാജ്യവ്യാപകമായി ആശങ്ക സൃഷ്ടിച്ചിരുന്നു.

”സംസ്ഥാനത്തെ സ്വകാര്യ വ്യവസായങ്ങളിലും മറ്റ് സംഘടനകളിലും കന്നഡക്കാർക്ക് അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ 50 ശതമാനവും ഭരണേതര തസ്തികകളിൽ 75 ശതമാനവും സംവരണം ഏർപ്പെടുത്താനുള്ള ബില്ലിന് തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി.” എന്ന് സിദ്ധരാമയ്യ എക്സിൽകുറിച്ചതോടെയാണ് വിഷയം ചർച്ചയായത്. പ്രതിഷേധം വ്യാപകമായതോടെ പിന്നീട് സിദ്ധ രാമയ്യ പോസ്റ്റ് പിൻവലിച്ചിരുന്നു.

സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ കന്നഡ അനുകൂല സർക്കാരാണെന്നും കന്നഡിഗർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘കന്നഡിഗർക്ക് അവരുടെ നാട്ടിൽ ജോലി ഇല്ലാതിരിക്കരുതെന്നും സുഖകരമായ ജീവിതം നയിക്കാനുള്ള അവസരം നൽകണമെന്നും ആണ് സർക്കാറിന്റെ ആഗ്രഹം. ഞങ്ങളുടേത് കന്നഡ അനുകൂല സർക്കാരാണ്. കന്നഡിഗരുടെ ക്ഷേമം നോക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന,” സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.

ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ബില്ലിനെ ന്യായീകരിച്ചു. ‘കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വന്നത് കന്നഡക്കാരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ വേണ്ടിയാണ് – കന്നഡ ഭാഷ, സംസ്‌കാരം, കന്നഡക്കാർക്ക് ജോലിയിൽ സംവരണം- എന്നതായിരുന്നു ഡി.കെ. ശിവകുമാർ പ്രതികരിച്ചത്.
സംവരണം പാലിച്ചില്ലെങ്കിൽ 10,000 രൂപ മുതൽ 25,000 രൂപ വരെ പിഴ ഈടാക്കുന്നതിനു വ്യവസ്ഥ ചെയ്ത ബില്ലിനെതിരെ ഐടി സംഘടനകൾ ഉൾപ്പെടെ എതിർക്കുകയും നിയമം കർണാടകയിൽ സംരംഭങ്ങൾ ഉപേക്ഷിക്കുന്നതിനു പ്രേരിപ്പിക്കുമെന്നും ആരോപിച്ചു. ബയോകോൺ ചെയർപേഴ്സൺ കിരൺ മജുംദാർ ഷാ, ഇൻഫോസിസ് മുൻ സിഎഫ്ഒ മോഹൻദാസ് പൈ, തുടങ്ങിയ വ്യവസായ പ്രമുഖർ ബില്ലിനെതിരെ പരസ്യമായി രംഗത്തിറങ്ങിയതും ശ്രദ്ധിക്കപ്പെട്ടു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version