നിയമ സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ വോട്ടെടുപ്പിനു തലേദിവസം ഇടതുപക്ഷം ആയുധമാക്കിയ കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നല്കി.
വടകര സി.ഐ സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് നിരവധി ഇടതുപക്ഷ സൈബർ ഗ്രൂപ്പുകളെ പ്രതിക്കൂട്ടിലാക്കുന്ന വിവരം ഉള്ളത്.അമ്പാടിമുക്ക് സഖാക്കൾ. റെഡ് ബറ്റാലിയൻ, റെഡ് എൻകൗണ്ടർ, പോരാളി ഷാജി എന്നിങ്ങനെയുള്ള ഗ്രൂപ്പുകളിലാണ് സ്‌ക്രീൻ ഷോട്ട് പ്രചരിച്ചതെന്നാണ് റിപ്പോർട്ട്. വ്യാജ സ്‌ക്രീൻ ഷോട്ടിൽ പേര് കാണിച്ചിരുന്ന എം.എസ്.എഫ് ജില്ലാ സെക്രട്ടറി പി.കെ. കാസിം ഹൈക്കോടതിയിൽ നല്കിയ ഹർജിയിൽ കോടതി ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കേസ് ഡയറി ഹാജരാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.
അമ്പാടിമുക്ക് സഖാക്കൾ. എന്ന ഫേസ്ബുക്ക്് പേജിലാണ് സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് എന്നാണ് പരാതിയിൽ കാസിം പറഞ്ഞിരുന്നത്.
പോലീസ് റിപ്പോർട്ടിലെ പ്രസക്ത ഭാഗം ഇങ്ങനെയാണ്. 2024 ഏപ്രിൽ 25ന് വൈകിട്ട് മൂന്നിനാണ് ‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന പേജിൽ സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിൻ മനീഷിനെ ചോദ്യം ചെയ്തപ്പോൾ ‘റെഡ് ബറ്റാലിയൻ’ എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
ഏപ്രിൽ 25 ഉച്ചക്ക് 2.34നാണ് ‘റെഡ് ബറ്റാലിയൻ’ ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. അമൽ റാം എന്ന വ്യക്തിയാണ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. ‘റെഡ് എൻകൗണ്ടർ’ എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് കിട്ടിയത് എന്നാണ് അദ്ദേഹത്തിന്റെ മൊഴി. ഏപ്രിൽ 25ന് ഉച്ചക്ക് 2.13ന് റിബേഷ് എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീൻഷോട്ട് പ്രചരിച്ചു. ആദ്യം പോസ്റ്റ് ചെയ്ത റിബേഷ് സ്‌ക്രീൻഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് പറഞ്ഞത്. പോരാളി ഷാജി എന്ന ഗ്രൂപ്പിലും സ്‌ക്രീൻ ഷോട്ട് പ്രചരിച്ചിരുന്നു. പോരാളി ഷാജി ഗ്രൂപ്പിന്റെ അഡ്മിൻ വഹാബ് അബ്ദു, അമൽ റാം, റബീഷ്,മനീഷ് എന്നിവരുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് വിദഗ്ധ പരിശോധനയ്ക്കയച്ചു. ശാസ്ത്രീയമായ അന്വേഷണം പുരോഗമിക്കുന്നുവെന്നും ഹൈക്കോടതിയിൽ വടകര പൊലീസ് അറിയിച്ചു. പരിശോധന ഫലം കിട്ടിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയൂ എന്നുമാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
യു.ഡി.എഫ് സ്്ഥാനാർഥിയ ഷാഫി പറമ്പിലിന്റെ ചിത്രവും, സാമ്പിൾ ബാലറ്റ് പേപ്പറിൽ സ്ഥാനവും രേഖപ്പെടുത്തി ഷാഫി അഞ്ചുനേരം നിസ്‌കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണ്, മറ്റേതോ കാഫിറായ സ്ത്രീ സ്ഥാനാർഥി, ആർക്കാണ് നമ്മൾ വോട്ട ചെയ്യേണ്ടത് നമ്മളിൽപെട്ടവനല്ലേ ചിന്തിച്ച് വോട്ടു ചെയ്യും എന്നായിരുന്നു വ്യാജ പോസ്റ്ററിലെ വാചകം.
സമൂഹത്തിൽ വലിയ ഭിന്നിപ്പും പ്രത്യാഘാതവും സൃഷ്ടിക്കുന്ന പോസ്റ്റർ സിപിഎം മുൻ എംഎൽഎ കെ.കെ. ലതിക ഉൾപ്പെടെ പോസ്റ്റ് ചെയ്തിരുന്നു. കേസ് കോടതിയിലെത്തിയതോടെയാണ് ലതികയും മറ്റും പോസ്റ്റ് ഡിലീറ്റ് ചെയ്തത്. വോട്ടെടുപ്പിനു ശേഷം ഇതേ പ്രശ്‌നം ഉന്നയിച്ച് എൽ.ഡി.എഫ് ജനകീയ പ്രതിരോധം എന്ന പേരിൽ കാംപയിൻ നടത്തിയിരുന്നു.
തന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയതിന് അന്വേഷണം ആവശ്യപ്പെട്ട് കാസിം വടകര പോലീസിലും,റൂറൽ എസ്പി എന്നിവർക്കും പലതവണ പരാതി നൽകിയൈങ്കിലും അന്വേഷണ പുരോഗതിയില്ലാതെ വന്നതോടെയാണ് ഹൈക്കോടതിയിൽ ഹർജി ല്കിയത്.
പോലീസ് റിപ്പോർട്ട് പുറത്തുവന്നതോടെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് മുസ്ലിം യൂത്ത് ലീഗ്