ഇസ്രയേൽ ഗാസക്കു നേരെ നടത്തുന്ന ആക്രമണം പത്ത് ദിവസം പിന്നിട്ടതോടെ മരണ സംഖ്യ 3000 ആയി ഉയർന്നു. ചൊവ്വാഴ്ച പുലർച്ച തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബ് ആക്രമണത്തിൽ നൂറോളം പേർ മരിച്ചു. റഫയിലും ഖാൻയുനിസിലും ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. തിങ്കളാഴ്ച വൈകുന്നേരം വരെ 853 കുട്ടികളും 936 സ്ത്രീകളും ഉൾപ്പെടെ 2,808 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം.
എന്നാൽ യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ ആയിരത്തോളം കുട്ടികൾ മരിച്ചതായാണ് കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടന പറയുന്നത്. ദിനം പ്രതി നൂറോളം കുട്ടികൾ മരിക്കുന്നു. 500 കുട്ടികളുൾപ്പെടെ 1,200 പേരെ കാണാതായിട്ടുണ്ട്, ഇവർ തകർന്ന കെട്ടിടത്തിനുള്ളിൽപ്പെട്ടതായാണ് സംശയിക്കുന്നത്്്. പതിനായിരത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്, അവരിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്.
വെളളവും ഭക്ഷണവും ഉപരോധം തുടരുന്നതോടെ ലക്ഷകണക്കിനു ഗസ്സ നിവാസികൾ കടുത്ത ദുരിതത്തിലാണ്. പരിക്കേറ്റവരെയും മരിച്ചവരെയും കൊണ്ട് ആശുപത്രികൾ നിറയുന്നു. പ്രാഥിമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും വെള്ളമില്ല. പലേടത്തും ജനം മലിനജലം ഉപയോഗിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. കെട്ടിടങ്ങളുടെ അടിയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള സംവിധാനമില്ല. കൈകൊണ്ട് അവശിഷ്ടങ്ങൾ നീക്കി പരിക്കേറ്റവരെ രക്ഷിക്കാന് ശ്രമിക്കുന്ന കാഴ്ചയും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടെ ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണം തടയുന്നതിൽ സൈന്യം പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഇസ്രായേലിന്റെ മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ തലവൻ ഏറ്റെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്റലിജൻസ് പരാജയമാണ് സംഭവിച്ചതെന്ന്് ഇസ്രായേലി സൈന്യത്തിലെ മേജർ ജനറൽ അഹരോൺ ഹലിവ പറഞ്ഞു.
.’ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യത്തിൽ ഞങ്ങൾ പരാജയപ്പെട്ടു, മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ തലവൻ എന്ന നിലയിൽ, പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഞാൻ വഹിക്കുന്നു.’ എന്നാണ് ഹലിവ പ്രസ്താവിച്ചിരിക്കുന്നത്.
ഇതിനിടെ ബന്ദികളെ മോചിപ്പിക്കുന്നതിനു തുർക്കിയുടെ മാധ്യസ്ഥതയിലാണ് ചർച്ച നടക്കുന്നത്. ഇസ്രയേൽ ജയിലിലുള്ള 6000 ഫലസ്തീൻ തടവുകാരെ വിട്ടുകൊടുക്കണമെന്നാണ് ഹമാസിന്റെ പ്രധാന ആവശ്യമെന്ന് അറിയുന്നു.