ഇറാനെതിരെ ഇസ്രയേൽ മിസൈൽ ആക്രമണം. വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് നേരെയാണ് ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണത്തെ തുടർന്ന് രാജ്യത്ത് വിമാന സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചു.
ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും രീതിയിലുളള ആക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. അതേസമയം ആക്രമണത്തെ കുറിച്ച് അറിയാമായിരുന്നു എന്ന് അമേരിക്ക പ്രതികരിച്ചു. അപകടത്തിൽ പരിക്ക് പറ്റിയവരെ കുറിച്ചും മറ്റ് നാശനഷ്ടങ്ങളെകുറിച്ചും വ്യക്തമായ വിവരങ്ങൾ ഇത് വരെ ലഭിച്ചിട്ടില്ല.ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇറാനിലെ ഒരു സൈറ്റിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയതായി യുഎസ് ബ്രോഡ്കാസ്റ്റർ എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു, എന്നാൽ ആക്രമണത്തെക്കുറിച്ച് ഇസ്രായേലിൽ നിന്നും ഇറാനിൽ നിന്നും ഔദ്യേഗിക പ്രതികരണം ഉണ്ടായിട്ടില്ല. ഇതോടൊപ്പം സിറിയയിലും ഇറാഖിലും സ്ഫോടനങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്.