ബിനോജ് നായർ എഴുതുന്നു
മുസ്ലിം രക്ഷകരുടെ വേഷം കെട്ടി ക്യാമറകൾക്കു മുന്നിൽ നിറഞ്ഞാടുന്ന കേരളത്തിലെ മതേതര രാഷ്ട്രീയ നേതാക്കന്മാർ നമുക്ക് ഒരു പുതിയ കാഴ്ചയല്ല. ഇടതു വലതു വ്യത്യാസമില്ലാതെ മുസ്ലിമുകൾക്ക് വേണ്ടി ഘോരഘോരം പ്രസംഗിക്കുകയും മുതലക്കണ്ണീർ ഒഴുക്കുകയും ധാർമിക രോഷം കൊള്ളുകയും ഉഗ്രശപഥങ്ങൾ ചെയ്യുകയും വൻ പ്രഖ്യാപനങ്ങൾ നടത്തുകയും ഒക്കെ ചെയ്യുക എന്നത് ഇവരുടെ ഇഷ്ടവിനോദങ്ങളാണ്.
നേരത്തെ പറഞ്ഞതുപോലെ മുസ്ലിം പ്രേമത്തിന്റെ കാര്യത്തിൽ ഇടതു-വലതു വ്യത്യാസമില്ലെങ്കിലും പലപ്പോഴും പ്രഹസന നാടകത്തിൽ ഒരല്പം മുമ്പിൽ കോൺഗ്രസുകാർ തന്നെയാണ്. മുസ്ലിംകളുടെ സംരക്ഷകരായും മതേതരത്വത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും കാവലാളുകളായുമെല്ലാം വേഷം കെട്ടി സ്വതന്ത്ര ഭാരതത്തിൽ ഏറ്റവും അധികം രാഷ്ട്രീയനേട്ടം ഉണ്ടാക്കിയിട്ടുള്ളതും കോൺഗ്രസ് തന്നെയാണ് എന്ന കാര്യത്തിൽ തർക്കമില്ല.
എന്നാൽ, ഉള്ളിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുസ്ലിം വിരുദ്ധ ലക്ഷ്യങ്ങളെ തൂവെള്ള ഖദറിട്ട് മറച്ച് മുസ്ലിം സംരക്ഷകരായി അഭിനയിച്ചു വോട്ട് തട്ടുന്ന കോൺഗ്രസുകാരെ നമുക്ക് പണ്ഡിറ്റ് നെഹ്‌റുവിൻറെ കാലം മുതൽ കാണാവുന്നതാണ്. ബാബറി മസ്ജിദിനുള്ളിൽ രാമ വിഗ്രഹം സ്വയംഭൂവായി അവതരിച്ചു എന്ന പച്ചക്കള്ളം പറഞ്ഞ് അവിടെ അതിക്രമിച്ചു കടന്ന് നെഹ്റു അറിയാതെ വിഗ്രഹം സ്ഥാപിച്ചതിന് സർവ്വ ഒത്താശയും അന്ന് ചെയ്തു കൊടുത്തത് ഖദറിട്ട കോൺഗ്രസ്സുകാർ തന്നെയായിരുന്നു.
ഇതേ കോൺഗ്രസുകാരാണ് രാമക്ഷേത്ര നിർമ്മാണം എന്ന ലക്ഷ്യവുമായി രാമജന്മഭൂമി പ്രക്ഷോഭങ്ങൾ നടന്നപ്പോൾ അതിന് രാജ്യം ഒട്ടാകെ വേരോട്ടം നൽകുന്നതിനായി രാമായണം കഥ ദൂരദർശനിലൂടെ പ്രക്ഷേപണം ചെയ്യിയ്ക്കാമെന്ന വിശ്വ ഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി അശോക് സിംഗാളിന്റെ ആഗ്രഹം രാജീവ് ഗാന്ധിക്ക് മേൽ സമ്മർദ്ദം ചെലുത്തി സാക്ഷാത്കരിച്ചു കൊടുത്തത്. ബാബറി മസ്ജിദ് തകർത്തത് സംഘപരിവാറുകാർ ആണെങ്കിലും അതിനുള്ള സർവ്വ ഒത്താശയും ചെയ്തു കൊടുത്തത് നമ്മുടെ കോൺഗ്രസുകാർ തന്നെയായിരുന്നു എന്നതും നമ്മൾ മറന്നുകൂടാ.
ഇതൊക്കെ ഇപ്പോൾ പറയാനുള്ള കാരണം മറുനാടൻ ചാനലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന് നിർത്താതെ നിലവിളിക്കുന്ന കേരളത്തിലെ കോൺഗ്രസിന്റെ മതേതര നേതാക്കന്മാരുടെ നെറികെട്ട ഇരട്ടത്താപ്പും മുസ്ലീമുകളോടുള്ള വഞ്ചനാപരമായ സമീപനവും ആണ്. മുസ്ലിമുകൾക്കെതിരെ നിരന്തരം വ്യാജ വാർത്തകൾ ചമച്ച് അന്യമതസ്ഥർക്കുള്ളിൽ അവർക്കെതിരെ വെറുപ്പ് നിറച്ച് അവരുടെ വംശഹത്യയ്ക്കുള്ള സാഹചര്യങ്ങളും ഒരുക്കി നൽകുന്ന ഷാജൻ സ്‌കറിയ എന്ന യൂട്യൂബറെ ന്യായീകരിക്കാനും വെള്ളപൂശാനുമാണ് ഖദറിനുള്ളിൽ ഹിന്ദുത്വവിഷം ഒളിപ്പിച്ചുകൊണ്ട് നടക്കുന്ന ചില കോൺഗ്രസുകാർ ഇപ്പോൾ ശ്രമിക്കുന്നത്.
ഒപ്പം ഉണ്ടായിരുന്ന എല്ലാ സമുദായ സംഘടനകളും കൈവിട്ട കോൺഗ്രസിനൊപ്പം ഇപ്പോൾ ഒരു പരിധിവരെയെങ്കിലും ഉള്ളത് മുസ്ലീമുകൾ മാത്രമാണെന്ന് രാഷ്ട്രീയമറിയുന്നവർക്ക് തിരിച്ചറിയുക പ്രയാസമല്ല. ഒരുകാലത്ത് കറകളഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധരായിരുന്ന ക്രിസ്ത്യൻ സമുദായം കോൺഗ്രസിനൊപ്പം ഉറച്ചു നിന്നിരുന്നു. എന്നാൽ മാറിയ സാഹചര്യത്തിൽ കേരള കോൺഗ്രസിലെ പ്രബല വിഭാഗം ഉൾപ്പെടെ ഇപ്പോൾ ഉള്ളത് എൽഡിഎഫിൽ ആണെന്ന കാര്യം മറക്കാതിരിക്കുക. കോട്ടയം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ക്രിസ്ത്യൻ ബെൽറ്റിലെ വൻ വോട്ട് ചോർച്ച തന്നെയാണ് അധികാരം സ്വപ്നം കണ്ട് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയ കോൺഗ്രസിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിനയായത്. കൂടാതെ, കോൺഗ്രസിലെ ഒരു ചെറിയ വിഭാഗം ബിജെപിയിലേക്ക് കൂടി പോയതോടെ സമുദായം ഏതാണ്ട് പൂർണ്ണമായും കോൺഗ്രസിനെ ഉപേക്ഷിച്ച മട്ടാണ്.
ഹിന്ദുക്കളിലെ പ്രബല വിഭാഗമായ ഈഴവർ സിപിഎമ്മിന്റെ ഉറച്ച വോട്ട് ബാങ്കായി നിലനിന്ന കാലത്തെല്ലാം കോൺഗ്രസിനൊപ്പം നിന്നിരുന്നത് സവർണ്ണ ഹിന്ദു വോട്ടുകൾ ആയിരുന്നു. പക്ഷേ കേരളത്തിൽ ബിജെപി ഒരു സജീവസാന്നിധ്യമായി മാറിയതോടെ നമ്പൂതിരിയും പിള്ളയും മേനോനും നായരുമൊക്കെ അടങ്ങുന്ന സവർണ്ണ ഹിന്ദുക്കൾ ഖദറഴിച്ചു വെച്ച് കാവി പുതയ്ക്കുന്ന കാഴ്ചയാണ് കുറച്ചുകാലമായി നാം കണ്ടുവരുന്നത്.
ഈ സാഹചര്യത്തിലാണ് ഊർദ്ധശ്വാസം വലിച് ആടിയുലഞ്ഞു നിൽക്കുന്ന കോൺഗ്രസിന് ജീവവായു പകരാൻ മുസ്ലിമുകളെയുള്ളൂ എന്ന അവസ്ഥ തൽക്കാലം സംജാതമായിട്ടുള്ളത്. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ ശക്തമായ രാഷ്ട്രീയ സ്വാധീനം ഒന്നിന്റെ മാത്രം ബലത്തിലും പ്രതീക്ഷയിലുമാണ് കേരളത്തിലെ കോൺഗ്രസ് മുഖ്യമായും ഇന്ന് മുന്നോട്ടുപോകുന്നത് എന്ന് പറഞ്ഞാൽ അതൊരു അതിശയോക്തിയാവില്ല.
ഒപ്പമുണ്ടായിരുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികളായ ജാതി മത സമൂഹങ്ങളെല്ലാം സ്വന്തം താല്പര്യങ്ങൾ തേടി കൊഴിഞ്ഞുപോയപ്പോൾ തങ്ങൾക്കൊപ്പം അടിയുറച്ചു നിന്ന മുസ്ലിമുകളോട് കോൺഗ്രസ് തിരിച്ച് എന്താണ് ചെയ്യുന്നത് എന്നതും നാം വിലയിരുത്തേണ്ട വിഷയമാണ്. കേരളത്തിൽ മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിന് ശക്തമായ വേരോട്ടം നൽകി, മുസ്ലീമുകളെ സമൂഹത്തിൽ ഒറ്റപ്പെടുത്താനുള്ള കുതന്ത്രങ്ങൾ മെനയുന്നതിൽ ജനം ടിവിയെ മലർത്തിയടിച്ചു മുന്നിൽ നിൽക്കുന്ന മറുനാടൻ എന്ന ചാനലിന്റെ മുതലാളിയായ ഷാജൻ സ്‌കറിയയെയാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസിന്റെ രണ്ട് പ്രമുഖ മതേതര മുഖങ്ങൾ ഉളുപ്പില്ലാതെ പ്രതിരോധിക്കാൻ രംഗത്തിറങ്ങിയിട്ടുള്ളത്.
ഇതിൽ ആദ്യത്തെയാൾ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി കുപ്പായം തയ്പ്പിച്ചു വച്ച് ഇപ്പോഴും ഇടയ്ക്കിടെ ആ കുപ്പായത്തിലേക്ക് നോക്കി ദീർഘനിശ്വാസം വിടുന്ന രമേശ് ചെന്നിത്തലയാണ്. നിർഭയമായ മാധ്യമപ്രവർത്തനത്തിന്റെ നേർരൂപമായ ഷാജനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന് കേരളത്തിൻറെ മതേതര സമൂഹം അനുവദിക്കില്ല എന്ന കല്ലേ പിളർക്കുന്ന ശപഥമാണ് ആശാൻ എടുത്തിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാനായി ഇതേ ഷാജൻ സ്‌കറിയയുടെ ചാനൽ ഫ്‌ലോറിൽ കയറിനിരങ്ങിയ നിരവധി മതേതരന്മാരായ കോൺഗ്രസുകാരിൽ ഒരാൾ ഈ ചെന്നിത്തല ആയിരുന്നു എന്നതും നാം ഇവിടെ വിസ്മരിച്ചു കൂടാ.
ഷാജനു വേണ്ടി മരിക്കാനും തയ്യാർ എന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുള്ള മറ്റൊരു മതേതര നാടകക്കാരൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആണ്. ഗോൾവാൾക്കറുടെ പടം വച്ച് പൂജ നടത്തി വിളക്കും തെളിയിച്ച് പുറത്തു വന്നിട്ട് താൻ ആർഎസ്എസ്സിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ല എന്ന് ധീരമായി പ്രഖ്യാപിക്കുന്ന രീതിയിലുള്ള മതേതര തട്ടിപ്പുകൾ മുൻപും ചെയ്തിട്ടുള്ള ആളാണ് നമ്മുടെ സതീശൻ. ഇതു മാത്രമല്ല, മുസ്ലീമുകളുടെ പുണ്യമാസത്തിൽ ഇഫ്താർ വിളമ്പുകയും അതിലേക്ക് തന്റെ ഉറ്റ ചങ്ങാതിയായ നാട്ടിലെ ഏറ്റവും വലിയ മുസ്ലിം വിരോധിയെത്തന്നെ ക്ഷണക്കത്ത് അയച്ചു വിളിച്ചു വരുത്തുകയും ചെയ്ത പയറ്റിത്തെളിഞ്ഞ മതേതര കസർത്തുകാരനാണ് സതീശൻ. സംശയിക്കേണ്ട, സതീശൻ ഇഫ്താറിന് വിളിച്ചു സൽക്കരിച്ചത് മുസ്ലീമുകളുടെ സർവ്വനാശം സ്വപ്നം കണ്ടു നടക്കുന്ന ഷാജൻ സക്കറിയയെ തന്നെയാണ്.
ഇത്തരം കോൺഗ്രസുകാർ നേതൃത്വത്തിൽ ഇരിക്കുമ്പോൾ കാഞ്ഞിരപ്പള്ളിയിലെ ഡി സി സി സെക്രട്ടറിയെപ്പോലുള്ള കുട്ടിനേതാക്കന്മാർക്ക് തങ്ങളുടെ മക്കൾ മുസ്ലീമുകളെ തെറി വിളിയ്ക്കുന്നത് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കാനും മുസ്ലിം വിരുദ്ധ പോസ്റ്റുകൾ പരസ്യമായി ഷെയർ ചെയ്യാനുമൊക്കെ പിന്നെ ഭയമോ മടിയോ എന്തിനാണ്?
ഈ രണ്ടു മതേതര അഭ്യാസികളുടെയും മുസ്ലിം പ്രണയ നാടകങ്ങളിൽ നമുക്ക് പണ്ടേ വലിയ വിശ്വാസം ഒന്നും ഇല്ലെങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കേരളത്തിൻറെ മുഖ്യമന്ത്രിയാവാനായി സ്വപ്നം കണ്ടു കഴിയുന്നവരാണ് ഇവർ രണ്ടും എന്നതാണ് നമ്മളെ ചിന്തിപ്പിക്കേണ്ട വിഷയം. മറയില്ലാതെ മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുകയും അവരെപ്പറ്റി നുണപ്രചരണങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്ന ഒരു സാമൂഹ്യവിരുദ്ധന് വേണ്ടി പരസ്യമായി നിലപാടെടുക്കുന്ന ഈ രണ്ടു കോൺഗ്രസ് നേതാക്കന്മാരിൽ ആര് മുഖ്യമന്ത്രിയായാലും അവരെ ആ കസേരയിൽ പിടിച്ചിരുത്താനായി ഏറ്റവും അധികം പണിയെടുക്കാൻ പോകുന്നത് ആരാണ്?
ഉത്തരം ഞാൻ തന്നെ പറഞ്ഞു തരാം. കേരളത്തിലെ മുസ്ലിമുകളുടെ അവകാശ പോരാട്ടങ്ങൾക്ക് ചുക്കാൻ പിടിച്ച പാർട്ടി എന്ന അവകാശപ്പെടുന്ന മുസ്ലിം ലീഗും, അവരുടെ പ്രവർത്തകരും ഒക്കെ തന്നെ. അതായത് മുസ്ലിം വംശഹത്യക്കും മുസ്ലിമുകളുടെ ജീവിതം ദുസഹം ആക്കുന്നതിനുമായി തന്റെ ജീവിതം തന്നെ നീക്കി വെച്ചിട്ടുള്ള ഒരുത്തന്റെ തോളിൽ കയ്യിട്ടു നടക്കുന്ന രാഷ്ട്രീയക്കാരെ ഉന്നതസ്ഥാനങ്ങളിൽ എത്തിക്കുവാനായി മുസ്ലിമുകൾ തന്നെ വിറകുവെട്ടുകയും വെള്ളം കോരുകയും ചെയ്യുന്നു എന്ന ദുരന്ത സമാനമായ കാഴ്ചയാണ് നാം ഇവിടെ കാണുന്നത്.
ഷാജൻ സ്‌കറിയയ്ക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് നേതാക്കന്മാർ ചെയ്തത് തങ്ങളുടെ അവതാര ഉദ്ദേശ്യമായി തിരഞ്ഞെടുപ്പ് കാലങ്ങളിൽ ഇക്കൂട്ടർ ആണയിട്ടു പറയാറുള്ള മുസ്ലിമുകളുടെ ക്ഷേമത്തിനും നന്മയ്ക്കും പുല്ലു വില കല്പിയ്ക്കാതെ തങ്ങളുടെ വയറ്റിപ്പിഴപ്പായ ഇടതു വിരോധത്തിൽ മാത്രം കണ്ണ് വെച്ച് വർത്തമാനം പറഞ്ഞു എന്നതാണ്. വിശ്വസിച്ചു കൂടെ നിന്ന മുസ്ലീമുകളോട് പണ്ട് ബാബ്റി മസ്ജിദ് തകർക്കാൻ കൂട്ട് നിൽക്കുക വഴി ചെയ്തത് പോലെ മറ്റൊരു കൊടിയ വഞ്ചനയാണെന്ന് ഉറക്കെയല്ലെങ്കിലും പതുക്കെയെങ്കിലും പറയാനുള്ള നട്ടെല്ല് മുസ്ലിംലീഗിലെ ഏതെങ്കിലും ഒരു യുവനേതാവെങ്കിലും കാണിച്ചിരുന്നെങ്കിൽ നമുക്ക് ഒരു അല്പമെങ്കിലും പ്രതീക്ഷയുണ്ട് എന്ന് പറയാമായിരുന്നു. ഈ സതീശനും ചെന്നിത്തലയുമെല്ലാം നാളെ മുഖ്യമന്ത്രിയായ ശേഷവും മുസ്ലിം വംശഹത്യയ്ക്ക് ഇതുപോലെ പരസ്യ പിന്തുണ വാഗ്ദാനം ചെയ്യുമ്പോഴും മുസ്ലിം ലീഗ് ഇതേ സഹിഷ്ണുതയുടെ മതേതരരാഷ്ട്രീയം തന്നെ കളിക്കും എന്ന് വേണ്ടേ പ്രതീക്ഷിക്കാൻ?
അനുഭവത്തിൽ നിന്ന് പഠിക്കാത്തവർക്ക് കാലം കരുതി വെച്ചിട്ടുള്ള അനുഭവങ്ങൾ അതികഠിനമായിരിക്കും എന്ന് മാത്രം ഞാൻ കേരളത്തിലെ മുസ്ലീമുകളെ സ്‌നേഹപൂർവ്വം ഓർമിപ്പിക്കുന്നു.
UPDATE: തിരുവഞ്ചൂർ, സുധാകരൻ തുടങ്ങിയ മതേതര പോരാളികളും ഷാജന്റെ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി – അതായത് മുസ്ലീമുകളെപ്പറ്റി നുണകൾ പറഞ്ഞു കൂടുതൽ അപരവൽക്കരിയ്ക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി – ഗോദയിലിറങ്ങിയതായി കേൾക്കുന്നു.