പ്രശസ്ത റേഡിയോ നാടകരചയിതാവും എഴുത്തുകാരനുമായ താമരശ്ശേരി വെഴുപ്പൂർ പുതുക്കുടിവീട്ടിൽ ഹുസൈൻ കാരാടി (72) ഓർമ്മയായി. അർബുദബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച വൈകീട്ട് ആറരയോടെ മരിച്കത്. ബറടക്കം വെള്ളിയാഴ്ച 9.30 ന് കെടവൂർ ജുമാമസ്ജിദിൽ.
രാവിലെ എട്ടേകാൽവരെ താമരശ്ശേരി വെഴുപ്പൂരിലെ പുതുക്കുടി വീട്ടിലും ഒമ്പതേകാൽ വരെ താമരശ്ശേരി ഗവ. യു.പി. സ്‌കൂളിലും പൊതുദർശനത്തിനുവെക്കും.
ടെലിവിഷനും, മൊബൈലും നവ മാധ്യമങ്ങളും സ്വപ്‌നത്തിൽപോലും ഇല്ലാതിരുന്ന കാലത്ത് റേഡിയോയിലൂടെ മലയാളി ശ്രോതാക്കളുടെ മനം കവർന്ന ഹുസൈൻ കാരാടി ഈ രംഗത്ത് അതുല്യവ്യക്തിത്വമാണ്, ഇരുപതാംവയസ്സിൽ ആകാശവാണിയുടെ യുവശക്തി പരിപാടിയിൽ സംപ്രേഷണംചെയ്ത ‘സ്പന്ദന’ത്തിലൂടെയാണ് രംഗത്തുവരുന്നത്. പി്ന്നീട് ‘നാടകരചന: ഹുസൈൻ കാരാടി’ എന്ന് ദശകങ്ങൾ ആകാശ വാണിയിലൂടെ മുഴങ്ങി. ആരോഗ്യവകുപ്പിൽനിന്ന് ഹെഡ്ക്ലാർക്കായാണ് ഔദ്യോഗിക ജീവിതം. ‘നക്ഷത്രങ്ങളുടെ പ്രണാമം’, കാസിമിന്റെ ചെരിപ്പ്, കരിമുകിലിന്റെ സംഗീതം, അടയാളശില, മുസാഫിർ, വിദൂഷകനെ കാണാനില്ല, നാല് പട്ടിക്കുട്ടികൾ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ നോവലുകളും മുച്ചക്രവണ്ടി (അനുഭവക്കുറിപ്പ്), അതിനുമപ്പുറം (നാടകം), അലാവുദ്ദീനും അദ്ഭുതവിളക്കും, കാസിമിന്റെ ചെരിപ്പ്, ആലിബാബയും നാല്പത് കള്ളൻമാരും (ബാലസാഹിത്യം) എന്നീ കൃതികളും അൻപതിലധികം ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം.ടിയുടെ ‘കാല’വും ‘രണ്ടാമൂഴ’വും കോവിലന്റെ ‘തട്ടക’വും യു.എ. ഖാദറിന്റെ ‘ഖുറൈഷിക്കൂട്ട’വുമുൾപ്പെടെ ഒട്ടേറെ പ്രശസ്തകൃതികൾക്ക് ശ്രാവ്യഭാഷയൊരുക്കിി. നവയുഗ ആർട്സിന്റെ സ്ഥാപക സെക്രട്ടറിയും താമരശ്ശേരി പബ്ലിക് ലൈബ്രറി ഭരണസമിതിയംഗവുമായിരുന്നു.
കാരാടിയിലെ ആദ്യകാല ഹോട്ടലുടമയായിരുന്ന പരേതരായ ആലിയുടെയും കുഞ്ഞിപ്പാത്തുമ്മയുടെയും മകനാണ്. ഭാര്യ: ആമിന. മക്കൾ: മുനീർ അലി (തിരക്കഥാകൃത്ത്), ഹസീന. മരുമക്കൾ: സുമയ്യ (ഐ.സി.ഡി.എസ്. സൂപ്പർവൈസർ), എം. ഷിയാസ് (സോഫ്റ്റ് വേർ എൻജിനിയർ, ബെംഗളൂരു).