ദുബൈ: യു.എ.ഇയിൽ കനത്ത മഴ തുടരുന്നു. ബുധനാഴ്ച ഉച്ചവരെ യു.എ.ഇയുടെ പലഭാഗങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
റെക്കോഡ് മഴയും മണ്ണിടിച്ചിലും, മിന്നലും, ആലിപ്പഴ വർഷവും യുഎയിലെ ജനജീവിതം സ്തംഭിച്ചു. കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. അൽഐനിലെ ഖത്തമുൽ ശഖ്‌ലയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളിൽ 254.8 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. വിമാനത്താവളത്തിന്റെ പ്രവർത്തനം അവതാളത്തിലായതിനാൽ ദുബൈയിൽ നിന്നുള്ള ഫ്‌ലൈദുബൈ വിമാനങ്ങൾ റദ്ദാക്കി.
45 ലേറെ വിമാനങ്ങൾ റദ്ദാക്കി. ദുബൈയിലേക്ക് വരുന്ന മുഴുവൻ വിമാനങ്ങളും കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ സമീപ എയർപോർട്ടുകളിലേക്ക് തിരിച്ചുവിടുകയാണ്. ദുബൈയിൽ നിന്നുള്ള ഫ്‌ലൈദുബൈയുടെ ഇന്നലത്തെ മുഴുവൻ സർവീസുകളും റദ്ദാക്കി. പലയിടത്തും റോഡുകൾ തകർന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടം നേരിട്ടു. പലേടത്തും വീടുകളിൽ വെള്ളം കയറി. വെള്ളക്കെട്ടിൽ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങളാണ് കുടിങ്ങിയത്.ഗതാഗതം സ്്തംഭിച്ചതോടെ യാത്രക്കാർ വെള്ളക്കെട്ടിലൂടെ നടന്നുപോകേണ്ടിവന്നു, തിരക്കേറിയ ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു,
അബൂദബി, ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ, അൽഐൻ തുടങ്ങി മിക്ക യു.എ.ഇ നഗരങ്ങളും രൂക്ഷമായ വെള്ളക്കെട്ടിലാണ്. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ മെട്രോ സർവീസുകൾ പലതും റദ്ദാക്കി.
സ്‌കൂളുകളിൽ ഇന്നും ഓൺലൈൻപഠനം തുടരും, സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി..