വെളളിയാഴ്ച ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസൻ നസ്റല്ല ( 64 ) കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. ഹിസ്ബുളള തെക്കൻ മേഖല കമാൻഡർ അലി കരാക്കി ഉൾപ്പെടെ തങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പേജർ സ്‌ഫോടനത്തിനും പ്രമുഖ കമാന്റർമാരുടെ കൊലപാതകത്തിനും ശേഷം ഹിസ്ബുള്ളയുടെ തലവൻതന്നെ കൊല്ലപ്പെട്ടത് ഹിസ്ബുള്ളക്ക് കനത്ത തിരിച്ചടിയാണ്. നസറ്ല്ലയെ ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രണത്തിൽ 300 ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. ആറ് ബഹുനിലകെട്ടിടം തകർന്നു.
സ്‌ഫോടനത്തിന്റെ ആഘാതത്തിൽ തലസ്ഥാനം ഞടുങ്ങി. 85 ലേറെ ബോംബുകൾ ഒരേ സ്ഥലത്ത് വർഷിച്ചതായാണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തിങ്കളാഴ്ച ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ 800 ലേറെ പേരാണ് ലബനനിൽ മരിച്ചത്. ലക്ഷകണക്കിനുപേർ പാർപ്പിടം ഉപേക്ഷിച്ച് അഭയാർഥികളായി മാറി.
ആരാണ് ഹസ്സൻ നസ്‌റള്ള
32 വര്‍ഷമായി ഹിസ്ബുല്ലയുടെ നേതാവാണ് നസ്‌റല്ല. മിഡില്‍ ഈസ്റ്റില്‍ ഇസ്രയേലിനെതിരെ യുദ്ധം ചെയ്യുന്ന ശക്തമായ സംഘടയെന്ന നിലയില്‍ ഇസ്രയേലിന്റെ നോട്ടപ്പുള്ളിയായിരുന്നു. അറബ് ലോകത്ത് ഇസ്രയേലിന് തോറ്റ് പിന്‍മാറേണ്ടിവന്നത് ഹിസ്ബുള്ളയോട് മാത്രമാണ്.
നിരവധി തവണ നസ്‌റുല്ലയെ വധിക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടു. 1995ല്‍ ഇദ്ദേഹത്തെ അമേരിക്ക അന്താരാഷ്ട്ര തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇദ്ദേഹത്തെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ദശലക്ഷം ഡോളറാണ് വാഗ്ദാനം ചെയ്തിരുന്നത്.
1960ല്‍ കിഴക്കന്‍ ലബനാനിലെ കരാന്റിനയിലെ ഷര്‍ഷാബുക്കിലെ ദരിദ്ര ഷിയാ കുടുംബത്തിലാണ് നസ്‌റുല്ലയുടെ ജനനം. ലബനാനിലെ രാഷ്ട്രീയ പ്രസ്ഥാനമായ അമലിന്റെ ഭാഗമായാണ് പൊതുരംഗത്തേക്ക് വന്നത്. പിന്നീട് ഹിസ്ബുള്ള രൂപീകരിച്ചതോടെ പ്രധാന ചുമതലക്കാരനായി നിയോഗിച്ചു.
1992 ഫെബ്രുവരി 16 നാണ് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ സ്ഥാനത്ത് എത്തുന്നത്. സംഘടനയുടെ തലവനായിരുന്ന അബ്ബാസ് അല്‍ മുസാവിയും കുടുംബവും ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് നസ്‌റുല്ല തലപ്പത്തേക്ക് വരുന്നത്. ‘ഞങ്ങള്‍ രക്തസാക്ഷികളായാലും ഞങ്ങളുടെ തലക്ക് മീതെ വീടുകള്‍ തകര്‍ത്താലും ഈ പാതയില്‍ തുടരും. ഇസ്‌ലാമിക പ്രതിരോധ മാര്‍ഗം ഞങ്ങള്‍ ഉപേക്ഷിക്കില്ല’ -എന്നായിരുന്നു അബ്ബാസ് അല്‍ മുസാവിയുടെ മരണാനന്തര ചടങ്ങില്‍ അദ്ദേഹം പ്രഖ്യാപിച്ചത്. തുടര്‍ന്ന് മൂന്ന് പതിറ്റാണ്ട് ഇറാന്‍ അച്ചുതണ്ട് ശ്കതികളുടെ പ്രധാന നേതാവായി മാറി. 22 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം 2000ല്‍ തെക്കന്‍ ലബനാനില്‍നിന്ന് ഇസ്രായേലി സൈന്യത്തിന് പിന്‍വാങ്ങേണ്ടി വന്നത് ഹിസ്ബുള്ളയുടെ പ്രാധാന്യം വര്‍ധിപ്പിച്ചു. 2004ല്‍ ഇസ്രായേലുമായി തടവുകാരെ കൈമാറ്റം ചെയ്യുന്നതിലും ഇദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. ഇതിന്റെ ഫലമായി നൂറുകണക്കിന് ലബനീസ്, അറബ് തടുവകാരെയാണ് ഇസ്രായേല്‍ വിട്ടയച്ചത്.
ഒളിയുദ്ധം, ദീര്‍ഘദൂര റോക്കറ്റുകള്‍, ഡ്രോണ്‍ ഉള്‍പ്പെടെ ഹിസ്ബുളളയുടെ വളര്‍ച്ചയില്‍ നസ്‌റള്ളയാണ് പങ്ക് വഹിച്ചത്. ലബനാനിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായി ഹിസ്ബുല്ലയെ മാറ്റുന്നതിലും വിജയിച്ചു. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിലേക്കുള്ള ഹമാസ് കടന്നുകയറ്റവും തുടര്‍ന്ന് ഗാസക്കെതിരെ ഇസ്രയേല്‍ യുദ്ധവും ആരംഭിച്ചതോടെയാണ് ഹിസ്ബുള്ളയും പോരാട്ടത്തിനിറങ്ങിയത്. ഒടുവില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ടതിനുശേഷം, ഹിസ്ബുള്ള തലവനെയും ഇസ്രയേല്‍ വധിച്ചതോടെ ഫലസ്തീന്‍ പ്രതിരോധത്തിനു കനത്ത ആഘാതമാണ് സംഭവിച്ചിരിക്കുന്നത്.