Home NEWS ഗാസയിൽ യുദ്ധം 26 ദിവസം പിന്നിട്ടു ; മരണ സംഖ്യ കുതിച്ചുയരുന്നു

ഗാസയിൽ യുദ്ധം 26 ദിവസം പിന്നിട്ടു ; മരണ സംഖ്യ കുതിച്ചുയരുന്നു

0
jabalalia camp
ഇസ്രയേൽ ജബലിയ അഭയാർഥി കാംപിൽ ബോംബിട്ട ശേഷം നാട്ടുകാർ രക്ഷാ പ്രവർത്തനം നടത്തുന്നു (ഫയൽ ചിത്രം)

ജബാലിയ അഭയാർത്ഥി ക്യാമ്പിന് നേരെ ചൊവ്വാഴ്ച ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 195 പേർ കൊല്ലപ്പെടുകയും 120 പേരെ കാണാതാവുകയും ചെയ്തതായി ഗാസയിലെ ഉദ്യോഗസ്ഥർ പറയുന്നു, 750 ലേറെ പേർക്ക് പരിക്കുണ്ട്. ബുധനാഴ്ച ഇതേ കാംപിലെ മറ്റൊരു പാർപ്പിട സമുച്ചയവും ബോംബിട്ടു തകർത്തു.
ഗാസയിലെ ഏക കാൻസർ രോഗ ചികിത്സാ കേന്ദ്രമായ ടർക്കിഷ്-പലസ്തീൻ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റൽ ഇന്ധനം തീർന്നതിനെ തുടർന്ന് അടച്ചുപൂട്ടി. ഇന്തോനേഷ്യൻ ആശുപത്രിയിലെ പ്രധാന ജനറേറ്ററും പ്രവർത്തന രഹിതമായി. ഇതോടെ ഗർഭിണികളുടെ വാർഡ് ഉൾപ്പെടെ സേവനം നിലച്ചതായി ആശുപത്രി അധികൃതർ പറയുന്നു.

27 ദിവസം കൊണ്ട് ഇസ്രയേൽ ഗാസ എന്ന കൊച്ചു പ്രദേശത്ത് ( 365 സ്‌ക്വയർ കിലോമീറ്റർ ) 18000 ടൺ ബോംബാണ് വർഷിച്ചു. പ്രതിദിനം 2000 കോടിയിലേറെ രൂപയുടെ ബോംബാണ് ഗാസയുടെ മേൽ ഇട്ടത്. പതിനായിരത്തിലേറെ മരണം. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും പ്രായമായവരും ആണ്. 25000 ത്തോളം പേർക്ക് പരിക്ക്. രണ്ട് ലക്ഷം കെട്ടിടങ്ങൾക്ക് സാരമായ കേട് പറ്റി. 32,500 കെട്ടിടങ്ങൾ പൂർണമായും തകർന്നു.കെട്ടിടങ്ങൾ ഭൂരിപക്ഷവും പാർപ്പിടങ്ങളാണ് . 23 ലക്ഷം ജനങ്ങളിൽ 14.5 ലക്ഷം ജനം ഭവന രഹിതരായി. കെട്ടിടങ്ങളുടെ അടിയിൽപ്പെട്ടവരുടെ കൃത്യമായ കണക്കില്ല. സ്‌കൂളുകൾ. ആശുപത്രി, കച്ചവട സ്ഥാപനങ്ങൾ എന്നിവയെല്ലാം ഇടതടവില്ലാതെ ബോംബി്ട്ട് തകർക്കുകയാണ്.
വെസ്റ്റ് ബാങ്കിലും ഫലസ്തീനികൾ നിരന്തരം ആക്രമണത്തിനും വിധേയമാകുന്നു. പുതിയ സംഘർഷത്തിലും 110 ലേറെ ഫലസ്തീനികൾ വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടു. 2000 ത്തോളം പേർ അറസ്റ്റിലുമായി. വെസ്റ്റ് ബാങ്ക് കലാപകലുഷിതമായിരിക്കുന്നു. ഗസയുടെ വടക്കുളളവരെ തെക്കോട്ട് മാറുന്നതിനു നിർദ്ദേശിച്ചതിനാൽ ലക്ഷങ്ങൾ തെക്കോട്ട് പലായനം ചെയ്തിരുന്നു. എന്നാൽ തെക്കും ഭാഗത്തും വ്യാപകമായ ബോംബ് വർഷിക്കുന്നു. 281 മരിച്ചവരെ തിരിച്ചറിയാതെ കബറടക്കേണ്ടിവന്നതായും ഗാസ അൽജസീറ റിപ്പോർട്ട് ചെയ്തു. കരയുദ്ധവും രൂക്ഷമായി തുടരുന്നു.
ഇതിനിടെ യുദ്ധത്തിനെതിരെ ലോക വ്യാപകമായ പ്രതിഷേധം ശക്തമാവുകയാണ്. അമേരിക്ക, ബ്രിട്ടൻ തെരുവുകളിൽ ലക്ഷങ്ങളാണ് വെടിനിർത്തൽ ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version