Home NEWS KERALA കേരള കത്തോലിക്കാ മെത്രാൻ സമിതിയുടേത് സാമൂഹിക അവിവേകവും രാഷ്ട്രീയ നിരക്ഷരതയും : ഫാദർ അജി പുതിയാപറമ്പിൽ

കേരള കത്തോലിക്കാ മെത്രാൻ സമിതിയുടേത് സാമൂഹിക അവിവേകവും രാഷ്ട്രീയ നിരക്ഷരതയും : ഫാദർ അജി പുതിയാപറമ്പിൽ

0
WAKAF BILL

വഖഫ് ബില്ലിനെ പരസ്യമായി പിന്തുണച്ചതും അങ്ങനെ ചെയ്യാൻ കേരളത്തിലെ എം.പി. മാരോട് ആവശ്യപ്പെട്ടതും തികഞ്ഞ രാഷ്ട്രീയ പാപ്പരത്തമായെന്ന കാര്യത്തിൽ സംശയമേതുമില്ല.അതീവ സെൻസിറ്റീവായ വഖഫ് വിഷയത്തിൽ ഇങ്ങനെയായിരുന്നോ ഇടപെടേണ്ടിയിരുന്നത്? കേരള കത്തോലിക്കാ മെത്രാൻ സമിതി ഇനിയെങ്കിലും ആത്മപരിശോധന നടത്തണം.

വഖഫ് ബില്ലിന്റെ സ്ഥാനത്ത് ചർച്ച് ബിൽ ആയിരുന്നു എന്ന് കരുതുക. മെത്രാൻ സമിതി ചെയ്തതുപോലെ ഇവിടുത്തെ മുസ്ലീം നേതൃത്വം പെരുമാറിയാൽ ക്രിസ്ത്യൻ സമൂഹത്തിന് എന്താണ് തോന്നുക? എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ!
ആ ബില്ലിൽ സഭാ സ്വത്തുക്കളുടെ മാനേജ്‌മെന്റ് കമ്മിറ്റിയിൽ അക്രൈസ്തവരായ രണ്ടു പേർ ഉണ്ടാകുമെന്നറിഞ്ഞിട്ടും മുസ്ലീം സമൂഹം അതിനെ ശക്തമായി പിന്തുണച്ചാൽ അവരോട് ഇവിടുത്തെ ക്രിസ്ത്യൻ സമൂഹത്തിന് സൗഹൃദം തോന്നുമോ?
ഇനി മുതൽ അക്രൈസ്തവരായ ആരും ക്രൈസ്തവർക്ക് സ്വത്ത് ദാനം ചെയ്യാൻ പാടില്ല എന്ന വ്യവസ്ഥ ആ നിയമത്തിൽ ഉണ്ടെന്നറിഞ്ഞിട്ടും അവർ അതിനെ പിന്തുണച്ചാൽ എന്തായിരിക്കും നമ്മുടെ നിലപാട് ?
എന്നാൽ മനസ്സിലാക്കുക; നിലവിൽ പാസായ വഖഫ് ബില്ലിൽ (Unified Waqf Management Enforcement Efficiency Development (UMEED)) മേല്പറഞ്ഞ ഭരണഘടനാ വിരുദ്ധമായതും മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ വകുപ്പുകൾ ഉണ്ട്. നിയമത്തിന്റെ കരട് വായിക്കാതെയാണോ മെത്രാൻമാർ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചത്? ആകാൻ വഴിയില്ല.
ബില്ലിനെ പിന്തുണയ്ക്കാൻ പരസ്യമായി ആവശ്യപ്പെട്ടതിലൂടെ വളരെ അപകടകരമായ ഒരു രാഷ്ട്രീയ സാമുദായിക വിഭജന ഫോർമുലയാണ് കെ.സി. ബി.സി. പാർലമെന്റ് അംഗങ്ങളുടെ മുന്നിൽ വച്ചത് : ‘ഒന്നുകിൽ ഞങ്ങളോടൊപ്പം; അല്ലെങ്കിൽ അവരോടൊപ്പം’ ഇങ്ങനെയൊരു വിഭജന സമവാക്യം വേണമായിരുന്നോ ?? രാഷ്ട്രീയ അക്ഷരജ്ഞാനം അശേഷമില്ലാത്ത ആരുടെയോ
തലയിലുദിച്ച അവിവേകമാണിത്. കഷ്ടം
ഒന്നു ചിന്തിക്കുക…
ഒരു ദേശീയ പാർട്ടിക്ക് പ്രാദേശിക വിഷയങ്ങളെ മാത്രം അടിസ്ഥാനമാക്കി തീരുമാനം എടുക്കാൻ പറ്റുമോ? കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നിർദ്ദേശം ആഗോള കത്തോലിക്കാ സഭ അതുപോലെ കണക്കിലെടുക്കണം എന്നുണ്ടോ? പോട്ടെ, ഇവിടുത്തെ പ്രാദേശിക പാർട്ടികൾ പോലും മെത്രാൻ സമിതിയുടെ അഭ്യർഥന നിരസിച്ചു. (ഇങ്ങനെ ഒരു സാഹചര്യം തീർത്തും ഒഴിവാക്കേണ്ടതായിരുന്നു).
വഖഫ് ഭേദഗതി ബിൽ ഒരു ക്രിസ്ത്യൻ മുസ്ലീം പ്രശ്‌നമായി കേരളത്തിൽ അവതരിപ്പിക്കാനും അതിലൂടെ സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനും ആരൊക്കെയോ ആഗ്രഹിച്ചിരുന്നു എന്നു വേണം കരുതാൻ . അവരതിന്റെ സ്‌ക്രിപ്റ്റും സെറ്റും തയ്യാറാക്കി. അറിഞ്ഞോ അറിയാതെയോ , കെ. സി. ബി. സി. യും അതിന്റെ ഭാഗമായി.
വഖഫ് ബോർഡുമായി കേസുകൾ നടത്തുന്നത് ക്രിസ്ത്യാനികൾ മാത്രമാണോ? ഇന്ത്യയിൽ വഖഫ് ബോർഡിനെതിരെ നാല്പതിനായിരത്തിലധികം കേസുകളുണ്ട് (40951). അതിൽ പതിനായിരത്തോളം കേസുകൾ (9942) മുസ്ലീം കമ്മ്യൂണിറ്റിയിൽ നിന്നാണ്. കേരളത്തിലും , വിവിധ മതങ്ങളിലും പാർട്ടികളിലും പെട്ടവർ വഖഫ് ബോർഡുമായി കേസ് നടത്തുന്നുണ്ട്.
മുനമ്പത്തും ഉണ്ട് വിവിധ മതങ്ങളിലുള്ളവർ. നിലവിലെ വഖഫ് നിയമത്തിൽ ചില ഭേദഗതികൾ വേണമെന്ന് ആഗ്രഹിച്ചിരുന്നവരാണ് അവരൊക്കെ. ഇതൊന്നും അറിയാതെയും പഠിക്കാതെയുമാണോ മെത്രാൻ സമിതി ഈ വിഷയത്തിൽ ഇടപെട്ടത്?
ഇത്തരം രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചതിന് പിന്നിൽ മുനമ്പം ജനതയുടെ പ്രശ്‌നം പരിഹരിക്കുക മാത്രമായിരുന്നോ ലക്ഷ്യം എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താൻ കഴിയുമോ?
പ്രതിപക്ഷം എതിർത്താലും
വഖഫ് ബിൽ പാസാക്കാനുള്ള അംഗബലം ഭരണപക്ഷത്തിനുണ്ട് എന്നത് ഏത് രാഷ്ട്രീയ വിദ്യാർഥിക്കും അറിയുന്ന കാര്യമല്ലേ? എന്നിട്ടും എന്തുകൊണ്ടാണ് വളരെ അപകടം നിറഞ്ഞതും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതുമായ സാമുദായിക ധ്രുവീകരണ ഫോർമുലമായി കെ.സി.ബി.സി. മുന്നോട്ട് വന്നത്??? അതറിയാൻ ഓരോ കത്തോലിക്കാ വിശ്വാസിയും താൽപര്യപ്പെടുന്നുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version