ഡൽഹി: 18 -ാം ലോക്്സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. ഇന്നും നാളെയും ലോക്‌സഭാ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും.
പ്രോ ടെം സ്പീക്കർ ഭർതൃഹരി മെഹ്താഭിന്റെ മുമ്പാകെ ലോക്‌സഭാ അംഗങ്ങൾ ഇന്ന് രാവിലെ മുതൽ സത്യപ്രതിജ്ഞ ചെയ്ത് തുടങ്ങും. 26 നാണ് സ്പീക്കർ തെരഞ്ഞെടുപ്പ് . 27 നു രാജ്യസഭയും സമ്മേളിക്കും. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യും.
ഇതിനിടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്സഭാംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതിൽ പ്രോടേം സ്പീക്കർ ഭർതൃഹരി മഹ്താബിനെ സഹായിക്കാനുള്ള പാനലിൽ ഉൾപ്പെട്ട പ്രതിപക്ഷ ഇന്ത്യാ ബ്ലോക്ക് എംപിമാർ തങ്ങളുടെ ചുമതലകൾ നിർവഹിക്കില്ലെന്ന് ഇൻഡ്യ സഖ്യത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച്് ഇന്ത്യാ ടുഡേ റിപ്പോർട്ട്് ചെയ്തു. എട്ട് തവണ കോൺഗ്രസ് എംപിയായ കെ സുരേഷിന് പകരം ബി ജെ പി നേതാവും ഏഴ് തവണ അംഗവുമായ ഭർതൃഹരി മഹ്താബിനെ ലോക്സഭയുടെ പ്രോടേം സ്പീക്കറായി നിയമിച്ചതിലെ പ്രതിഷേധമാണ് ചുമതല നിർവഹിക്കേണ്ടതില്ലെന്ന തീരുമാനത്തിനു കാരണം.
മഹ്താബിനെ സഹായിക്കാൻ കെ സുരേഷ് (കോൺഗ്രസ്), ടി ആർ ബാലു (ഡിഎംകെ), രാധാ മോഹൻ സിംഗ്, ഫഗ്ഗൻ സിംഗ് കുലസ്‌തെ (ഇരുവരും ബി ജെ പി), സുദീപ് ബന്ദ്യോപാധ്യായ (ടിഎംസി) എന്നീ അഞ്ച് മുതിർന്ന അംഗങ്ങളെ രാഷ്ട്രപതി നാമകരണം ചെയ്തിരുന്നു,
കൂടാതെ, ഇന്ത്യൻ ബ്ലോക്കിലെ ലോക്സഭാ എംപിമാർ തിങ്കളാഴ്ച രാവിലെ പാർലമെന്റ് സമുച്ചയത്തിൽ ഒത്തുകൂടുമെന്നും 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന്റെ ആദ്യ ദിവസം ഒരുമിച്ച് സഭയിലേക്ക് എത്തുമെന്നുമാണ് റിപ്പോർട്ട്്്.
2019 നെ്അപേക്ഷിച്ചു ശക്തമായ പ്രതിപക്ഷ നിരയാണ് മൂന്നാം മോദി സർക്കാരിനു നേരിടാനുള്ളത്. രാജ്യത്തെ ഞെട്ടിച്ച നീറ്റ് പരീക്ഷ ക്രമക്കേട്, തിരഞ്ഞടുപ്പ് ഫല പ്രഖ്യാപനത്തോട് അനുബന്ധിച്ച് നടന്ന ഓഹരി കുംഭ കോണം എന്നിവ പാർലമെന്റിൽ പ്രധാന ചർച്ചയാകുമെന്നാണ് വിവരം