Home NEWS KERALA വ്യാജ സർട്ടിഫിക്കറ്റ് കേസ് കെ.വിദ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും

വ്യാജ സർട്ടിഫിക്കറ്റ് കേസ് കെ.വിദ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും

0

വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ പിടിയിലായ എസ്എഫ്‌ഐ മുൻ നേതാവ് കെ.വിദ്യയുടെ അറസ്റ്റ് രാവിലെ രേഖപ്പെടുത്തും. തുടർന്ന് ഉച്ചയോടെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. ഇന്നലെ കോഴിക്കോട് മേപ്പയൂർ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിൽനിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്.
വിദ്യയെ കണ്ടെത്തുന്നതിനു പൊലീസ് ശ്രമിക്കുന്നില്ലെന്ന പരാതി ആക്ഷേപം ഉയരവെയാണ് വിദ്യ പിടിയിലായത്.

കാലടി സംസ്‌കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ കെ.വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്‌സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാനും, പാലക്കാട് അട്ടപ്പാടി ആർജിഎം ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ ഇന്റർവ്യൂവിനു എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.

അട്ടപ്പാടി ആർജിഎം കോളേജിൽ നിയമനത്തിനു 2018 ജൂൺ 4 മുതൽ 2019 മാർച്ച് 31 വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തിൽ പഠിപ്പിച്ചിരുന്നുവെന്നാണ് രേഖ ഹാജരാക്കിയത്.
ജൂൺ 6ന് എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസ് പിന്നീട് പാലക്കാട് അഗളി പൊലീസിനു കൈമാറുകയായിരുന്നു. വ്യാജരേഖ ചമയ്ക്കൽ (ഐപിസി 465), വഞ്ചിക്കാൻ വേണ്ടി വ്യാജരേഖയുണ്ടാക്കൽ (468), യഥാർഥ രേഖയെന്ന മട്ടിൽ അത് ഉപയോഗിക്കൽ (471) എന്നീ കുറ്റങ്ങളാണു കേസിലുള്ളത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version