.പത്തനംതിട്ടയിലെ ഇടതുമുന്നണി സഥാനാർഥി ഡോ. തോമസ് ഐസക്ക്് പത്രിക സമർപ്പിച്ചു. ആയിരകണക്കിനു പ്രവർത്തകരുടെ റാലിയോടെയാണ്
കളക്ടറേറ്റിലെത്തി പത്രിക സമർപ്പിച്ചത്. മന്ത്രിമാരായ വീണ ജോർജ്, വിഎൻ വാസവൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
പോരാട്ടത്തിന് പത്രിക സമർപ്പിച്ചു. ഇത് ചരിത്രപ്രധാനമായ പോരാട്ടം. ഇന്ത്യ എന്ന രാജ്യം ഭരണഘടനാധിഷ്ഠിതമായി നിലനിൽക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കപ്പെടുന്ന പോരാട്ടം. ഫാസിസത്തോട് പുഞ്ചിരിക്കാത്തവർ മാത്രം വിജയിക്കേണ്ട പോരാട്ടം.
ഈ പോരാട്ടത്തിന്റെ ആവേശം ഉൾക്കൊണ്ട് പത്രിക സമർപ്പണത്തിന് ധാരാളം പ്രവർത്തകർ എത്തി. ഈ പോരാട്ടം നാം വിജയിക്കുമെന്ന ആത്മവിശ്വാസം ഓരോ മുഖത്തും തെളിഞ്ഞു. അതേ, പത്തനംതിട്ട ഈ പോരാട്ടത്തിൽ വിജയിക്കും… എന്നാണ് പത്രിക സമർപ്പണത്തിനുശേഷം തോമസ് ഐസക്ക് ഫേസ്ബക്കിൽ കുറിച്ചത്.
വീടോ മറ്റ് സ്വത്തോ ഇല്ലെന്നും പുസ്തകങ്ങൾ മാത്രമാണ് സമ്പാദ്യമെന്നും തോമസ് ഐസക്ക് പത്രികയോടൊപ്പം സമർപ്പിച്ച് സത്യവാങ് മൂലത്തിൽ പറയുന്നു. ആകെ സ്വത്ത് 20,000 പുസ്തകങ്ങളാണ്. ഇതിന് 9.6 ലക്ഷം രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. ഈ പുസ്തകങ്ങൾ തിരുവനന്തപുരത്തെ സഹോദരൻറെ വീട്ടിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും പറയുന്നു. ചിട്ടിയും നിക്ഷേപങ്ങളും കൈരളി ചാനൽ ഓഹരിയുമടക്കം 3.7 ലക്ഷംരൂപയുടെ നിക്ഷേപമാണുള്ളതെന്നും സത്യവാങ് മൂലത്തിൽ പറയുന്നു.